Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
70


'ഇന്നേയ്ക്കു ഏഴാംദിവസത്തിനകം വേണ്ടതൊക്കെ നടത്തിക്കഴിഞ്ഞിട്ടില്ലെങ്കിൽ, എന്നെ ഇങ്ങനെ വിളിച്ചോളു' എന്നു പറഞ്ഞു മുഖത്തിന്റെ നേരെ കയ്യൊന്നു ഞൊടിച്ചു. ഒന്നാമൻ പിന്നെയും യാതൊരക്ഷരവും ഉച്ചരിക്കാതെ ഉള്ളങ്കൈ നീട്ടി കാണിച്ചുകൊടുത്തു. രണ്ടാമൻ കയ്യടിച്ചതോടുകൂടി രണ്ടുപേരും തമ്മിൽ പിരിയുകയും ചെയ്തു.

ഈ ഗൂഢസംഭാഷണം നടന്ന പ്രദേശം നമ്മൾക്കു പരിചയമുള്ള കാടിന്റെ നടുവിൽതന്നെ ഒരു സ്ഥലമായിരുന്നു. ഈ അടവി ദേവകിക്കുട്ടിയും കുമാരൻനായരും തെരഞ്ഞെടുത്തിട്ടുള്ള സ്വൈരസല്ലാപരംഗത്തിൽനിന്നു വളരെ ദൂരത്തല്ല. ഗ്രീഷ്മകാലത്തെ മദ്ധ്യാഹ്നത്തിൽപോലും സൂര്യശ്മിക്കു പ്രവേശിക്കുവാൻ പഴുതുകൊടുക്കാത്ത ഈ കാന്താരമൎമ്മം ഭേദിക്കുവാൻ, പിറന്നിട്ടു നാലാംപക്കം പോലും കഴിയാത്ത ബാലചന്ദ്രന്റെ കിരണങ്ങൾ എത്രതന്നെ ശ്രമിച്ചാലും സാധിക്കുന്നതാണോ? ഈ അടവിയിൽ ഈന്തൽ, കൈത മുതലായ തൃണവൃക്ഷങ്ങൾ തിക്കിത്തിരക്കി നിൽക്കുന്നതിന്റെ മറവിൽ നിന്നുകൊണ്ടാണു് ഇവർ സംസാരിച്ചിരുന്നതു്.

സംവാദത്തിന്റെ ഇടയ്ക്കു ഒന്നാമന്റെ ശ്രുതി ക്രമത്തിനു മുഴുത്തുവന്നിരുന്നു എങ്കിലും, അതുകൊണ്ടുണ്ടായ ശബ്ദം ഗൂഢസംഭാഷണത്തെ പരസ്യമാക്കത്തക്ക വിധത്തിൽ പ്രകൃതരംഗംവിട്ടു അകലെയെങ്ങും വ്യാപിച്ചില്ല. അടവിയിൽ കുടിപാൎത്തിരുന്ന പക്ഷിവൎഗ്ഗങ്ങളെ ഇളക്കിത്തീൎത്തു അവയുടെ വിജനവാസസുഖത്തിനു ഭംഗം വരുത്തി അവിടെതന്നെ ഒതുങ്ങിയതേ ഉള്ളു. സ്വകാൎയ്യം പറവാൻ ഇങ്ങിനെയൊരു സ്ഥലം തേടിക്കണ്ടുപിടിച്ചതു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/76&oldid=173989" എന്ന താളിൽനിന്ന് ശേഖരിച്ചത്