താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വഭാഷയിൽ സുഗമമായവിധം ലേഖനമെഴുതാൻ കഴിയുമെങ്കിൽ, പിന്നെ, അവശ്യം വേണ്ടതായ മറ്റൊരു യോഗ്യത ഇതരഭാഷകളിൽ പഠിപ്പുണ്ടായിരിക്കയാകുന്നു. മലയാളപത്രക്കാരന് ഒഴിച്ചുവെക്കാൻ പാടില്ലാത്ത ഇതരഭാഷകളിൽ മുഖ്യമായവ ഇംഗ്ലീഷും സംസ്കൃതവും ആണ്; തമിഴ് കൂടെ ഇക്കൂട്ടത്തിൽ ചേർക്കുന്നതും അവിഹിതമല്ല. പ്രസംഗസഭകളിലും, യോഗങ്ങളിലും പോയി നടപടികൾക്കു 'റിപ്പോർട്ടു' എഴുതുവാൻ ഉദ്യോഗിക്കുന്ന ഒരുവൻ ഇക്കാലത്ത്, മേല്പടി ഭാഷകളിൽ അല്പസ്വല്പമെങ്കിലും പരിചയംകൂടാതെയിരിക്കരുത്. പ്രസംഗംചെയ്യുമ്പോൾ, ചിലർ, ഇടയ്ക്കിടെ, ഇംഗ്ലീഷ് ഗ്രന്ഥങ്ങളിൽ നിന്നോ, സംസ്കൃതകൃതികളിൽ നിന്നോ തമിഴ് പുസ്തകങ്ങളിൽ നിന്നോ, പഴമൊഴികളും സാരോക്തികളും, പ്രമാണങ്ങളും എടുത്തുപറയുന്നുണ്ടായിരിക്കും. ഇവയെ ശരിയായി ഗ്രഹിപ്പാനും തത്തുല്യമായി കുറിച്ചെടുപ്പാനും റിപ്പോർട്ടർക്കു ഈ ഭാഷകളിൽ കുറെ പരിചയം കൂടാതെ കഴികയില്ല. പഴമൊഴികളെയും, സാരോക്തികളെയും, പ്രമാണങ്ങളെയും അതേ പ്രകാരത്തിൽ പകർത്തെഴുതാൻ മാത്രം അറിഞ്ഞാൽ പോരാ: ഇവ ഏതേതു ഗ്രന്ഥങ്ങളിൽ, ആരാണ്, എപ്പോഴാണ്, പറഞ്ഞത് അല്ലെങ്കിൽ എഴുതിയത്, എന്നൊക്കെ അറിഞ്ഞിരിക്കണം. അതിലേക്ക് ആ ഗ്രന്ഥങ്ങളുമായി ഒരു മാതിരി പരിചയം സമ്പാദിച്ചിരിക്കണം. ആ ഭാഷകളിലെ പ്രധാനപ്പെട്ട കവികൾ, ഗദ്യകാരകന്മാർ, മുതലായ സാഹിത്യകർത്താക്കന്മാരുടെ പ്രഖ്യാതവും പ്രസിദ്ധവുമായ കൃതികളെ വായിച്ചറിഞ്ഞിരിക്കേണ്ടത് പത്രക്കാരന്റെ യോഗ്യതാപൂർത്തിക്ക് ആവശ്യമാണ്. വിശേഷിച്ചും, ചരിത്രം, ധനശാസ്ത്രം, വിദ്യാഭ്യാസകാര്യങ്ങൾ, നവീനശാസ്ത്ര തത്വങ്ങൾ, നാടകങ്ങൾ, കാവ്യങ്ങൾ മുതലായ പലവക സ്വഭാഷാഗ്രന്ഥങ്ങളും പത്രക്കാരൻ വായിച്ചിരിക്കണം, കുറെ സംഗീതജ്ഞാനവും പ്രയോജനകരമായിരിക്കും. മലയാളപത്രക്കാരൻ, എഴുത്തച്ചന്റെ ഭാഗവതം, ഭാരതം, രാമായണം; ഉണ്ണായിവാര്യരുടെ നളചരിതം കഥകളിപ്പാട്ട്; കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ; കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെ കേരളീയ ഭാഷാ ശാകുന്തളം, അന്യാപദേശശതകം, മയൂരസന്ദേശം, അക്‌ബർ; കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനവർകളുടെ മഹാഭാരതം