താൾ:ഭാസ്ക്കരമേനോൻ.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22


പോലെയെന്നൊ, ഘണ്ടാമൃഗമൂക്കെന്നൊ പറയേണ്ടതെന്നു രൂപമില്ല. ബീഭത്സമാകുംവണ്ണം പരന്നു വിടർന്നിട്ടുള്ളതിനു പുറമെ മൂക്കിന്റെ അഗ്രഭാഗം മേല്പ്പോട്ടുമടങ്ങീട്ടുമുണ്ടു്. കവിളുകൾ രണ്ടുവശത്തും സഞ്ചികൾപോലെ തൂങ്ങിക്കിടക്കുന്നതുകൊണ്ടു താടിയുടെ സമീപത്തിലുള്ള വർത്തമാനമൊന്നും അറിഞ്ഞുകൂടാ. സ്വതേന്നെ ഇടുങ്ങിയ കഴുത്തു മേദസ്സുവർദ്ധിച്ചിട്ടു കനംകേറ്റിയ പച്ചക്കളിമണ്ണുപോലെ നാലുപുറവും പരന്നു വശായിട്ടുണ്ടു്. ശരീരമാസകലം മേദസ്സുവർദ്ധിച്ചിട്ടു കസാലയിൽ ഒതുങ്ങാതെ തിങ്ങിവിങ്ങി പല ഭാഗങ്ങളും കസാലയുടെ പഴുതുകളിൽകൂടി പുറത്തേക്കു പുറപ്പെട്ടിട്ടുണ്ടു്. വയർ കുപ്പായം ഭേദിച്ചു പുറത്തേക്കു ചാടുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഉയരം ഉദ്ദേശം ഒത്തകോൽക്കു രണ്ടുകോലിൽ കുറയാതെയുണ്ടു്. എങ്കിലും വണ്ണത്തിനടുത്ത പൊക്കം ഇല്ലായ്കകൊണ്ടു കാഴ്ചയിൽ ഇദ്ദേഹം ഒരു ഒത്താളെന്നു കാണികൾക്കു തോന്നുന്നതല്ല. നിറം ഒരുവിധം വെളുത്താണു്. ആകെക്കൂടി ആനന്ദപുരം ഇൻസ്പെക്ടർ സാധാരണ ബ്രഹ്മസൃഷ്ടികളിൽ ഒന്നും ഉൾപ്പെടുന്നവനല്ല. അത്യന്തപരിശ്രമംകൊണ്ടു നിജവേലയിൽ വിമുഖനായ വിധാതാവു സുഖനിദ്രയിൽ ലയിച്ചിരിക്കുമ്പോൾ ചക്ഷൂരാദി ഇന്ദ്രിയങ്ങളും മനസ്സും മന്ദീഭവിച്ചതറിയാതെ ശീലംകൊണ്ടു കൈകൾ പ്രവൃത്തിനടത്തുകയും പക്ഷഭേദം കൂടാതെ മൃഗങ്ങളുടെയും മനുഷ്യരുടെയും അവയവങ്ങൾ കൂട്ടിച്ചേർത്തു തട്ടിപ്പടച്ചു ഒരു സ്വരൂപം തീർക്കുകയും ചെയ്തുകഴിഞ്ഞപ്പോഴാണു ബ്രഹ്മാവു ഉണർന്നുവശായതു്. മുമ്പിൽനില്ക്കുന്ന ആ സ്വരൂപത്തെ കണ്ടു കയർത്തു അർദ്ധചന്ദ്രം പ്രയോഗിച്ചപ്പോൾ ശക്തിയോടു മലർന്നു വീണതുകൊണ്ടായിരിക്കാം പിൻഭാഗം ഒട്ടുമുക്കാലും ഒരു നിരപ്പിൽ കിടക്കുന്നതു്.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/28&oldid=173936" എന്ന താളിൽനിന്ന് ശേഖരിച്ചത്