താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിരുന്നിട്ടില്ല. ഈ തൊഴിലിൽ പരിചയപ്പെടുവാൻ കടക്കുന്ന പലേ ചെറുപ്പക്കാർക്കും ഈ തൊഴിലിൽതന്നെയാണ് വിദ്യാഭ്യാസമാർഗ്ഗമായും തീരുന്നത്. എന്നിരുന്നാലും, പത്രപ്രവൃത്തിയിൽ കടക്കുന്നതിനു മുമ്പ് ഏതാൻ ചില വിശേഷയോഗ്യതകൾ ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്; ആ വക യോഗ്യതകൾ ഇല്ലാതെ കടക്കുന്ന യാതൊരുവനും തൊഴിലിൽ ജയം കിട്ടുകയില്ല.

യോഗ്യതകൾ എന്തായിരിക്കാം? ഏതാൻ മാസങ്ങൾക്കുമുമ്പ്, ഒരു മലയാളപത്രത്തിൽ ഇപ്രകാരം ഒരു പരസ്യം കണ്ടിരുന്നു: "ആവശ്യമുണ്ട്--ആഴ്ചയിലൊന്നുവീതം പ്രസിദ്ധീകരിക്കപ്പെടുവാൻ നിശ്ചയിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് മലയാള വർത്തമാന പത്രത്തിന്റെ പത്രാധിപത്യം വഹിക്കാൻ യോഗ്യതയുള്ള ബി. ഏ. ബിരുധധാരിയായ ഒരാളെ ആവശ്യമുണ്ട്. മനസ്സുള്ളവർ യോഗ്യത പ്രതിഫലം മുതലായവ വിവരിച്ചിട്ടു അടുത്ത മേടമാസം 30-ാം തീയതിക്കുള്ളിൽ ഞങ്ങളെ അറിയിക്കണമെന്ന് അപേക്ഷ........." ഇങ്ങനെയായിരുന്നു പരസ്യം ചെയ്തിരുന്നത്. യോഗ്യതയുള്ള ബി. ഏ. ബിരുദധാരി' എന്ന വാചകത്താൽ, ഒരു പത്രാധിപർക്കു വേണ്ടതായ യോഗ്യത എന്താണെന്നു പരസ്യത്തിന്റെ കർത്താക്കന്മാർക്കൊപ്പംതന്നെ പൊതുവിൽ ഏവരും ധരിച്ചിട്ടുള്ളതായി അർത്ഥം ദ്യോതിക്കുന്നുണ്ട്; എന്നാൽ 'യോഗ്യത.....മുതലായവ വിവരിക്കണം' എന്ന് കൂടി ആവശ്യപ്പെട്ടിരിക്കുന്ന പിൻ വാചകത്താൽ, മേല്പടി അർത്ഥത്തിന്നു മാർഗ്ഗം ഇല്ലെന്നും തോന്നുന്നുണ്ട്. വിശേഷിച്ചും, 'ബി. ഏ. ബിരുദധാരി'യായ ആൾ വേണം അപേക്ഷയെ സാധിപ്പാൻ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഈ പത്രാധിപത്യപ്പണിക്കും ബി. ഏ. ബിരുദത്തിനും തമ്മിൽ എന്തോ ചേർച്ചയോ ചാർച്ചയോ ഉണ്ടെന്നുകൂടി വിചാരിക്കേണ്ടിവരുന്നു. പക്ഷേ, ബി. ഏ. ബിരുദകാര്യം ആവശ്യപ്പെട്ടത് അപേക്ഷകന്മാരുടെ എണ്ണത്തെ ചുരുക്കുവാനും പത്രനടപ്പിനു യോഗ്യതയില്ലാത്തവരായി വിദ്യാഭ്യാസവിഷയത്തിൽ 'മുറിക്കുന്ത'ക്കാരായി നടക്കുന്നവർ ആരും ചാടി വരാതിരിപ്പാനും വേണ്ടി ചെയ്ത മുൻകരുതലായിരിക്കാം. ഏതായാലും, പത്രാധിപത്യപ്രവൃത്തിക്ക്, ബി. ഏ. ബിരുദം അപരിത്യാജ്യമായ യോഗ്യതാംശമല്ല; അവശ്യമായ യോഗ്യതകൾ ഒരുവന്നു പത്രപ്രവർത്തനത്തൊഴിലിൽ