താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു സഭായോഗത്തിന്റേയോ മറ്റോ വിവരങ്ങൾക്ക് റിപ്പോർട്ട് എഴുതാൻ വന്നിരുന്നാൽ, അവരിൽ ഒരാളുടെ പക്കൽ വളരെ മുഖ്യമായ ഒരു രേഖ കിട്ടുന്നപക്ഷം, അത് മറ്റുള്ളവർക്ക് കാൺമാനോ പകർത്തെടുക്കാനോ കൊടുക്കാതെ, തന്റെ പത്രത്തിലേക്കായി കൊണ്ടുപോകുന്ന സമ്പ്രദായം കിടമത്സരത്താൽ അനുവദിക്കപ്പെടുമായിരുന്നാലും സാമാന്യേന ആദരണീയമല്ല. പത്രക്കാർ എല്ലാവരും ഒരേ ഉദ്ദേശത്തിനായിട്ടാണല്ലോ വേലചെയ്യേണ്ടത്. ലോകക്ഷേമാർത്ഥം വേലചെയ്യുമ്പോൾ, ഒരാൾ മറ്റൊരുവനെ പിന്നിൽ നിറുത്തേണമെന്നില്ല. സമദൃഷ്ടിയായി പ്രവർത്തിച്ചാൽ, വളരെ കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കാൻ കഴിയുന്നതുമാണ്. പത്രക്കാർ തമ്മിലുള്ള 'സൗഭ്രാത്രം' അല്ലെങ്കിൽ സൗഹാർദ്ദം ഇപ്പോൾ വർദ്ധിച്ചുവരുകയാണ്. ഒരു യോഗത്തിൽ നടക്കുന്ന പ്രസംഗം വളരെ ദീർഘമായിരിക്കുമ്പോൾ, പല പത്രങ്ങളുടെയും റിപ്പോർട്ടർമാർ ഒത്തുചേർന്ന്, ഓരോരുത്തൻ ഓരോ ഘട്ടം കുറിക്കയും മറ്റൊരുവൻ അതുംവെച്ചുംകൊണ്ടു കമ്പിവാർത്തയെഴുതുകയും മറ്റൊരുവൻ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നത് ഇപ്പോൾ നടപ്പായിത്തീർന്നിട്ടുണ്ട്.

പത്രാധിപർ തുടങ്ങി വൃത്താന്തലേഖകൻവരെയുള്ള പല ഇനം പത്രക്കാരൊക്കെയും ഒരേ പ്രകാരത്തിൽ അനുഷ്ഠിക്കേണ്ടതായ ചില സദാചാര തത്ത്വങ്ങൾ ഉണ്ട്. ഇവയിൽ ഒന്ന്, അന്യന്മാരോടു ന്യായ്യബുദ്ധിയായിരിക്കമെന്നുള്ളതാകുന്നു. ഒരു ലേഖനത്തിൽ ആരെപ്പറ്റി പറയുന്നുവോ ആ ആളെ നിഷ്കാരണമായി വേദനപ്പെടുത്തുവാൻ യത്നിക്കരുത്. ആ ആൾ ദുഷ്ടത പ്രവർത്തിച്ചിരുന്നാൽ, അയാളുടെ മേൽ വൃഥാദോഷാരോപം ചെയ്യരുത്. വിശേഷിച്ചും, കക്ഷിവഴക്കുകൾ ഉള്ള സന്ദർഭങ്ങളിൽ, ഒരുവനെ അന്യായമായി നിന്ദിക്കയോ മറ്റൊരുവനെ, അനർഹമായി സ്തുതിക്കയോ ചെയ്യുന്നത് സത്യത്തിന്നും നീതിക്കും വിപരീതമാണ്. ചിലപ്പോൾ, പത്രക്കാരൻ ശത്രുക്കളുടെ ദ്വേഷത്തിൽ കുടുങ്ങാനുമിടയാകും. എന്നാൽ താൻ പറയുന്നത് സത്യത്തിന്ന് അനുസരണമായിരുന്നാൽ, അതുനിമിത്തം ഉണ്ടാകുന്ന ശത്രുക്കളെ ഗണ്യമാക്കേണ്ടതില്ല. സദാചാരകാര്യമായ മറ്റൊന്ന്,