Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുക്കങ്ങൾ എന്തൊക്കെ; പ്രമാണികൾ ആരൊക്കെ ഹാജരായി; സദ്യയുടെ വിഭവങ്ങൾ എങ്ങനെ, ഇപ്രകാരം പല വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കണം.

സംസ്ഥാനഭരണാധിപന്മാർ മുതലായ മഹാപ്രസിദ്ധ ജനങ്ങളുടെ ആഗമനാഘോഷങ്ങളുണ്ടായാൽ, അതു സംബന്ധിച്ച നടപടിക്രമപത്രങ്ങൾ മുൻകൂട്ടി നിർവാഹകസംഘക്കാരോട് മേടിക്കുക; മംഗളപത്രങ്ങൾ സമർപ്പിക്കുന്നുണ്ടെങ്കിൽ അവയുടെ പകർപ്പുകൾ സമ്പാദിക്കുക; പ്രവേശനത്തിന് പ്രത്ര്യേക അനുവാദം വേണ്ടിയിരുന്നാൽ അതും മേടിച്ചിരിക്കുക; ആഘോഷങ്ങളിൽ ഉണ്ടാകുന്ന വിശേഷങ്ങളെല്ലാം കുറിക്കുക ഇത്രയും അത്യാവശ്യമാണ്.

അഗ്നിബാധ, കൊലപാതകം, തീവണ്ടി അപകടം, ലഹള മുതലായവയിൽ പോലീസുകാരുടെ സഹായം കൂടാതെ കഴികയില്ല. ഒരു വീട് വെന്താൽ: അത് ആരുടേത്, ആർ പാർത്തിരുന്നു, എന്തു സാമാനങ്ങൾ നശിച്ചു, നഷ്ടം എത്ര വരും, വല്ല ബീമ ഉടമ്പടികളും ഉണ്ടോ, എന്നൊക്കെയുള്ള വിവരങ്ങൾ പോലീസുകാരിൽനിന്ന് ലഭിക്കും. പിന്നെ, തീക്കെടുത്തുന്നതിന് അധികൃതന്മാരും ജനങ്ങളും ചെയ്ത യത്നങ്ങൾ എന്തായിരുന്നു എന്നും വർണ്ണിക്കണം. കൊലപാതകസംഗതിയിൽ വിവരങ്ങൾ അറിവാൻ പോലീസുകാരെയും, കൊലചെയ്യപ്പെട്ട ആളുടെ ബന്ധുക്കളെയും ഭൃത്യന്മാരെയും, അയൽക്കാരെയും കണ്ട് വിവരങ്ങൾ ചോദിച്ചറിയണം. കൊലപാതകക്രിയയെക്കുറിച്ചും, കുറ്റക്കാരനായി പിടിച്ചിരിക്കുന്നവനെക്കുറിച്ചും, കൊലചെയ്യപ്പെട്ട ആളെക്കുറിച്ചും സാക്ഷ്യം പറയാൻ കഴിയുന്നവരായി ആരെല്ലാമുണ്ടെന്ന് അറിവു കിട്ടുന്നപക്ഷം, അതും പറയണം. എന്നാൽ തെളിവിൽ വരാത്ത യാതൊരു സംഗതിയും ഉറപ്പിച്ചു പറയരുത്. തീവണ്ടി അപകടമായിരുന്നാൽ, ഏതു വണ്ടിക്കാണ് ആപത്തു പറ്റിയത്, ആ വണ്ടി മുൻ സ്റ്റേഷനിൽനിന്നു എപ്പോൾ പുറപ്പെട്ടു, അപകടം പറ്റിയതു ഏതു സ്ഥലത്തുവെച്ച്; അവിടെ ഏതു സമയം എത്തേണ്ടതായിരുന്നു, എന്ന് അന്വേഷിച്ചറിയണം. അപകടത്തിന്റെ കാരണം, ഫലം, എന്നിവയെപ്പറ്റി, യാത്രക്കാരോടു ചോദിച്ചറിയണം. സമീപത്തു തീവണ്ടിപ്പാത വേലക്കാരുണ്ടായിരുന്നാൽ അവരോടും ചോദിച്ചറിയുക. അപകടസംഭവത്തെപ്പറ്റി എത്രയും വിവരമായും, ആദി