താൾ:ഭാസ്ക്കരമേനോൻ.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114


കൂടാതെ ഒരു പോലീസുകാരൻ പെരുവല്ലാനദിയുടെ കിഴക്കേക്കരയ്ക്കൽ പാലത്തിന്റെ മറവിൽ വന്നുനിന്നു. അയാളുടെ പിന്നാലെയുണ്ടായിരുന്ന ഒരാൾ കാട്ടിൽക്കടന്നു സായ്പ് പോയവഴി തേടുവാനും തുടങ്ങി.

മേൽ പ്രസ്താവിച്ച ഗൂഢസഞ്ചാരം അവസാനിച്ചപ്പോൾ നവമിച്ചന്ദ്രൻ ഉച്ചതിരിഞ്ഞഇട്ടു നാലിൽചില്വാനം നാഴിക കഴിഞ്ഞിരിക്കുന്നു. കോടതിവഴിയിൽ ആൾസഞ്ചാരം ഒതുങ്ങി. പരിവട്ടത്തുവീട്ടിലെ പുരുഷൻമാർ രണ്ടുപേരും പോലീസു് സ്റ്റേഷനിൽ കിടന്നു് കഷ്ണിക്കുന്നു. അമ്മു അത്താഴവുംകൂടിക്കഴിക്കാതെ അകായിൽ കിടന്നു കരയുന്നു. ഇൻസ്പെക്ടർ ചേരിപ്പറമ്പിൽ വന്നിട്ടില്ല. ദേവകിക്കുട്ടി കുമാരൻനായരുടെ കഷ്ടാവസ്ഥയെ ഓൎത്തും ബാലകൃഷ്ണമേനവന്റെ തല്ലുകൊണ്ടും തള്ളുകൊണ്ടും നടുമുറ്റത്തുകിടന്നു് നിലവിളിക്കുന്നു. ദേവകിക്കുട്ടി നടുമുറ്റത്തു മറിഞ്ഞുവീണിട്ടു് അരമണിക്കൂറു കഴിയുംമുമ്പു ഒരാൾ തലവരെ മൂടിപ്പുതച്ചു പെരുവല്ലാ നദീതീരത്തുകൂടി പാലത്തിന്റെ അടുത്തുവന്നു. അവിടെനിന്നു തല പൊക്കി എടത്തും വലത്തും നോക്കി. പാലത്തിന്മേലാവട്ടെ വഴിയിലാവട്ടെ ആരെയും കണ്ടില്ല. പുഴവക്കു പറ്റിത്തന്നെ പിന്നെയും നടന്നു. പോലീസുകാരൻ നില്ക്കുന്നതിന്റെ നേരെ ചോട്ടിൽ കൂടിക്കടന്നു സ്റ്റേഷനാപ്സർ മുങ്ങിച്ചത്തുവെന്നു പറയുന്ന ദിക്കിന്റെ നേരെവന്നു ശിവൻകാട്ടിൽ കാലുവച്ചപ്പോൾ വൃക്ഷത്തിന്റെ മറവിൽനിന്നൊരു കുറുക്കൻ ചാടി ഓടുന്ന ശബ്ദംകേട്ടൊന്നു ഞെട്ടി. പെട്ടെന്നു പുതച്ചിരുന്ന മുണ്ടെടുത്തു് അരയിൽ കെട്ടി. കക്ഷത്തിൽ നിന്നു വടി കയ്യിലെടുത്തു. എന്നിട്ടു നാലുപുറവും സൂക്ഷിച്ചു നോക്കിക്കൊണ്ടു നടന്നുതുടങ്ങി. ഒടുവിൽ ചെന്നുകേറിയതു മുമ്പൊരദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള കാന്താരമൎമ്മത്തിലേക്കാണു്.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/120&oldid=173896" എന്ന താളിൽനിന്ന് ശേഖരിച്ചത്