വാചകമോ എഴുതിക്കൊണ്ട്, ചുരുക്കെഴുത്തിനെ സാധാരണ കൈയെഴുത്തിൽ പകർത്തുകമാത്രം ചെയ്താൽ മതിയാകും. മറ്റുപ്രകാരത്തിലാണെങ്കിൽ, റിപ്പോർട്ടർക്കു എല്ലാ സംഗതികളും സ്വന്തം വാചകത്തിൽ എഴുതേണ്ടിയിരിക്കും. അന്യന്മാരുടെ പ്രസംഗങ്ങളും, യുക്തികളും മറ്റുമൊക്കെ, റിപ്പോർട്ടർവഴിയായിട്ടാണ് വായനക്കാർക്കു ലഭിക്കേണ്ടത്. ഭാഷ വശപ്പെട്ടിട്ടില്ലാത്ത, അതാവിതു, വാക്കുകളും, വാചകങ്ങളും എല്ലാം തന്റെ കൈക്കൽ വഴങ്ങീട്ടില്ലാത്ത, ഒരു റിപ്പോർട്ടർ ആയിരുന്നാൽ, അവർ എഴുതുന്നതൊക്കെ ശരിയായിട്ടുതന്നെയിരിക്കുമെന്നു ഉറപ്പുപറവാൻ കഴിയുകയില്ല. അവന്റെ റിപ്പോർട്ടുകളെപറ്റി വായനക്കാർക്കു വിശ്വാസവും ഉണ്ടായിരിക്കയില്ല. അവനാണ് വായനക്കാരെ അതാതു വിഷയങ്ങളിലേക്ക് വഴികാട്ടിക്കൊണ്ടുപോകുന്നത്. വഴികാട്ടുന്നതു അവന്റെ വാക്കുകൾകൊണ്ടും വാചകങ്ങൾകൊണ്ടുമാണ്. അതാതു വിഷയങ്ങളിലെ ഊടു വഴികളിൽ അവരെ ദിക്ഭ്രമം കൂടാതെ നടത്തിക്കൊണ്ടുപോകുവാൻ അവന്നു ഒരേ ആശ്രയമായിരിക്കുന്നത് അവന്റെ വാചകങ്ങളും വാക്കുകളുമാകയാൽ, അവന്ന്, സ്വഭാഷയിൽ ഗദ്യരചനാനൈപുണ്യം എത്രത്തോളം ആവശ്യമാണെന്ന് സിദ്ധമാകുന്നു.
ഇതിന്നുംപുറമെ, പത്രപ്രവൃത്തി സംബന്ധിച്ചിടത്തോ അവന്നു നല്ലവണ്ണം വ്യക്തമായും ശീഘ്രമായും എഴുതുവാനും വശപ്പെട്ടിരിക്കേണ്ടതാണ്. കൈയെഴുത്തു വ്യക്തമല്ലാതിരുന്നാൽ. അതു വായിച്ചു നോക്കി ശോധനം ചെയ്യേണ്ട പത്രാധിപരും, അച്ചുനിരത്തേണ്ട അച്ചുകൂടപ്പണിക്കാരും സങ്കടപ്പെടും; ഒന്നിനൊന്ന് അച്ചടിച്ചു പുറപ്പെടുവിക്കാൻ സംഗതിയാവുകയും ചെയ്യും. ചിലപ്പോൾ തനിക്കുതന്നെയും ക്ലേശകാരണമായിത്തീരും; താൻ എഴുതിവയ്ക്കുന്ന ഓർമ്മക്കുറിപ്പുകൾ എന്താണെന്നു ശരിയായി ഗ്രഹിപ്പാൻ കഴിയാതെയായേക്കും ശീഘ്രം എഴുതുവാൻ കഴിയാതിരുന്നാൽ, തന്റെ പ്രവൃത്തി മുന്നോട്ടു നീങ്ങുന്നില്ലെന്നവണ്ണം മന്ദഗതിയായിത്തീരും; ഈ മന്ദതയിൽ ചില സംഗതികൾ തന്റെ ശ്രദ്ധയ്ക്കു വിഷയീഭവിക്കാതെ പോയെന്നും വരാം. ഏതായാലും ഉടനുടൻ കഴിയേണ്ടവ ഉടനുടൻ കഴിയാതെയും, അന്നന്ന് എഴുതി അയക്കേണ്ടവ അന്നന്ന് തയ്യാറാകാതെയും ഏറെക്കുറെ ബുദ്ധിമുട്ടാനിടയാകും.