താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിലേയ്ക്കു ലേഖനമെഴുതി അയപ്പാൻ. 'ഫ്രീലാൻസു'കാരൻ (വൈതനികൻ) അറിഞ്ഞുനടക്കേണ്ട രണ്ടാമത്തെ കാര്യം ഇതാണ്: അങ്ങാടിയിൽ വില്ക്കാൻ കൊണ്ടു ചെല്ലേണ്ട സാധനങ്ങൾക്ക് എത്രമേൽ 'ജാത്യം' വേണമെന്നു നിഷ്ക്കർഷയുണ്ടോ, അത്രമേൽ ജാത്യപ്പെടുത്തുവാൻ ഉൽസാഹിക്കുക. ലേഖനങ്ങൾ തിരുത്തിയും, ഭേദഗതി ചെയ്തും, കൂടുതൽ കാര്യം ചേർത്തും പുതുക്കിയെഴുതി, തേച്ചുമിനുക്കി, ലേഖനകർത്താവുതന്നെ തൃപ്തിപ്പെടണം; കുറിക്കുതന്നെ കൊള്ളിച്ചുവെങ്കിൽ പിന്നെ ദുശ്ശങ്കകൾക്കവകാശമില്ല. മൂന്നാമതായി, തന്റെ പ്രവൃത്തിയിൽ മൂന്നു നാലു മാസക്കാലത്തേയ്ക്കെങ്കിലും ചൊടിത്തത്തോടുകൂടിയിരിക്കയും, തന്റെ മേലാലത്തെ കാര്യങ്ങൾക്കു യോഗ്യമായ നടപടിക്രമം ശീലിക്കുകയും ചെയ്യണം. വൈതനികനായിരുന്നു പത്രപ്രവർത്തനത്തിൽ ശീലിപ്പാൻ തലച്ചോറു മാത്രം പോരാ എന്നും നടത്തകൂടെ ആവശ്യം എന്നും അറിയണം. ഇതിലേക്ക്, പ്രാരംഭകാലങ്ങളിൽ കൂട്ടർകൂടി നടക്കാതെയും, സമയം പാഴായിക്കളയാതെയിരിക്കേണ്ടതാണ്; അന്യന്മാരുമായി പരിചയപ്പെട്ടതുകൊണ്ടു വിശേഷാൽ ഗുണമുണ്ടാകയില്ല; അവരെപ്പറ്റിയ അറിവുകൊണ്ടല്ലാ, തന്നെയും തന്റെ പ്രാപ്തിയെയും പറ്റിയ അറിവുകൊണ്ടാണു തന്റെ പ്രവൃത്തിക്കു ഗുണമുണ്ടാവുന്നത്. നിങ്ങൾക്കില്ലാത്ത പ്രാപ്തി മറ്റൊരുവനാൽ ഉണ്ടാക്കിത്തരാൻ കഴികയില്ലെന്നറിയുക. നാലാമതായി, പത്രത്തിന്റെ അധിപരെപ്പറ്റി ചിന്തിക്കുക: പത്രാധിപന്മാർക്കു മനുഷ്യസാധാരണമായ ന്യൂനതകൾ പലതും ഉണ്ടാവാം; അവരുടെ നയവും ഹിതവും, അറിഞ്ഞിരുന്നാൽ അവരുടെ അപ്രീതി സമ്പാദിക്കാതെ കഴിക്കാം. ലേഖനങ്ങൾ നല്ല കയ്പടയിൽ വൃത്തിയായി എഴുതിയിരുന്നാൽ, അവ വായിച്ചുനോക്കാനിരിക്കുന്ന പത്രാധിപർക്കു മനസ്സു മടുക്കുകയില്ല. പിന്നെ ചില പത്രകാര്യാലയങ്ങളിൽ കിട്ടുന്ന പകർപ്പുകൾ ചിലപ്പോൾ കണ്ടില്ലെന്നു വന്നേക്കും. ഈ നിലയിൽ ലേഖനകർത്താവിന്ന് ഇച്ഛാഭംഗവും നേരിടും; ആകയാൽ, വിശിഷ്ടലേഖനങ്ങൾക്കു തൽകർത്താക്കന്മാരുടെ കയ്ക്കൽ ഒരു പകർപ്പു വെച്ചുകൊള്ളുന്നത് ഉത്തമം. വൈതനികൻ അവശ്യം ചെയ്യേണ്ട മറ്റൊരു കാര്യം, ദിവസംതോറും രാത്രി ഉറങ്ങാൻ പോകുംമുമ്പു, പിറ്റെന്നാൾ താൻ ചെയ്യാൻ വിചാരിക്കുന്ന പ്രവൃത്തികൾക്കു ഒരു ഓർമ്മക്കുറിപ്പു എഴുതി