വ്യത്യാസം കൂടാതെ ഗ്രഹിക്കേണ്ടതിന്ന് പത്രക്കാരന്ന് പ്രാപ്തിയുണ്ടായിരിക്കണം.
ചുരുക്കെഴുത്തു സമ്പ്രദായപ്രകാരമാകട്ടെ, ഓർമ്മശക്തി കൊണ്ടാകട്ടെ, ഏതു സംഗതിയെപ്പറ്റിയും വിവരങ്ങൾ കുറിച്ചെടുത്താൽ, പിന്നെ വേണ്ടത്, അവയെ വായനക്കാർക്കായി പത്രത്തിൽ 'വിളമ്പു'ന്നതിനു തക്കവിധം 'പാക'പ്പെടുത്തുകയാണ്. ഇതിന്ന് എന്തു യോഗ്യതയാണ് വേണ്ടത്? ഇതു സംബന്ധമായ പാകശാസ്ത്രത്തിൽ ലേഖകന്മാർ പഠിച്ചിരിക്കേണ്ട പ്രമാണങ്ങൾ ഏറെയില്ല. ഏതു ഭാഷയിൽ ലേഖനങ്ങൾ എഴുതുന്നുവോ, ആ ഭാഷയെ നല്ല ചാതുര്യത്തോടെ എഴുതി ഫലിപ്പിക്കാൻ പ്രാപ്തി ഉണ്ടായിരിക്കണം. ഭാഷാവ്യാകരണവിധികളെ ലംഘിക്കാത്ത പ്രകാരത്തിൽ വേണം എഴുതുവാൻ; കർത്താവുള്ളപ്പോൾ ക്രിയ ഇല്ലാതെയോ ക്രിയകളെയും നാമങ്ങളെയും തമ്മിൽ സമുച്ചയിപ്പിച്ചോ, പൂർണ്ണവിരാമം വേണ്ടെടത്ത് അല്പവിരാമം മാത്രം ചെയ്തിട്ടോ, താൻ എഴുതുന്നതിന്റെ അർത്ഥം എന്തെന്ന് വായനക്കാരനു ഗ്രഹിപ്പാൻ സാധിക്കാത്തവിധത്തിലുള്ള വാചകങ്ങൾ എഴുതിയിരുന്നാൽ, അതുകൊണ്ട് ഉപദ്രവമുണ്ടാകയല്ലാതെ, ഉപകാരമുണ്ടാകയില്ല. എഴുതുന്ന ആളുടെ ആശയങ്ങളെ സുഗമമായഭാഷയിൽ പകർത്തണം: സാധാരണ സംഭാഷണരീതിയിലുള്ള ഭാഷയിൽ ചെറിയ വാക്യങ്ങളായി എഴുതുന്നതു ഉത്തമം. എല്ലാ സംഗതികളെയും അസന്ദിഗ്ധാർത്ഥമായും, പ്രക്രമഭംഗം കൂടാതെയും, ഉചിത പദങ്ങളെ പ്രയോഗിച്ചും, വെളിപ്പെടുത്തണം. ലേഖനമെഴുതുന്നവർ സാഹിത്യകാരശ്രേഷ്ഠന്മാരാണെന്ന ഖ്യാദിയെ സമ്പാദിക്കത്തക്ക ഗദ്യരചനാനൈപുണ്യം സിദ്ധിച്ചിട്ടുള്ളവർ ആയിരുന്നിട്ടില്ലെങ്കിലും, ഗദ്യരചനയുടെ പ്രാഥമികതത്വങ്ങളെ അറിഞ്ഞ് അതിന്മണ്ണം സുബദ്ധമായ രീതിയിൽ എഴുതുവാൻ കഴിഞ്ഞിരിക്കണം. ഈ യോഗ്യത, മലയാളപത്ര ലേഖകന്മാർക്കു വിശേഷിച്ചും ആവശ്യമാണ്. ഇംഗ്ലീഷിൽതന്നെയും, ഒരു റിപ്പോർട്ടർക്കു എല്ലാ സമയവും ചുരുക്കെഴുത്തു മാത്രംകൊണ്ടു തന്റെ പ്രവൃത്തി കഴിഞ്ഞുപോകയില്ല. പ്രസംഗങ്ങൾ തൽകർത്താക്കന്മാരുടെ വാക്കുകളിൽതന്നെ ആഖ്യാനം ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നാൽ റിപ്പോർട്ടർക്ക്, തന്റെ വകയായി എഴുതിച്ചേർക്കേണ്ട മുഖവുരയോ ഉപസംഹാര