Jump to content

താൾ:മംഗളമഞ്ജരി.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലാഴിപ്പൈതലാൾതൻ പടുനടനമലർ-
പ്പന്തലായും ത്രിലോകീ-
ഭാലാലങ്കാരമായും ഭവികസമുദയോ-
ദാരകേദാരമായും
ചേലാളും ദാക്ഷിണാത്യക്ഷിതിയുടെ പുകളിൻ
വഞ്ചിയാം വഞ്ചിദേശം
വേലാതീതപ്രഭാവത്തൊടു വിരുതിൽ വിള-
ങ്ങുന്നു വിശ്വൈകവശ്യം       

വാണീകാന്തൻ യജിച്ചും, ദനുജരിപു സുഖ-
സ്വാപമാർന്നും, ഗിരീശൻ
ക്ഷോണീരക്ഷയ്ക്കിണങ്ങും വിധമവതരണം
ചെയ്തു,മിന്ദ്രൻ തപിച്ചും,
വാണീടാർന്നുല്ലസിക്കും വസുമതി! മഹിതേ!
വഞ്ചി! നിൻചിത്രവൃത്തം
നാണീയസ്സാം പ്രശസ്തിദ്ധ്വജമുലകുപതി-
ന്നാലിലും നാട്ടിടുന്നു       

ഇപ്പാരാവാരകാഞ്ചീതടമകുടമണി-
ക്കീശരാകുന്ന സാക്ഷാൽ-
ത്തൃപ്പാപ്പൂരന്വയാംഭോനിധിയിലുദിതരാം
ക്ഷത്രനക്ഷത്രനാഥർ
നൽപ്പാൽ കുമ്പിട്ട കീർത്തിക്കതിർ നവനവമായ്
നാട്ടിലെങ്ങും പരത്തി-
ത്തൽപ്പാദം തന്നെതാങ്ങും തണലുമുലകിനെ-
ന്നുള്ളമട്ടുല്ലസിപ്പൂ.       

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/4&oldid=174046" എന്ന താളിൽനിന്ന് ശേഖരിച്ചത്