താൾ:പ്രഹ്ലാദചരിതം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 സുതനുടയ ജനനമതു സുരരിപുകുലാധിപൻ
സുപ്രസന്നൻ മുദാ കേട്ടോരനന്തരം
സരസതരമുചിതവിധി സകലമപി ചെയ്തുടൻ
സാനന്ദമാദാനവുംചെയ്തു പുത്രനെ.
ഉടമയൊടു മകനുടയ മുഖമതു വിലോകനാ-
ലൂർദ്ധ്വപുണ്ഡ്രം കണ്ടു കുണ്ഠനായീടിനാൻ
"ഇവനുടയ നിടിലഭുവി ഹരിയുടയ ലാഞ്ഛന-
മിങ്ങനേ കാണ്മതിനെന്തഹോ കാരണം?
കുലഹതകനിവനധികകുടിലമതിയായ് വരും;
കൂട്ടം മുടിപ്പാൻ പുറന്നോരു ബാലകൻ"
ഇതി മനസി കരുതി ബത ദനുജകുലപുംഗവ-
നിമ്പം നടിച്ചു ലാളിച്ചു മേവീടിനാൻ.
അനുദിവസമതിസരസഹരിചരണഭക്തികൊ-
ണ്ടാനന്ദസാന്ദ്രം വളർന്നിതു ബാലകൻ.
 പ്രഥിതഗുണഗണമുടയ ശിശുവിനതിവിദ്രുതം
പ്രഹ്ലാദനെന്നുള്ള പേരും പ്രസിദ്ധമായ്.
മധുമഥനനുടെ മകുടകടകമണികുണ്ഡലം
മഞ്ജീരഹാരം വനമാല കൗസ്തുഭം
ശരദമലശശിസദൃശവദനമൃദുഹാസവും
ശംഖു ചക്രം ഗദാപങ്കേരുഹങ്ങളും
കനകരുചിവസനമതുമനഘമണികാഞ്ചിയും
കാളമേഘാഭം കളേബരാഭോഗവും
അരകമലവടിവുമവനനവരതമാദരാ-
ലാശയം തന്നിലുറപ്പിച്ചു മേവിനാൻ.
അതിവിനയഗുണമുടയ ശിശുവിന പതുക്കവേ
അഞ്ചുവയസ്സു തികഞ്ഞോരനന്തരം
ദിതിജപതി ഗുരുവിനുടെയരികിലൂടനാക്കിനാൻ
ദൈത്യധർമ്മം ധരിപ്പിപ്പതിന്നാദരാൽ
അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-
നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.
നരകരിപുചരണയുഗഭജനസുഖമെന്നിയേ
നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.
ഗുരുവചനനിരസനമിതരുതിതി നിനച്ചവൻ

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/9&oldid=173834" എന്ന താളിൽനിന്ന് ശേഖരിച്ചത്