എന്തിനു വളരെപ്പറയുന്നു! നമ്മുടെ കുണ്ടുണ്ണിനായരെ കാണുമ്പോൾ ഭയമോ ബീഭത്സമൊ, മനസ്സിൽ മുൻപിട്ടുനിൽക്കുകയെന്നു വളരെ സംശയത്തിലാണു്. യൌവനകാലത്തും ഇദ്ദേഹം ഇത്ര വിരൂപനായിരുന്നുവെങ്കിൽ സൌഭാഗ്യവതിയായ ചേരിപ്പറമ്പിൽ കുട്ടിപ്പാറുഅമ്മ ഇദ്ദേഹത്തിനെ ഭർത്താവായിട്ടു സ്വീകരിച്ചതു കേവലം നിഷ്കളങ്കമായ അനുരാഗം കൊണ്ടാണെന്നു ഒരിക്കലും വിശ്വസിക്കുവാൻ പാടുള്ളതല്ല. ഒന്നുകിൽ സ്ത്രീകൾക്കു താരുണ്യദശയിൽ സാമാന്യമായുണ്ടാകുന്ന ആ മനോവികാരത്തെ മറച്ചുവെച്ചു ദാരിദ്ര്യനിവൃത്തിക്കുവേണ്ടി കുട്ടിപ്പാറുഅമ്മ ഇദ്ദേഹത്തിനെ അംഗീകരിച്ചതായിരിക്കാം. അല്ലെങ്കിൽ ഇപ്പോൾ ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്ന വൈരൂപ്യം ഉദ്യോഗമേദസ്സിന്റെ ഫലമാണെന്നും വന്നേയ്ക്കാം.
ആകൃതികൊണ്ടു ഇൻസ്പെക്ടരും സ്റ്റേഷൻ ആപ്സരും തമ്മിൽ അജവും ഗജവും തമ്മിൽ എന്നപോലെ വ്യത്യാസമുണ്ടു്. ഭാസ്കരമേനോൻ വളരെ പ്രസന്നമുഖനായിട്ടുള്ള ഒരാളാണു്. ആകൃതികൊണ്ടു ഏകദേശം പ്രകൃതിയെ ഊഹിക്കാമെങ്കിൽ യുവാവായ ഇദ്ദേഹത്തിന്റെ വിശാലമായ നെറ്റിത്തടത്തിലുള്ള ചുളിവുകൾ ആലോചനാശക്തിയേയും അതിങ്കലുള്ള പരിശീലനത്തേയും സൂചിപ്പിക്കുന്നുണ്ടു്. കനത്തു മുന്നോട്ടു തള്ളിയ പുരികക്കൊടികളും അതുകളുടെ ചുവട്ടിൽ വിളങ്ങുന്ന വിടർന്ന നയനങ്ങളും വളഞ്ഞുനീണ്ട മെലിഞ്ഞ മൂക്കും മുഖത്തു സ്വാഭാവികമായിട്ടു പ്രകാശിക്കുന്ന പുഞ്ചിരിയും ബുദ്ധിയുടെ തീഷ്ണത, സൂക്ഷ്മത, സ്ഥൈര്യം മുതലായ ഗുണങ്ങളെ നല്ലവണ്ണം പ്രകാശിപ്പിക്കുന്നുണ്ടു്. കനത്ത താടിയെല്ലു ഇദ്ദേഹം ഏറ്റവും ധൈര്യശാലിയെന്നു വിളിച്ചു പറയുന്നതിനു പുറമെ, കനക്കുറവുള്ള അധരോഷ്ഠങ്ങൾ ഇദ്ദേഹത്തിന്റെ