Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിപ്പോർട്ടർക്ക് സാമാന്യമായ അഭ്യാസം പോരാ. മിനിട്ടിന് അറുപതു വാക്കുകൾ വീതം കുറിച്ചെടുപ്പാൻ സാമാന്യക്കാർക്കൊക്കെ കഴിയും; നൂറോ നൂറ്റിരുപതോ വാക്കുകൾ എഴുതിയെടുപ്പാൻ അതു എളുപ്പമല്ല. സാമാന്യക്കാർ പ്രസംഗിക്കുന്ന വാഗ്വോഗമാനം നോക്കിയാൽ മിനിട്ടിന് നൂറുനൂറ്റിരുപതു വാക്കുകൾ കുറിച്ചെടുക്കേണ്ടിയിരിക്കും; ചില വാഗ്മികൾ ഇരുനൂറു വാക്കുകൾവരെ എത്തും. ഇരുനൂറ്റിപതിമൂന്നു വാക്കുകൾ ഒരു മിനിട്ടിൽ പ്രസംഗിപ്പാൻ കഴിഞ്ഞിട്ടുള്ള വാഗ്മികളും, അവയെ അതേസമയം ചുരുക്കെഴുത്തിൽ കുറിച്ചെടുത്ത് ഒപ്പം എത്തുവാൻ കഴിഞ്ഞിട്ടുള്ള ചുരുക്കെഴുത്തുകാരും ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷേ, ഇത് ഒരു വ്യത്യസ്ത സംഗതിയാവാം. എന്നാലും, സാധാരണ ഒരു സമർത്ഥനായ റിപ്പോർട്ടർക്ക് മിനിട്ടിന് നൂറ്റി അമ്പതു വാക്കുകൾ വിതം എഴുതിയെടുപ്പാൻ കഴിവുണ്ടായിരിക്കണം. ഈ യോഗ്യതയെക്കരുതിമാത്രം, ചില പത്രപ്രവർത്തകന്മാർ മറ്റു വിദ്യഭ്യാസ യോഗ്യതകൾ ഇല്ലാത്തവരെക്കൂടി, ഈ തൊഴിലിൽ കടത്തിവിട്ടുപോയിട്ടുണ്ട്. ചിലപ്പോൾ, ചുരുക്കെഴുത്തിൽ കുറിച്ചെടുത്ത സംഗതികളെ ഉപയോഗിച്ചു പത്രത്തിലേക്ക് ലേഖനങ്ങൾ എഴുതുവാൻ തക്ക പ്രാപ്തിയില്ലാത്തവരെക്കൊണ്ട് ചുരുക്കെഴുത്തറിവില്ലാത്ത 'റിപ്പോർട്ടർ'മാർക്കു ഉപകാരമുണ്ടായേക്കും. ഏതൊന്നായാലും, റിപ്പോർട്ടർമാർ ചുരുക്കെഴുത്തഭ്യസിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമായിട്ടാണ് ഇപ്പോൾ പത്രപ്രവർത്തകന്മാർ ഗണിച്ചിരിക്കുന്നത്.

ചുരുക്കെഴുത്തിനെപ്പറ്റി ഇപ്പോൾ പറഞ്ഞതൊക്കെ, ഇംഗ്ലീഷുപത്രങ്ങളെ വിഷയീകരിച്ചിട്ടാണ്. മലയാളത്തിൽ ചുരുക്കെഴുത്തു നടപ്പിലായിട്ടില്ലാ: 'മലയാള സൂത്രലിപി' എന്ന പേരിൽ ഒരു ചുരുക്കെഴുത്തുസമ്പ്രദായം ഈയിടെ ഒരു ഗ്രന്ഥത്തിൽ വ്യവസ്ഥപ്പെടുത്തി കണ്ടിട്ടുണ്ടെങ്കിലും, പ്രചാരപ്പെടുത്തി കണ്ടിട്ടില്ല. മലയാളത്തിൽ പ്രസംഗിക്കുന്നവരുടെ വാക്കുകളെ ഉടനടി കുറിച്ചെടുപ്പാൻ ആവശ്യപ്പെടുമാറ്, മലയാളപത്രങ്ങൾ സ്വന്തം വൃത്താന്തനിവേദകന്മാരെ അതിലേക്ക് ഉത്സാഹിപ്പിക്കാതിരിക്കുന്നത്; മലയാളപത്രവായനക്കാർക്ക് അങ്ങനെയുള്ള പ്രസംഗങ്ങളെ തൽകർത്താവിന്റെ വാക്കുകളിൽ തന്നെ വായിച്ചറിയുന്നതിന് കൗതുകമില്ലാഞ്ഞിട്ടായിരിക്കാൻ സംഗതിയില്ല.