താൾ:പ്രഹ്ലാദചരിതം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കകൂടാതേ പിഴുക്കി വാണീടിനാൻ
അനലനൊടു യമനിരൃതിവരുണരഥ വായുവു-
ൎത്ഥേശനീശനും ഭ്രഷ്ടരായ് വന്നിതു.
അഖിലസുരനരഭുജഗദനുജനികരത്തിനു-
ള്ളാധിപത്യം തനിക്കാക്കീ മഹാസുരൻ.
വിരവിനൊടു പടപൊരുതു മുരഹരനെ വെല്ലുവാൻ
വൈകുണ്ഠലോകം പ്രവേശിച്ചു ദാനവൻ
ഉരഗവരശയനനുടെ പുരവരമണഞ്ഞുട-
നുത്സഹശാലീ തിരഞ്ഞു തുടങ്ങിനാൻ.
അതുപൊഴുതു മുരമഥനനവനുടയ മാനസേ-
യാവേശനം ചെയ്തൊളിച്ചു വാണീടിനാൻ.
അരവമണിശയനമതിലജിതനെ ഹിരണ്യന-
ങ്ങന്വേഷണംചെയ്തു കാണായ്ക കാരണാൽ
"മമ വരുവു കരുതി ബത ഭയമുടയ വിഷ്ണു താൻ
മണ്ടിഗ്ഗമിച്ചൊളിച്ചീടുന്നു നിൎണ്ണയം
അജിതനിഹ വിരവിനൊടു വിജിത"നിതി നിശ്ചയി-
ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ
തദനു ബഹു ദനുജകുലഭടരൊടിടചേൎന്നുടൻ
തൽപുരം പുക്കു സുഖിച്ചു വാണീടിനാൻ.
 അതുസമയമവനുടയ ഗൃഹിണികളിലഗ്രജാ
അത്യന്തശുദ്ധമാം ഗൎഭം ധരിച്ചിതു.
നരകരിപുചരണതലകമലമധുഭൃംഗമാം
നാരദൻ മാമുനി തത്ര ചെന്നീടിനാൻ.
ജഠരമതിൽ മരുവുമൊരു ശിശുവിനു മുനീശ്വരൻ
ജ്ഞാനോപദേശങ്ങൾ ചെയ്തിതു ഗൂഢമായ്.
വിമലതരവിനയഗുണശുഭമതി കുമാരകൻ
വിഷ്ണുപാദാംബുജേ മഗ്നയായീടിനാൻ.
അവനപി ച ജനനിയുടെ ജഠരകുഹരത്തിൽ നി-
ന്നാശു പുറന്നു മഹീതലേ വീണിതു.
ഗ്രഹനിലകളധികശുഭമവനുടെ സമുത്ഭവേ;
ഗ്രാമങ്ങൾ ദേശങ്ങളെല്ലാം തെളിഞ്ഞിതു.
സുരമനുജജനമനസി സുഖമതിമനോഹരം
സുഷ്ഠവാംവണ്ണം ജനിച്ചു തദന്തരേ.

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/8&oldid=173833" എന്ന താളിൽനിന്ന് ശേഖരിച്ചത്