താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സിദ്ധിച്ചിട്ടുള്ള പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നതേയുള്ളു. ഇവ എന്താണ്?

ഇംഗ്ലീഷ് പത്രത്തിലേക്കു പ്രവൃത്തിയെടുപ്പാനാണ് ഒരുവന്റെ ഉദ്ദേശമെങ്കിൽ, ഇക്കാലത്ത്, അവന്നു അവശ്യമായും മുഖ്യമായും വേണ്ട യോഗ്യത, "ഷാർട്ടുഹാൻഡ്" എന്നു പറയപ്പെടുന്ന ചുരുക്കെഴുത്ത്, അല്ലെങ്കിൽ സൂത്രലിപി, അഭ്യസിച്ചിരിക്കേണമെന്നുള്ളതാണ്. വൃത്താന്തനിവേദനം ചെയ്യുന്ന പണിയിൽ, ഈ യോഗ്യത ഇല്ലാത്ത യാതൊരാക്കും ഇപ്പോഴത്തെ കാലത്തു 'തേറിപ്പോവാൻ' സാധ്യമല്ല. ചുരുക്കെഴുത്തറിയാത്തവരെ ഇംഗ്ലീഷ് പത്രങ്ങളിൽ 'റിപ്പോർട്ടർ'മാരായി സ്വീകരിക്കുന്നത് 'മുട്ടിയപക്ഷ'ത്തിൽ ആയിരിക്കും. നിത്യവും നടക്കുന്ന എത്രയോ മഹാജനങ്ങളുടെ നടപടിവിവരങ്ങളെ പത്രങ്ങളിലേക്ക് എഴുതി അറിയിക്കേണ്ടറിപ്പോർട്ടർമാർക്ക്, ആ യോഗങ്ങളിൽ ഓരോരുത്തർ പ്രസംഗിക്കുന്നതൊക്കെ കുറിച്ചെടുപ്പാൻ ചുരുക്കെഴുത്തല്ലാതെ എളുപ്പമായ വഴി വേറെ ഏതാണുള്ളത്? പ്രസംഗങ്ങൾ തൽകർത്താക്കന്മാർ എഴുതിക്കൊണ്ടുവന്നു വായിക്കുന്നവയായിരുന്നാൽ, ചുരുക്കെഴുത്തിന്റെ ആവശ്യം നേരിടുകയില്ലെന്നു വരാം, സാധാരണ കൈയെഴുത്തിൽ അവയെ പകർത്തിക്കൊണ്ടാൽ മതിയാകുമല്ലോ. എന്നാൽ, യോഗാവസരങ്ങളിൽ സമയോചിതമായി ഓരോ സംഗതികളെ വാചാ പ്രസംഗിക്കുമ്പോൾ അതിനെ കൈയെഴുത്തുകൊണ്ടു പിൻതുടരാൻ സാധിക്കയില്ലതന്നെ; വിശേഷിച്ചും, മിനിട്ടിന് ഒരു നൂറ്റിനുമേൽ, എന്നല്ല, ചിലരുടെ വിഷയത്തിൽ ഇരുന്നൂറ്റധികം കൂടിയും, വാക്കുകൾ പ്രസംഗിപ്പാൻ സാമർത്ഥ്യമുള്ള വാഗ്മികളുടെ പ്രസംഗങ്ങളെ സാധാരണ കൈയെഴുത്തിൽ കുറിച്ചെടുപ്പാൻ എങ്ങനെ സാധിക്കും? ചുരുക്കെഴുത്തിൽ നൈപുണ്യം നേടീട്ടുള്ളവർക്കുകൂടി, ഇത് ചിലപ്പോൾ പ്രയാസമായി കണ്ടിട്ടുണ്ട്. പ്രഖ്യാതന്മാരായ വാഗ്മികൾ ചെയ്യുന്ന ആകസ്മിക പ്രസംഗങ്ങളെ പത്രങ്ങളിൽ വായിപ്പാൻ മാത്രം സാധിക്കുന്ന ദൂരസ്ഥന്മാരായ വായനക്കാരുടെ ആകാംക്ഷയെ നിർവ്വഹിക്കേണ്ട കടമ പത്രപ്രവർത്തകന്മാർക്കുണ്ടായിരിക്കുമ്പോൾ, ആ പ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്യുന്നതിന് 'റിപ്പോർട്ടർ'ക്ക് ചുരുക്കെഴുത്തുകൂടാതെ കഴികയില്ലതന്നെ. എന്നാൽ ചുരുക്കെഴുത്തുശീലം ആർക്കും സുലഭം ആണെന്നിരുന്നാലും