താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അറിയുന്ന ആളുകളും സർക്കാരധികൃതന്മാരും, അവനെ ഒരുവിധത്തിൽ കാണുകയും, അവന്നു അതു നിമിത്തം അകത്തുപോവാൻ സാധിക്കയും ചെയ്യുന്നു അവൻ അവിടെ കാണുന്നതെന്ത്? ഒരു പോലീസ് സ്റ്റേഷനെ തീവെച്ചു നശിപ്പിക്കാൻ ആരോ യത്നിച്ചതിനെ അധികൃതന്മാർ ഒരു വിധത്തിൽ തടുക്കുകയാകുന്നു. സർക്കാരധികൃതന്മാർ പുരപൊളിക്കുന്നു; ഉള്ളിൽ കടന്ന് തടവുമുറിയിലെ പുള്ളികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു; ചിലർ തീ കെടുത്തുന്നു. അവരുടെ മേൽ കൽക്കഷണങ്ങൾ വർഷിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു സ്ഥലത്തു ആൾക്കൂട്ടം വർദ്ധിച്ച് കൊട്ടാരത്തെ അതിക്രമിപ്പാൻ ഒരുങ്ങുന്നതായി പത്രക്കാരൻ കേൾക്കുന്നു. അവൻ ശീഘ്രം അവിടേക്കു ഓടുന്നു. അവിടെ ഒട്ടേറെ ആളുകൾ കൂടീട്ടുണ്ട്. ചിലർ കൊട്ടാരത്തിന്റെ നേർക്കു കല്ലെറിയുന്നു. ചിലർ നിലവിളി കൂട്ടുന്നു. പത്രക്കാരൻ സർക്കാരധികൃതന്മാരുടെ പിറകെകൂടി എത്തി ഇതൊക്കെ കാണുന്നു. ഈ സമയമൊക്കെയും, അവന്റെ ഒരു കൈയിലെ പെൻസിലും മറ്റെ കൈയിലെ ഓർമ്മക്കുറിപ്പു പുസ്തകവുമായി പല കുറി തമ്മിൽ ചേരുന്നുണ്ട്. അവൻ യഥാശക്തി വിവരങ്ങൾ കുറിക്കയാണ് ചെയ്യുന്നത്. അതാ മജിസ്ട്രേട്ട് കുറ്റക്കാരെ പിടിപ്പാൻ പോലീസിന്ന് അധികാരം കൊടുക്കുന്നു. അവർ അങ്ങിങ്ങോടുന്നു. ചിലരെ ബന്ധിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നതായി പത്രക്കാരൻ കേൾക്കുന്നു. അവൻ ഒരു നിമിഷനേരംകൊണ്ട് സ്റ്റേഷനിൽ എത്തുന്നു. അതാ ഒരുവനെ ചില കാൺസ്റ്റബിൾമാർ ചെന്നു കൈവിലങ്ങുവെച്ചു ഉന്തിയും തള്ളിയും കൊണ്ടു വരുന്നു; മറ്റൊരുവനെ വേറെ ഒരു കൂട്ടർ ബന്ധിച്ചുകൊണ്ടുവരുന്ന ബഹളം മറ്റൊരു ഭാഗത്ത്. പിടിക്കപ്പെട്ടവരെ കാൺസ്റ്റബിൾമാർ അടിക്കുന്നു, ഇടിക്കുന്നു, ചവിട്ടുന്നു. ഗദകൊണ്ടു പ്രഹരിക്കുന്നു. ഇത്യാദി പലതും കഴിയുന്നു. പോലീസുകാരും പട്ടാളക്കാരും രാജപാതകളിൽനിന്നു ആളുകളെയൊക്കെ അകറ്റിക്കളയുന്നു. ലഹളയുടെ ബഹളവും ശമിക്കുന്നു. പത്രക്കാരന്റെ നില അവിടെ ഉറയ്ക്കുന്നില്ല. അവൻ വായുവേഗത്തിൽ പാഞ്ഞ് കമ്പിയാപ്പീസിൽ എത്തുന്നു. "ഇന്നു രാവിലെ..........മണി സമയം.....സ്ഥലത്തു ഒരു മഹാലഹള നടന്നിരിക്കുന്നു.