താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വകുപ്പിന്റെ ചുമതലക്കാരെക്കണ്ട് വേണ്ടവിവരങ്ങൾ ചോദിച്ചറികയും, വിശേഷസമ്മാനങ്ങൾക്കു യോഗ്യതയുള്ള ഉരുക്കളുടെ വിവരങ്ങൾ കുറിച്ചെടുക്കയും ചെയ്ക. കാഴ്ചസാധനപ്പട്ടികയിൽ സമ്മാനാർഹമായ ഓരോന്നിനെയും അടയാളപ്പെടുത്തുക. വിശേഷ സമ്മാനങ്ങൾ കൊടുത്തുകഴിയുമ്പോൾ, സമ്മാനം കിട്ടിയവരുടെ പേരുവിവരങ്ങളും, മുമ്പ് എവിടെവെച്ചെങ്കിലും സമ്മാനം ലഭിച്ചിരുന്നാൽ ആ വിവരവും ചോദിച്ച് കുറിച്ചെടുക്കണം. കാഴ്ച ഒരു ദിവസംകൊണ്ടു കഴിഞ്ഞിട്ടില്ലെന്നിരിക്കിൽ, അടുത്ത ദിവസത്തേയ്ക്ക് ഉള്ളതൊക്കെ എന്താണെന്ന് സൂചനം ചെയ്ക. ഈ വേലകളിൽ ചിലത് മറ്റു പത്രറിപ്പോർട്ടർമാരുമായി പങ്കിട്ടുചെയ്യാവുന്നതും, തമ്മിൽ വിവരങ്ങൾ കൈമാറ്റാവുന്നതുമാകുന്നു. വേണ്ടതെല്ലാം കുറിച്ചെടുത്തതിന്റെശേഷം, താഴെപ്പറയുന്ന ക്രമത്തിൽ റിപ്പോർട്ടെഴുതുക: പ്രസ്താവന; സ്ഥാപനത്തിന്റെ പേരു ചരിതം, അഭിവൃദ്ധി; കാര്യനിർവാഹകന്മാരുടെ പേരുവിവരം; സമ്മാനത്തുക; വിശേഷസമ്മാനങ്ങൾ, മുൻകൊല്ലങ്ങളെ അപേക്ഷിച്ച് കാഴ്ചസ്സാധനങ്ങളിലും മറ്റും ഉണ്ടായിട്ടുള്ള വർദ്ധന; പ്രദർശനം കാണ്മാൻ എത്തുന്നവരെ സൽകരിക്കുന്നതിനായി ചെയ്തിട്ടുള്ള വ്യവസ്ഥകൾ; കാലാവസ്ഥ; പ്രാരംഭസമയം കാഴ്ചക്കാരായി കൂടിയവരുടെ സംഖ്യ; കാഴ്ചസ്ഥലത്തിന്റെ വർണ്ണനം; ഓരോ വകുപ്പിന്റെയും വർണ്ണന-ആട്, മാട്, കുതിര, പോത്ത്, പന്നി, കോഴി, കൃഷിക്കോപ്പുകൾ, ധാന്യങ്ങൾ, മുതലായ വകുപ്പുകളൊക്കെ വർണ്ണിക്കണം-വിശ്രമകരഭോജനം, പ്രസംഗങ്ങൾ, ഇവയുണ്ടെങ്കിൽ മാത്രം-വിശേഷിച്ച് വല്ല കായികാഭ്യാസങ്ങളോ കളികളോ ഉണ്ടായിരുന്നാൽ അവ, പകൽ വെയിലോ മഴയോ മൂടലോ എങ്ങനെയായിരുന്നു എന്നു; ആകെ കൂടിയ കാഴ്ചക്കാരുടെ എണ്ണം; പ്രവേശനം അനുവദിക്കയാൽ കിട്ടിയ ആദായം; സമ്മാനവിവരങ്ങൾ. ഈ സമ്പ്രദായങ്ങൾ തന്നെ മറ്റു കാഴ്ചവേല റിപ്പോർട്ടുകൾക്കും പറ്റുന്നതാണ്.

വിവാഹാഘോഷങ്ങൾക്ക് വധൂവരന്മാരെയും അവരുടെ കുടുംബങ്ങളുടെ ചരിതങ്ങളെയുംപറ്റി മുൻകൂട്ടിതന്നെ വിവരങ്ങൾ ശേഖരിച്ചിരിക്കേണ്ടതാണ്. ഇതിന്നും പുറമെ വിവാഹം എവിടെവെച്ച് നടത്തുന്നു; വിവാഹത്തിന്നുള്ള