Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വയ്ക്കുകയാണ്. തനിക്കു യഥാശക്തി ചെയ്തുതീർക്കാൻ കഴിയുന്ന പ്രവൃത്തികളേ വേണ്ടു; അസാദ്ധ്യമായവ ആവശ്യമില്ല. അത്രയുമല്ല, ഒരു പത്രത്തിലേയ്ക്കു ലേഖനമയപ്പാൻ ഒരുങ്ങുമ്പോൾ, ആ പത്രത്തിന്റെ നടപടിപ്രകാരം ആവശ്യപ്പെടുന്നുണ്ടെങ്കിലല്ലാതെ, ഒരിക്കലും, താൻ ഇന്നയിന്നതെഴുതി അയക്കുന്നതു സ്വീകരിക്കുമോ എന്നു മുൻകൂട്ടി പത്രാധിപർക്കെഴുതി സമ്മതം ചോദിക്കരുത്; ലേഖനമയച്ചുംകൊണ്ട് അതൊന്നിച്ച് ഒരു കത്തയയ്ക്കേണ്ടതിൻവണ്ണം ചെയ്താൽ മതി. പത്രാധിപർക്ക് നിങ്ങൾ എന്തെഴുതാൻ വിചാരിക്കുന്നു എന്നറിയേണ്ട ആവശ്യമില്ല; നിങ്ങളെഴുതി അയയ്ക്കുന്ന ലേഖനം സ്വീകാര്യയോഗ്യമോ എന്നു നിർണ്ണയിപ്പാൻ വായിച്ചുനോക്കേണ്ട ആവശ്യമേയുള്ളു. ഏതൊരു കാര്യവും പത്രഭാരവാഹിയായ പത്രാധിപരോടോ പത്രമാനേജരോടോ ഉടമസ്ഥരോടോ നേരിട്ടു ചോദിക്കുകയല്ലാതെ, താണതരക്കാരായ ജീവനക്കാരോട് ചോദിക്കരുത്.

പത്രക്കാർ അവശ്യം അനുഷ്ഠിക്കേണ്ടതായ ചില നീതികളെപ്പറ്റി പറയുംമുമ്പ്, ലേഖകന്മാർ വൃത്താന്തസംഭരണപ്രവൃത്തിയിൽ അറിഞ്ഞു നടക്കേണ്ട ചില മാർഗ്ഗങ്ങൾ ഉള്ളവ പ്രസ്താവിക്കാം. ഒരു സംഗതിയെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ, എന്തൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കേണ്ടത്? ഏതു ക്രമത്തിനനുസരിച്ചാണ് എഴുതേണ്ടത്? ഇവയിൽ ചില വിവരങ്ങൾ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, സാധാരണ, പ്രദർശനം, പന്തുകളി, കല്യാണം മുതലായ സംഗതികളെപ്പറ്റി ചില സൂചനങ്ങൾ അറിഞ്ഞിരിക്കാനുണ്ട്.

ഒരു റിപ്പോർട്ടറെ മേല്പറഞ്ഞ വല്ല കാര്യത്തിനായും നിയോഗിച്ചിരുന്നാൽ, അയാൾ ആദ്യമായി ചെയ്യേണ്ടത് അതുസംബന്ധിച്ച് മുൻകൂട്ടി ലഭിക്കാവുന്നെടത്തോളം വിവരങ്ങൾ അറിയുകയാണ്. പത്രത്തിന്റെ മുൻലക്കങ്ങളിൽ അതിനെപ്പറ്റി പ്രസ്താവിച്ചിരുന്നാൽ, അതൊക്കെ വായിച്ച് മനസ്സിലാക്കണം. അതില്ലെങ്കിൽ, അതിലെ നടപടി വിവരങ്ങൾക്ക് വ്യവസ്ഥാപത്രം തയ്യാറാക്കിയിരുന്നാൽ, അതിലൊരു പ്രതി മേടിച്ച് വിവരങ്ങൾ ഗ്രഹിക്കണം. ഒരു സംഗതിയെപ്പറ്റി ഏതൊക്കെ നിലകളിൽ നിന്ന് നോക്കി അറിയേണമോ അതൊക്കെ നടത്തിയിട്ടു വേണം റിപ്പോർട്ട് എഴുതുവാൻ.