താൾ:ഭാസ്ക്കരമേനോൻ.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
32


'കിട്ടുണ്ണിമേനവനെ ഒടുവിൽ ജീവനോടുകൂടി കണ്ടതാരാണു' എന്നു ചോദിച്ചു.

അവിടെ കൂടിയിട്ടുണ്ടായിരുന്ന പുളിങ്ങോട്ടെ പെരുമാറ്റക്കാരിൽ ഒരുത്തനും യാതൊരു മറുവടിയും പറഞ്ഞില്ല. കളവിന്റെ ഊടെടുക്കുന്നതിൽ തനിക്കുള്ള സാമൎത്ഥ്യം കാണിക്കുവാനുള്ള ശുഷ്കാന്തികൊണ്ടു പല ചോദ്യങ്ങളുടേയും ഇടക്കു ഉപായത്തിൽ ഉപയോഗിക്കേണ്ടുന്ന ചോദ്യത്തെ ഇൻസ്പ്ക്ടർ ആദ്യംതന്നെ എടുത്തു പ്രയോഗിച്ചതു പരിഹാസാസ്പദമായിത്തീൎന്നുവെന്നു അവിടെ നിന്നിരുന്നവരിൽ ചിലരുടെ മുഖത്തു ഒളിവായി സ്ഫുരിച്ചിരുന്ന പുഞ്ചിരിയിൽനിന്നു അറിയാമായിരുന്നു. കുണ്ടുണ്ണിനായർ തന്റെ സൂത്രം ഫലിച്ചില്ലെന്നുകണ്ടു ചോദ്യത്തിന്റെ സമ്പ്രദായം ഒന്നു മാറ്റി.

'ഇദ്ദേഹം മരിച്ചുകിടക്കുന്നതു നിങ്ങളിൽ ആരാണു് മുമ്പിൽ കണ്ടതു്?'

ഇതിനുത്തരമായി കുഞ്ഞിരാമൻനായർ ഇപ്രകാരം പറഞ്ഞു-

'ഇന്നലെ ഏകദേശം അർദ്ധരാത്രിക്കുശേഷം ഒരു സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണൎന്നപ്പോൾ അകത്തുനിന്നു ഒരു ശബ്ദം കേട്ടുവെന്നു തോന്നി. ഇവിടെ കിടന്നിരുന്നവരിൽ ആരും ഉണൎന്നിട്ടുണ്ടായിരുന്നില്ല. എഴുന്നേറ്റു അകത്തുചെന്നു കെട്ടിരുന്ന വിളക്കുകൊളുത്തിനോക്കിയപ്പോൾ അദ്ദേഹം മരിച്ചുകിടക്കുന്നപോലെ തോന്നി.'

'എന്നിട്ടു നിങ്ങൾ എന്തുചെയ്തു?'

'അപ്പാത്തിക്കരിയെ കൂട്ടിക്കൊണ്ടു വരുവാനായി വാലിയക്കാരൻ ഗോവിന്ദനെ അമ്പലക്കാട്ടേക്കു അയച്ചു.'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/38&oldid=173947" എന്ന താളിൽനിന്ന് ശേഖരിച്ചത്