താൾ:മംഗളമഞ്ജരി.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നോമൽക്കാന്തി താഴ്ത്തിദ്ധവളധവളമായ്
  ശക്രലോകത്തിലേക്കീ-
മന്നോർതന്മഞ്ജുളപ്പൂമ്പുകളണവതു ത-
  ദ്വംശമൂലം ശശാങ്കൻ
അന്നോടന്നംബരാന്തസ്സമുദിതനവലോ-
  കിപ്പു;ദർപ്പോദ്ധതത്വം
കുന്നോളം കൂടുവോർക്കും കുലജകൃതപരാ-
  ഭൂതി സമ്പ്രീതിഹേതു       

പാരാകെപ്പത്തുമെട്ടും ദിനമശരണമായ്
  ഭാരതായോധനത്തിൽ-
പ്പാരാതേർപ്പെട്ടു മാഴ്കുന്നളവരികിലിരു-
  ന്നന്നദാനം നിദാനം
ആരാപ്പോരാളിമാർക്കന്നലിവൊടരുളി,യ
  ദ്ധർമ്മജാതാവലംബം
പേരാർന്നീടും പെരുഞ്ചോറ്റുദയനൊരു മഹ-
  സ്സാർന്ന വഞ്ചീന്ദ്രനല്ലോ       

അക്കാലംതൊട്ടശേഷക്ഷിതിധവരുമവ-
  ർക്കുള്ളൊരാദർശമെന്നായ്-
സ്സൽക്കാരം ചെയ്തിടേണ്ടും സരണിയിൽ മുറപോൽ-
  സ്സാധുസംരക്ഷചെയ്തും
ചിൽക്കാതൽക്കാലടിത്താരിണ ദൃഢതരമായ്-
  ച്ചിത്തരംഗത്തിൽ നിർത്തി-
ത്തൽകാരുണ്യം ലഭിച്ചും ധരയിലിവർ ലസി-
  ക്കുന്നു ധന്യാഗ്രഗണ്യർ.       

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/5&oldid=174047" എന്ന താളിൽനിന്ന് ശേഖരിച്ചത്