താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 11
പത്രപ്രസാധനം

പത്രപ്രസാധനത്തിങ്കൽ മുഖ്യചുമതലക്കാരായ ഉദ്യോഗസ്ഥൻമാർ ചീഫ്റിപ്പോർട്ടർ അല്ലെങ്കിൽ നിവേദകാധ്യക്ഷൻ, സബ് എഡിറ്റർ അല്ലെങ്കിൽ ഉപപത്രാധിപർ, ചീഫ് എഡിറ്റർ അല്ലെങ്കിൽ പ്രധാന പ്രസാധകൻ എന്നിവരാണ്. വളരെ ധനശക്തിയോടുകൂടി നടത്തുന്ന പ്രതിദിനപത്രങ്ങൾക്ക് ഈ വിവിധ പ്രവൃത്തികൾ നിർവഹിപ്പാൻ വേറെ വേറെ ആളുകൾ ഉണ്ടായിരിക്കും. എന്നാൽ സാമാന്യനിലയിൽ നടക്കുന്ന പ്രതിവാരപത്രങ്ങൾക്കു ഇവയിൽ രണ്ടോ അതിലേറെയോ പണികൾ ഒരാൾതന്നെ വഹിച്ചുകൊള്ളുന്നു. ഒരു പ്രതിവാരപത്രത്തിന്നു നിവേദകാധ്യക്ഷനായും ഉപപത്രാധിപരായും ഇരിപ്പാൻ ഒറ്റ ഒരാൾക്കു സാധിക്കും. ചിലപ്പോൾ ഇയാൾതന്നെ പ്രധാനപ്രസാധകനായും പണിയെടുത്തുകൊള്ളും. പ്രതിദിനപത്രങ്ങളിൽ പ്രവൃത്തി പലതുള്ളതിനാൽ, ഓരോന്നിനും വെവ്വേറെ ആളെ നിശ്ചയിക്കുന്നത് പണിനടപ്പാൻ സൗകര്യമായിരിക്കുന്നതാകകൊണ്ട്, മേല്പറഞ്ഞ പല ഉദ്യോഗസ്ഥൻമാരും ഉണ്ടായിരിക്കാൻ ആവശ്യമുണ്ട്.

ഇവരിൽ, നിവേദകാധ്യക്ഷന്റെ പ്രവൃത്തി, തന്റെ കീഴിലുള്ള റിപ്പോർട്ടർമാർക്കു അന്നന്നത്തെ പണികൾ നിശ്ചയിക്കയും, അവരുടെ വൃത്താന്താഖ്യാനങ്ങളെ പരിശേധിക്കയും, താൻ കൂടെ ചില സംഗതികൾക്ക് സന്നിഹിതനായിരുന്ന് അവയെപ്പറ്റി റിപ്പോർട്ടുകൾ എഴുതുകയും ആണ്. കീഴിലുള്ളവരെ ഓരോ പണികൾക്ക് നിയോഗിക്കുമ്പോൾ, ഔചിത്യം നോക്കിവേണം അവരെ നിശ്ചയിപ്പാൻ. സംഗീതത്തിൽ അഭിരുചിയുള്ളവനെ കോടതിയിൽ വ്യവഹാരം കേൾക്കുന്നതിനും; നിയമകാര്യങ്ങളിൽ താല്പര്യമുള്ളവനെ നാടകസംഗീതാദി വിനോദങ്ങൾക്കും; പന്തുകളിക്കാരനെ സഭായോഗത്തിനും നിയോഗിച്ചാൽ, അവരുടെ റിപ്പോർട്ടുകൾ വെള്ളത്തിൽനിന്ന് കരയ്ക്കുപിടിച്ചിട്ട മൽസ്യത്തിന്റെ നീന്തൽപോലെ ആയിപ്പോയേക്കും. അവരെ അവരുടെ അഭിരുചി അനുസരിച്ച് നിശ്ചയിക്കേണ്ടതിന്നുംപുറമെ, അവരുടെ ക്ലേശങ്ങളെ അധ്യക്ഷൻ