Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഷ, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ അവർകളുടെ മേഘദൂത്, കുമാരസംഭവം, ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ: ഇങ്ങനെ പല പ്രസിദ്ധപ്പെട്ട ഗദ്യപദ്യഗ്രന്ഥങ്ങൾ വായിച്ചിരിക്കേണ്ടതാണ്. ഈ ഗ്രന്ഥങ്ങളിൽനിന്നു എടുത്തു പറയുന്ന സാരോപദേശങ്ങൾ മുതലായവയെ ശരിയായി എഴുതിക്കൊള്ളുവാൻ ഉദ്ദേശിച്ചു മാത്രമല്ലാ ഇവ വായിക്കേണ്ടത്: ഭാഷയിൽ നൈപുണ്യം ഉണ്ടാകുന്നതിനും ഇവയുടെ പാരായണം പ്രയോജനകരമായിരിക്കും.

നിസ്സംശയമായും, പത്രക്കാരന്റെ യോഗ്യതകളിൽ മറ്റൊന്നു, തന്റെ രാജ്യത്തിന്റെ ചരിത്രം അറിഞ്ഞിരിക്കയാണ്. തന്റെ രാജ്യത്തിന്റെ മാത്രമല്ല, അയൽരാജ്യങ്ങളുടെയും ഭരണചരിതങ്ങൾ നല്ലവണ്ണം പഠിച്ചിരിക്കണം. ഇന്നു നടക്കുന്ന പല രാജ്യകാര്യങ്ങളും, മുമ്പു, എത്രയോ കാലത്തിനപ്പുറം, നടന്ന പലേ ഭരണതന്ത്രങ്ങളുടെ ഫലങ്ങളാണ്. തിരുവിതാംകൂറിലെ പത്രകാരന് തന്റെ രാജ്യത്തെ സ്ഥാപിച്ച മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയോ, രാമയ്യൻദളവ, രാജാകേശവദാസ്, സർ. ടി. മാധവരായർ മുതലായ രാജ്യകാര്യധുരന്ധരന്മാരുടെയോ; അത്രയുമല്ല, രാജ്യഭരണത്തെ ദൂഷ്യപ്പെടുത്തിയിരുന്ന ബാലരാമവർമ്മ മഹാരാജാവിന്റെയോ, രാജ്യത്തിൽ കലഹകർത്താക്കന്മാരായിരുന്ന തമ്പിമാരുടെയോ എട്ടുവീട്ടിൽ പിള്ളമാരുടേയോ, കാലത്തെ ചരിത്രങ്ങൾ അറിഞ്ഞിട്ടില്ലെങ്കിൽ, അദ്യതനകാലത്തെ ഭരണചരിത്രങ്ങൾ സുഗ്രഹമായിരിക്കയില്ല. അതിന്മണ്ണം, കൊച്ചിരാജ്യചരിത്രത്തിലെയും പ്രധാന സംഭവങ്ങൾ അറിഞ്ഞിരിക്കേണ്ടത്, ഈ അയൽരാജ്യങ്ങൾ തമ്മിലുള്ള നിലയെപ്പറ്റിയ സൂക്ഷ്മജ്ഞാനത്തിന് അവശ്യം തന്നെയാകുന്നു. മലബാർ പത്രക്കാരർ പണ്ടത്തെ മലബാർ ചരിത്രം അവശ്യം അറിഞ്ഞിരിക്കേണ്ടതാകുന്നു. കോഴിക്കോട്ടു സാമൂതിരിപ്പാടും ലന്തക്കാർ തുടങ്ങിയ വിദേശികളും തമ്മിലുണ്ടായിരുന്ന സഖ്യം, ടിപ്പുവിന്റെ ആക്രമം, സാമൂതിരിപ്പാടും, കൊച്ചിരാജാവു മുതലായ നാടുവാഴികളും തമ്മിൽ പണ്ടുണ്ടായ പോരുകൾ; ഇങ്ങനെ പല പല ചരിത്രങ്ങളും ഗ്രഹിച്ചിരിക്കേണ്ടതായിട്ടുണ്ട്. വിശേഷിച്ച്; മലയാളപത്രക്കാരൊക്കെ പൊതുവായി അറിഞ്ഞിരിക്കേണ്ട ചരിത്രം ഇന്ത്യയുടെ പുരാതനവും അർവ്വാചീനവും അദ്യതനവും ആയ ചരിത്രമാണ്. ബ്രിട്ടീഷ് സാമ്രാജ്യ