അറികയും വേണം. ഉല്ലസിപ്പാനുള്ള സന്ദർഭങ്ങളെല്ലാം തനിക്കും, ഖേദങ്ങളൊക്കെ കീഴ്‍ത്തരക്കാർക്കുമായി വീതിക്കുന്ന നിവേദകാദ്ധ്യക്ഷന്റെ സ്വാർത്ഥപ്രതിപത്തി പത്രനടപ്പിന്ന് ചിലപ്പോൾ അസ്വരസകാരണമായിത്തീർന്നേക്കും. കീഴ്‍ത്തരക്കാരെ കരുണവെച്ചു കൊണ്ടുനടത്തുന്നതായാൽ, അവർ ഏതു കാര്യത്തിലും മേലുദ്യോഗസ്ഥനെ സഹായിക്കാൻ ഒരുക്കമായിരിക്കും.
ഉപപത്രാധിപരുടെ പ്രവൃത്തി എത്ര കഷ്ടപ്പാടുള്ളതാണെന്ന് പുറമേയുള്ളവർ അറിയാറില്ല. ഇങ്ങനെയൊരു പണിക്കാരൻ പത്രകാര്യാലയത്തിൽ ഉണ്ടെന്നുകൂടി പത്രവായനക്കാർ അറിഞ്ഞിരിക്കയില്ല. വൃത്താന്തനിവേദകന്മാർ അവിടെയുമെവിടെയും ഓടിയെത്തി വർത്തമാനങ്ങൾ ശേഖരിക്കുന്നു, അവയെയൊക്കെ, പ്രസാധകൻ അല്ലെങ്കിൽ പത്രാധിപർ എന്നൊരു സ്വരൂപം അച്ചടിപ്പിച്ചു പുറപ്പെടുവിക്കുന്നു, എന്നായിരിക്കും ചിലർ വിചാരിക്കുന്നത്. എന്നാൽ, പ്രധാന പ്രസാധകന് അത്രയേറെ പണിയൊന്നുമില്ല; പത്രത്തിന്റെ നിലതെറ്റാതെ കൊണ്ടുനടത്തുക, മുഖപ്രസംഗങ്ങൾക്കു വിഷയങ്ങൾ നിശ്ചയിക്ക അവയിൽ ഇന്നസംഗതികൾ അടങ്ങിയിരിക്കണമെന്ന് ഉപദേശിക്ക, ആവശ്യംവന്നാൽ താൻതന്നെ മുഖപ്രസംഗം എഴുതുക, പത്രത്തിന്റെ വകയായി പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾക്കൊക്കെ ഉത്തരവാദിയായി നിൽക്കുക--ഇങ്ങനെ ചില പണികളെ പ്രധാന പത്രാധിപർക്കുള്ളു. ഈ ഉദ്യോഗസ്ഥനെഴുതുന്ന ഉപന്യാസങ്ങളും പ്രത്യേകവ്യവസ്ഥകളിൽ പ്രമാണികൾ എഴുതി അയയ്ക്കാറുള്ള വിശിഷ്ടോപന്യാസങ്ങളും കഴിച്ചാൽ, പത്രത്തിലുള്ള മറ്റു സകല ലേഖനങ്ങളും ഉപപത്രാധിപരുടെ കൈയിൽ കൂടെ കടന്നുവേണം പോവാൻ. വർത്തമാനങ്ങൾ സന്ദേശങ്ങൾ മുതലായവയെല്ലാം പരിശോധിച്ചുവിടുന്നതും, പത്രത്തിന്റെ ഉള്ളടക്കങ്ങൾ എത്രത്തോളമായി എന്ന് അന്വേഷിച്ചുകൊള്ളുന്നതും, മറ്റു പലേ കാര്യങ്ങളും ഉപപത്രാധിപരുടെ ചുമതലയിലാണ്. ഈ ഉദ്യോഗസ്ഥന്റെ ക്ലേശങ്ങൾ ഒന്നു രണ്ടല്ല, താലൂക്കു തോറുമുള്ള ലേഖകന്മാരുടെ വർത്തമാനക്കത്തുകൾ, കമ്പിവാർത്തകൾ, നഗരവാർത്തകൾ, വ്യവഹാര വാർത്തകൾ മുതലായ നാനാപ്രകാരേണയുള്ള ലേഖനങ്ങളൊക്കെ വന്ന് കുന്നുപോലെ കൂടിയിരിക്കും.