താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചെയ്ത പ്രസംഗത്തെ മറ്റൊരാളുടെ മുഖത്തുനിന്നു പുറപ്പെട്ടതാണെന്നു വരുത്തതുത്. ആളുകൾക്കു അതു ചിലപ്പോൾ "കട്ടുനേടിയ യശസ്സ്" ആയിട്ടും, മറ്റുചിലപ്പോൾ അപയശസ്സായിട്ടും ഭവിച്ചേക്കും. സന്ദേഹമുള്ളപക്ഷത്തിൽ ഊഹത്തെ ആശ്രയമാക്കിക്കൊണ്ടു എഴുതരുത്; വാസ്തവമെന്തെന്ന് അന്വേഷിച്ചതിന്റെ ശേഷം മതി എഴുതുവാൻ. ഡിസ്ട്രിക്ട് റിപ്പോർട്ടർ തന്റെ അതിരിനുള്ളിൽ നടക്കുവാൻ പോകുന്ന എല്ലാകാര്യങ്ങൾക്കും ദിനസരിക്കുറിപ്പു വെയ്ക്കയും, അതതു ദിവസങ്ങളിൽ അതതു കാര്യങ്ങളെ അന്വേഷിച്ചുകൊള്ളുകയും വേണ്ടതാണ്. ചിലപ്പോൾ ചില പ്രധാനപ്പെട്ട സംഭവങ്ങൾ തന്റെ അയൽസ്ഥലത്തു ഉണ്ടായേക്കാം; അവയെപ്പറ്റി താൻതന്നെ പോയിരുന്നു വൃത്താന്തമെഴുതുന്നതിന്നു പോകുവാൻ സാധിക്കുകയില്ലെങ്കിൽ, ആ സ്ഥലത്തുള്ള ഒരു വിശ്വസ്ഥനെ ഭാരമേല്പിച്ചു റിപ്പോർട്ടു വരുത്തുന്നതു യുക്തമായിരിക്കും. ചിലപ്പോൾ, സംഭവ റിപ്പോർട്ടുകൾ, പ്രസംഗങ്ങൾ എന്നിങ്ങനെയുള്ളവ കാലേക്കൂട്ടി തയ്യാറാക്കിട്ടുണ്ടായിരിക്കും. അവയെ മുൻ‌കൂട്ടിമേടിച്ചു സംഗ്രഹിച്ചുവെയ്ക്കാം. അതിലേക്കായും മറ്റും അതതു ആളുകൾക്കു നേരത്തെ കത്തെഴുതി മറുപടി വരുത്താവുന്നതാണ്. തന്റെ ഡിസ്ട്രിക്ടിലെ ഏതേതു കാര്യങ്ങളെപ്പറ്റിവേണം റിപ്പോർട്ട് എഴുതുവാൻ എന്നു പത്രാധിപർക്കു എഴുതി വിവരം അറിഞ്ഞിരിക്കണം. താൻ എഴുതി അയക്കുന്ന ലേഖനത്തിൽനിന്നു ഏറെക്കുറെ യാതൊന്നും തടഞ്ഞുകളയാതിരിക്കേണമെങ്കിൽ, പത്രാധിപർക്കു ആ സംഗതിയെക്കുറിച്ചു മുൻകൂട്ടി വിവരം ഉണ്ടായിരിക്കേണ്ടതാണല്ലോ. തനിക്ക് അതതു ലക്കത്തിൽ ഇത്രയിത്ര പംക്തി ആവശ്യപ്പെടുമെന്നും, ഇന്നയിന്ന കാര്യങ്ങൾ വരാൻ പോകുന്നു എന്നും റിപ്പോർട്ടർ പത്രാധിപരെ കാലേകൂട്ടി അറിയിച്ചിരുന്നാൽ, പത്രാധിപർ അതിലേക്കു മുൻകരുതൽ ചെയ്തിരിക്കും. തനിക്കും തന്റെ റിപ്പോർട്ടിനെ കൗതുകത്തോടെ പ്രതീക്ഷിക്കുന്ന തന്റെ ഡിസ്ട്രിക്ട് വായനക്കാർക്കും ആശാഭംഗത്തിന് ഇടവരാതിരിക്കയും ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ ഡിസ്ട്രിക്ട് റിപ്പോർട്ടർ ഏറെക്കുറെ ഒരു പത്രാധിപർക്കൊപ്പം ഗുണാഗുണവിവേചനം ചെയ്യണം. പിന്നെ ഒരുകാര്യം ഓർമ്മവെക്കേണ്ടതു, റിപ്പൊർട്ടർക്കു പത്രാധിപരെപ്പോലെ അജ്ഞാതനാമാവായിരിപ്പാൻ സാധിക്കയില്ലെന്നതാണ്.