'ഇല്ല, എന്നു മാത്രമല്ല ഞാൻ ഇവിടെ ഇല്ലാത്ത സമയം അകം തുറന്നിടാറുമില്ല.'
'അകം തുറന്നു കിടക്കുമ്പോൾ ആസ്പത്രിവിട്ടു ഈയ്യിടെ എങ്ങും നിങ്ങൾ പുറത്തു പോയിട്ടില്ലേ?'
'പരിവട്ടുത്തു കുമാരൻ നായർ ഇന്നലെ മരുന്നു മേടിക്കുവാൻ ഇവിടെ വന്നിരുന്നപ്പോൾ അദ്ദേഹമായിട്ടു സംസാരിച്ചുകൊണ്ടു കുറച്ചുനേരം പിന്നാലെ പോയി. കഷ്ടിച്ചൊരു അഞ്ചു മിന്നിട്ടുനേരം ഇവിടെ ഇല്ലാതിരുന്നിരിക്കാം'
'നിങ്ങൾ സംസാരിച്ചുകൊണ്ടു പുറത്തേക്കു പോയതെന്തിനാണു്? ഇവിടെത്തന്നെ നിന്നു സംസാരിക്കുവാൻ വിരോധമെന്തായിരുന്നു?'
'മരുന്നു വാങ്ങിക്കൊണ്ടുപോകുവാൻ വന്ന രോഗികളിൽ ചിലർ ഇവിടെ കോലായിൽ നില്പുണ്ടായിരുന്നു ആയതുകൊണ്ടു കുമാരൻനായർക്കു സ്വകാര്യം പറവാൻ സൌകര്യമുണ്ടായിരുന്നില്ല. ഇതാണു പുറത്തേക്കു പോകുവാൻ കാരണം.'
'നിങ്ങൾ ഈ കേസ്സിൽ ഉൾപ്പെടാതെ കഴിച്ചാൽ കൊള്ളാമെന്നു മോഹമുണ്ടെങ്കിൽ ഉണ്ടായ സംഗതികളെല്ലാം എന്നോടു തുറന്നു പറയണം. അല്ലെങ്കിൽ ഒടുവിൽ വ്യസനിക്കേണ്ടി വന്നേക്കാം.'
'അയ്യോ! എന്റെ ഭാസ്ക്കരമേന്നേ! ഈ സാധുവിനെ വെറുതേ ശങ്കിക്കരുതേ. ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനോൻ ഒരു നൂലു പണയംവെച്ചു അഞ്ചുറുപ്പിക എന്നോടുവാങ്ങിച്ചിട്ടുണ്ടായിരുന്നു. ആ നൂലു കുമാരൻനായരുടെ ഉടപ്പിറന്നവളായ അമ്മുവിന്റെയാണത്രെ. കടം തീർത്തു പണ്ടം വാങ്ങിക്കൊണ്ടുപോകേണ്ട ആവശ്യത്തിന്നും; പതിവായിട്ടു ശീലിച്ചുവരുന്ന മരുന്നു വാങ്ങേണ്ടതിലേക്കും