'എല്ലാവൎക്കുമുണ്ടു്. സ്നേഹമുള്ള ദിക്കിൽ വിശ്വാസവും ഉണ്ടാവും. വിശ്വസിക്കുവാനുള്ള സമയമായിട്ടില്ല.'
'എന്നാൽ കാൎയ്യംസാധിച്ചാലേ ഇതു ഞാൻതരുള്ളു.' എന്നു പറഞ്ഞു ഒരു കടലാസ്സു മടിയിൽ തിരുകി.
'വെറുതേ ശാഠ്യം പിടിക്കേണ്ട'. എന്നു രണ്ടാമത്തേ ആൾ പുഞ്ചിരിയോടുകൂടി പറഞ്ഞുകൊണ്ടു ആദ്യത്തവന്റെ മടിക്കുത്തിന്മേൽ കൈവെച്ചു.
'അരുതു കേട്ടോ! ഇതു കളിയാവില്ല' എന്നു ചുണ്ടും മൂക്കും വിറപ്പിച്ചുംകൊണ്ടു പറഞ്ഞിട്ടു ആദ്യത്തെ ആൾ പിന്നാക്കം മാറി.
'അല്ലാ! കളിവിട്ടു കാൎയ്യത്തിൽ കലാശിച്ചോ? മനസ്സുണ്ടായിട്ടു പതുക്കെ സംസാരിക്കു' എന്നു പറഞ്ഞു രണ്ടാമത്തെ ആൾ ആദ്യത്തവന്റെ പുറത്തൊന്നു തലോടി. അപ്പോൾ ഒന്നാമൻ-
'നിങ്ങൾക്കു വീണവായന. എനിക്കു പ്രാണവേദന. നിങ്ങൾ കുട്ടിക്കുരങ്ങിനെക്കൊണ്ടു ചോറുമാന്തിച്ചിട്ടു് എന്നെയിട്ടു വട്ടത്തിലാക്കുകയാണു്' എന്നു പറഞ്ഞു തേങ്ങിത്തേങ്ങി കരയുവാൻ തുടങ്ങി.
സമസ്താപരാധം. ഞാൻ പറഞ്ഞതൊക്കെ ക്ഷമിക്കണം. ഇത്ര കലശലാവുമെന്നു ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ നേരമ്പോക്കു കാണിക്കുവാനും പറയുവാനും പുറപ്പെടില്ലായിരുന്നു എന്നു രണ്ടാമൻ താഴ്മയോടുകൂടി പറഞ്ഞപ്പോൾ ഒന്നാമന്റെ മുഖം കുറഞ്ഞൊന്നു തെളിഞ്ഞു എങ്കിലും അവിശ്വാസം സൂചിപ്പിച്ചുകൊണ്ടു രണ്ടാമന്റെ നേരെ നോക്കിയതല്ലാതെ വ്യസനം മുഴുവനും അടക്കി അഭിപ്രായം തുറന്നു ചോദിക്കുവാൻ ശക്തനായില്ല. അപ്പോൾ രണ്ടാമൻ അയാളുടെ ഉള്ളറിഞ്ഞു്;