മേൽപ്പറഞ്ഞ പ്രകാരത്തിൽ ഒരു പത്രകാര്യാലയത്തിൽ കടന്നു, കുട്ടിത്തരം റിപ്പോർട്ടറുടെ പണി ശീലിച്ചുകഴിഞ്ഞ ഒരുവന്, സ്വന്തം വിവേകത്തെ ആശ്രയിച്ചു ചുമതലയേല്ക്കാവുന്ന അടുത്ത ഉയർന്ന പണി ഡിസ്ട്രിക്ട് റിപ്പോർട്ടറുടേതാണ്. ഈ പണിയിൽ, ഡിസ്ട്രിക് റിപ്പോർട്ടർ, ആ ഡിസ്ട്രിക്ടിലെ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം തന്റെ പത്രത്തിന്റെ അധിപർ നിർവാഹകൻ, വൃത്താന്തനിവേദകൻ എന്നീ സ്ഥാനങ്ങളെയൊക്കെ ഒന്നായി ഭരിക്കുന്നവനായിരിക്കുന്നു. അവന്നു തന്റെ പ്രവൃത്തികളെ നേർവഴിയിൽ നടത്തുന്നതിലേക്കു തന്റെ യുക്തായുക്തവിചാരബുദ്ധി മാത്രമേ അടുത്ത സഹായി ആയിട്ടുള്ളൂ. അവനു ഒന്നാമതായി ചെയ്യേണ്ടത്, ആ ഡിസ്ട്രിക്ടിലെ പ്രമാണപ്പെട്ട ആളുകളെപ്പറ്റിയ സകലവിവരങ്ങളും ഗ്രഹിപ്പാനും അവരെ പരിചയപ്പെടുവാനുമാണ്; ആ ഡിസ്ട്രിക്ടിൽ അപ്പോൾ നടന്ന പ്രധാന കാര്യങ്ങളെയും അതോടുകൂടെ മനസ്സിലാക്കേണ്ടതാണ്. അവിടെ നടക്കുന്ന എല്ലാ പൊതുക്കാര്യങ്ങളിലും അവൻ ഉത്സുകനായിരിക്കണം. ആ ഡിസ്ട്രിക്ടിലേക്കു തന്റെ പത്രം വേണം നായകനായിരിപ്പാൻ എന്നാകുന്നു അവൻ ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടത്.
ഡിസ്ട്രിക്ട് റിപ്പോർട്ടർ പ്രത്യേകം സൂക്ഷിച്ചു പ്രവർത്തിക്കേണ്ട സംഗതികൾ ചിലതുണ്ട്. അവന്റെ ആഖ്യാനങ്ങളിൽ യാതൊരാളുടെയും പേരുവിവരം തെറ്റിപ്പോകരുത്. കെ. രാമൻമേനോനുപകരം എൻ. രാഘവപിള്ള എന്നോ, മാധവൻപിള്ളയ്ക്കു പകരം മാതേവൻപിള്ള എന്നോ, മറ്റോ എഴുതിപ്പോകരുത്. ചില പത്രക്കാർ ചിലരുടെ ഭാര്യമാരെക്കൂടിയും 'വകമാറ്റം' ചെയ്തുകണ്ടിട്ടുണ്ട്. രാമൻനായരുടെ ഭാര്യയുടെ പേര് പി.കെ. ഭാരതി അമ്മ എന്നും, കൃഷ്ണമേനവന്റെ ഭാര്യയുടെ പേര് ബി. എ. ഭാരതി അമ്മ എന്നും ആയിരുന്നാൽ, രാമൻനായരുടെ ഭാര്യയെ ബി.എ. ഭാരതി അമ്മയായും, കൃഷ്ണമേനോന്റെ ഭാര്യയെ പി.കെ. ഭാരതി അമ്മയായും തെറ്റിച്ചെഴുതിയാലുണ്ടാകുന്ന മര്യാദകേട് എന്തുമാത്രമായിരിക്കുമെന്നോർക്കേണ്ടതാണ്. ആകയാൽ, ആളുകളുടെ പേരുവിവരം വളരെ സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞ് സന്ദേഹങ്ങൾ നീക്കിവേണം എഴുതുവാൻ. അതിന്മണ്ണംതന്നെ, ഒരുവൻ