താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരിത്രജ്ഞാനവും അവിഹിതമല്ലാ. ഇവയ്ക്കെല്ലാറ്റിനും പുറമെ, മുഖ്യമായി അറിഞ്ഞിരിക്കേണ്ടത് ലോകത്തിന്റെ ദിനേദിനേയുള്ള ചരിത്രമാണ്; ഇതിലേക്ക്, പത്രക്കാരൻ അന്നന്നു പ്രസിദ്ധീകരിക്കുന്ന വർത്തമാനപത്രങ്ങൾ വായിച്ചുകൊണ്ടിരിക്കണം.

സ്വപ്രയത്നത്താലും, ലോകഗതികളെ സൂക്ഷ്മമായി പ്രേക്ഷിച്ചറിയുന്നതു വഴിക്കും സമ്പാദിക്കാവുന്ന യോഗ്യതകളാണ് മേൽപറഞ്ഞവ. ഇവയ്ക്കുപുറമെ, പത്രക്കാരന് സഹജാതമായ ചില വിശിഷ്ട ഗുണങ്ങൾ ഉണ്ടായിരിക്കണം. ഒന്നാമതായി, അവന്നു ഏതു സംഗതിയേയും എളുപ്പം മനസ്സിലാക്കാൻ തക്ക ഗ്രഹണപടുത്വം സ്വതസ്സിദ്ധമായിരിക്കണം. ഒരു പ്രസംഗത്തിന്റെയോ, വല്ല രേഖകളുടെയോ, സംഭവങ്ങളുടെയോ സാരമായ ഭാഗം ഏതാണെന്നു ഉൾക്കണ്ണുകൊണ്ടു കണ്ടറിവാൻ തക്കബുദ്ധികൗശലം വേണം, രണ്ടാമതായി വേണ്ടഗുണം, നിഷ്പക്ഷപാതിത്വമാണ്. പത്രക്കാരൻ സത്യം ന്യായം നീതി മുതലായ ധർമ്മതത്വങ്ങളുടെ പ്രതിനിധിയാണ്; അവൻ ഇവയിൽ നിന്നു തെറ്റിനടക്കാതെ പ്രവർത്തിക്കുമ്പോഴേ ലോകർക്കു നന്മ ഉളവാകയുള്ളു. അതിനാൽ, അവൻ യാതൊരു സംഗതിയേയും വാസ്തവമായ വിധത്തിലല്ലാതെ വർണ്ണിക്കരുത്. പ്രത്യേകം ഒരു കക്ഷിയുടെ പ്രാതിനിധ്യം വഹിക്കുന്ന പത്രമായിരുന്നാലും, വസ്തുസ്ഥിതികളെ യഥാസ്ഥിതരീതിയിൽ വർണ്ണിക്കയല്ലാതെ, ലോകരെ തെറ്റിദ്ധരിപ്പിക്കത്തക്കവണ്ണം വളച്ചും പൊളച്ചും തിരിച്ചും മറിച്ചും അവാസ്തവവർണ്ണനം ചെയ്യരുത്. കക്ഷിപ്പത്രങ്ങൾക്കു ഒരു സംഗതിയിൽ സ്വന്തം അഭിപ്രായങ്ങളെ ഏതു യുക്തിയെ ആധാരമാക്കിക്കൊണ്ടും പ്രസ്താവിക്കമെന്നിരുന്നാലും, ആ സംഗതിയെ ഒന്നിനൊന്നായി തെറ്റിദ്ധരിപ്പിക്കാൻ അവകാശമില്ല; അങ്ങനെ ചെയ്യുന്നതു സത്യത്തിനു വിപരീതമായ പ്രവൃത്തിയുമാകുന്നു. പത്രക്കാരന്റെ മറ്റൊരു അവശ്യഗുണം, അവൻ ലോക കാര്യങ്ങളിൽ സ്വതേ വിമുഖനായിരിക്കരുതെന്നുള്ളതാണ്. അവൻ എപ്പോഴും ഉത്സാഹവാനായിരിക്കണം; അവൻ ലോകരുടെ ദുഃഖങ്ങളിലും സുഖങ്ങളിലും അനുകമ്പയോടെ മനസ്സിനെ പ്രവേശിപ്പിക്കണം. ഈ ഗുണം അവനില്ലായിരുന്നാൽ, അവന്നു പത്രവായനക്കാരായ ലോകരെ യാതൊരു സംഗതിയിലും