താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അവിടത്തെ പോലീസ് സ്റ്റേഷനു തീവെച്ചു. ചിലഭാഗം വെന്തു. ലഹളക്കാർ കൊട്ടാരത്തെ ആക്രമിപ്പാൻ ഉദ്യമിച്ചു; കടന്നില്ല. കല്ലേറുണ്ടായി. പോലീസുകാർ ചിലരെ കുറ്റക്കാരായി സംശയിച്ചു പിടിച്ചു. അന്വേഷണം നടക്കുന്നു" എന്ന് ചുരുക്കത്തിൽ ഒരു കമ്പിവാർത്ത തന്റെ പത്രത്തിലേക്കയയ്ക്കുന്നു. പിന്നെ, ലഹളയുടെ പലേ വിവരങ്ങളേയും വഴിക്കുവഴിയായി വർണ്ണിച്ചു ദീർഘലേഖനം എഴുതുന്നു. അവൻ എഴുതിപ്പോകുന്തോറും, "പാലാഴി തന്നിൽ തിരമാലകളെന്നപോലെ" അവന്റെ ഉള്ളിൽനിന്ന് തൂവൽത്തുമ്പു വഴിയായി സരസവും ഉചിതവുമായ പദാവലികൾ കടലാസ്സിൽ തള്ളിത്തള്ളിപ്പരക്കുന്നു. ഇടയ്ക്കിട, കൂടുതലായി വിവരങ്ങൾ അറിയുന്തോറും പുതിയ കമ്പിവാർത്തകൾ അയയ്ക്കുന്നു. പിന്നീടു ലേഖനം തുടരുന്നു. തീരുന്നതുതീരുന്നതു ലക്കോട്ടിലാക്കി തപ്പാലിലെക്കയയ്ക്കുന്നു. ഇപ്രകാരം, ലഹളവാർത്തകൾ മുഴുവൻ കഴിയുംവരെയും പത്രക്കാരൻ എഴുതിയെഴുതിത്തള്ളുന്നു. അവന്റെ ശക്തിയും എഴുതേണ്ട വിഷയവും അവസാനിക്കുന്നു. ഇങ്ങനെയാണ് ഒരു സാക്ഷാൽ പത്രക്കാരൻ ചെയ്യുന്നത്. അവന്നു രാവിലെ ആഹാരം മുഴുവൻ കഴിക്കേണമെന്നും, പിന്നെ സ്വജനങ്ങളുമായി കൂടിയിരുന്നു സല്ലപിച്ചു വിശ്രമിക്കേണമെന്നും, അതും കഴിഞ്ഞിട്ടു ലഹളവാർത്ത അന്വേഷിച്ചുപോകാമെന്നും വിചാരമാണുള്ളതെങ്കിൽ അവനെക്കൊണ്ട് പത്രക്കാരനായിരിപ്പാൻ ആവുകയില്ല.

അവന്ന് എപ്പൊഴും ഇത്തരം ഭയങ്കര സംഭവങ്ങളെ ഉണ്ടാകുമാറുള്ളു എന്നു വിചാരിക്കരുത്. ചിലപ്പൊഴൊക്കെ ഉത്സവകാര്യങ്ങൾക്കും കൂടാം. ഏതൊന്നായാലും, അവന്നു നല്ല പ്രേക്ഷാശക്തിയും, താൻ കണ്ടറിഞ്ഞത് പറഞ്ഞു ഫലിപ്പിക്കാൻ തക്ക വാഗ്വൈഭവവും ഉണ്ടായിരുന്നില്ലെങ്കിൽ, അവന്റെ ശ്രമം നിഷ്പ്രയോജനമായിത്തീരും, നിശ്ചയം. അവൻ നടന്ന വസ്തുസ്ഥിതികളെ രസകരമായവിധം വർണ്ണിച്ചിട്ടില്ലെങ്കിൽ അത്, വായനക്കാരുടെ ഉള്ളിൽ തട്ടുകയില്ല. അതു അവർക്കു കേവലം ശൂഷ്ക്കതൃണമ്പോലെ തോന്നും. അവന്റെ മനസ്സിൽ പതിഞ്ഞതായ ആശയങ്ങളൊക്കെ നല്ലവണ്ണം പ്രതിഫലിപ്പിക്കണം. ഈ പ്രവൃത്തി ഒരുവൻ തനിയേ ചെയ്യുന്നെടത്തോളം പലർകൂടി ഒത്തു