മുതൽ അവസാനംവരെ യാതൊരു സംഗതിയും വിടാതെയും എഴുതേണ്ടതാവശ്യമാകുന്നു. ലഹളകളെ സംബന്ധിച്ചു, പൊലീസുകാരോടു വിവരങ്ങൾ അന്വേഷിച്ചറിക. ലഹള നടക്കുന്ന സ്ഥലം, കാലം, ആൾക്കൂട്ടം, അക്രമ പ്രവൃത്തികൾ, ഫലങ്ങൾ എന്നിവയെല്ലാം എഴുതിയിരിക്കേണ്ടതാകുന്നു. ഇക്കാര്യങ്ങളിലൊക്കെയും, വർത്തമാനങ്ങൾ ശേഖരിപ്പാൻ പോകുന്ന പത്രക്കാരന് അസാമാന്യമായ ബുദ്ധികൌശലവും നയോപായവും ഉണ്ടായിരിക്കണം. അവന്നു ഏതു ഭാഗത്തുനിന്നാണോ വിവരങ്ങൾ കിട്ടേണ്ടത് ആ ഭാഗത്തുതന്നെ അവൻ എത്തിച്ചേർന്നിരിക്കണം. മറ്റുള്ള ജനങ്ങൾ അറിയുംമുമ്പ് വിവരങ്ങൾ ഗ്രഹിക്കയും ഉപായത്തിൽ സ്ഥലം വിട്ട് അതിശീഘ്രം പത്രത്തിലേക്ക് റിപ്പോർട്ട് കൊടുക്കയും വേണം. ഇതിലേക്ക്, പത്രക്കാരൻ സർക്കാരുദ്യോഗസ്ഥന്മാരോടും പൊതുജനകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇതരന്മാരോടും വിശ്വാസ്യനായി ഇടപഴകേണ്ടതുമാണ്.
സഭായോഗങ്ങൾ മുതലായവയ്ക്ക് റിപ്പോർട്ടർ കൃത്യമസമയത്തിനുമുമ്പു തന്നെ എത്തിയിരിക്കേണ്ടതുകൂടാതെ, ആവശ്യപ്പെട്ട ഉപകരണങ്ങളും കരുതിയിരിക്കണം. എഴുതുവാൻ പേനയെക്കാൾ സൗകര്യപ്പെടുന്നത് പെൻസിലാണ്. പ്രസംഗങ്ങൾ കുറിച്ചെടുക്കുന്നതിന്, രണ്ടോ മൂന്നോ പെൻസിൽ, ഇരുതലയും ചെത്തിക്കൂർമ്പിച്ച് കരുതിവെയ്ക്കണം. കുറിക്കാനുള്ള പുസ്തകങ്ങൾ കൈയിലടങ്ങത്തക്കവയായിരിക്കണം; നീളവും വീതിയും അധികമായുള്ളവ ശല്യകാരണമായി തോന്നും; പ്രസംഗങ്ങൾ കുറിക്കുമ്പോൾ, മുൻവാചകത്തിന്റെ അന്ത്യഭാഗം വിടാതെയും ഓർമ്മവെച്ചുംവേണം അടുത്ത വാചകമെഴുതുവാൻ. ചിലപ്പോൾ ഇരുട്ടത്തിരുന്ന് കുറിക്കേണ്ടതായി വരും: ആ അവസരങ്ങളിൽ വരികൾ ഒന്നിനുമേൽ ഒന്നായി എഴുതാതിരിപ്പാൻ, ഇടത്തുകൈവിരൽകൊണ്ട് വരിയുടെ ആരംഭമെവിടെയെന്ന് ലക്ഷ്യപ്പെടുത്തിക്കൊള്ളാവുന്നതാണ്.
ഒരു പത്രത്തിന്റെ റിപ്പോർട്ടർ മറ്റു പത്രങ്ങളുടെ റിപ്പോർട്ടർമാരുമായി സഹോദരസ്നേഹത്തോടുകൂടിയിരിക്കേണ്ടത് മുഖ്യമായ ആവശ്യമാണ്. ഒരേദിവസം പ്രസിദ്ധപ്പെടുത്തുന്ന ഒന്നിലധികം പത്രങ്ങളുടെ റിപ്പോർട്ടർമാർ