തോന്നുകയില്ല. ഇതോടുകൂടി മറ്റു പത്രങ്ങളിൽ അതേ കാര്യങ്ങളെപ്പറ്റി തന്നെക്കാൾ പഴമപരിചയമുള്ളവർ ഏതു വിധത്തിൽ റിപ്പോർട്ടു എഴുതിയിരിക്കുന്നു എന്നു പഠിക്കുന്നതും പ്രയോജനകരമായിരിക്കും. ഇതുമെന്നിയേ, തന്റെ സാഹിത്യനൈപുണ്യത്തെ മെച്ചമാക്കുവാൻ ഉത്സാഹിച്ചുകൊണ്ടിരിക്കുകയും വേണം. അവൻ അത്യാവശ്യം പഠിക്കേണ്ട വിഷയങ്ങളെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ നിരന്തരം വായിക്കണം. പ്രസിദ്ധന്മാരായ ഗ്രന്ഥകർത്താക്കന്മാരുടെ കൃതികളായിരുന്നാൽ, അവ അവന്റെ വാചകഘടനാരീതിയെ നന്നാക്കുവാൻ ഉപകാരപ്പെടുന്നതാണ്. കുട്ടിത്തരം റിപ്പോർട്ടർക്കു എന്നു വേണ്ടാ, റിപ്പോട്ടർമാർക്കൊക്കെ, അവശ്യം ആവശ്യകമായുള്ള ചില പുസ്തകങ്ങൾ ഉണ്ട്. ഇവ അവർക്ക് അപ്പഴപ്പോൾ സഹായമായിരിക്കുമാറുണ്ട്. ചിലപ്പോൾ, ഒരു വാക്കിലെ അക്ഷരങ്ങളിൽ സംശയമുണ്ടായേക്കാം; പ്രസ്ഥാപിക്കുകയോ, പ്രസ്താപിക്കുകയോ, പ്രസ്ഥാവിക്കുകയോ, പ്രസ്താവിക്കുകയോ ഏതാണ് സുബദ്ധം? ഷഷ്ടിപൂർത്തിയോ, ഷഷ്ഠിപൂർത്തിയോ? ഷഷ്ടമോ? ഷഷ്ഠമോ? ശ്രേഷ്ഠനോ ശ്രേഷ്ടനോ? കുഷ്ടമോ? കുഷ്ഠമോ? ഇങ്ങനെ പല സന്ദേഹങ്ങളും നേരിട്ടേക്കാം. ചില പദങ്ങളുടെ അർത്ഥം എന്തെന്നു നിശ്ചയം ഉണ്ടായിരിക്കയില്ലാ; ഇതു നോക്കി അറിയേണ്ടിവരും. ഇതിന്നൊക്കെ ഒരു നല്ല 'നിഘണ്ടു' കൈക്കലുണ്ടായിരിക്കേണ്ടതാവശ്യമാണ്. എന്തെന്നാൽ സംസ്കൃതപദങ്ങൾ പ്രയോഗിപ്പാനുള്ള 'മോഹ'ത്തിൽ ചിലപ്പോൾ ".....താലൂക്കുകച്ചേരിയിലെ ഗുമസ്തന്റെ തോന്ന്യാസങ്ങളെ തഹസീർദാർ ഉല്ലംഘിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു".....എന്നു ലേഖകന്മാർ എഴുതുകയും, പത്രാധിപന്മാർ സമ്മതിച്ചുവിടുകയും ചെയ്യുന്നതിനു, ഉല്ലംഘിക്കുകയുടെ അർത്ഥം ഒരു നിഘണ്ടുവിൽ നോക്കി അറിഞ്ഞിരുന്നാൽ സംഗതിയാകയില്ല. നിഘണ്ടുവിനൊപ്പം അതവശ്യമായ മറ്റു ചില പുസ്തകങ്ങളും ഉണ്ട്; ഇവ ഇംഗ്ലീഷിലുള്ളതുപോലെ മലയാളത്തിലില്ലാത്തതും മലയാളപത്രക്കാർക്കു സങ്കടഹേതുതന്നെയാണ്. അകാരാദിക്രമത്തിലുള്ള മഹച്ചരിതസ്സംഗ്രഹങ്ങൾ, പ്രസിദ്ധപ്പെട്ട സംഭവങ്ങളുടെ തീയതികൾ, രാജ്യകാര്യവിവരങ്ങൾ, ഇങ്ങനെ അനേകവിഷയങ്ങളിൽ പത്രക്കാരനു എന്നല്ല, സാധാരണ വായനക്കാർക്കെല്ലാം 'സഹായി'കൾ ആയ ശബ്ദഭണ്ഡാഗാരങ്ങൾ പത്രക്കാരന്റെ കൈക്കൽ ഉണ്ടായിരിക്കണം.
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/37
ദൃശ്യരൂപം