താൾ:പ്രഹ്ലാദചരിതം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുഢം ഭജിക്കുന്നു വിഷ്ണുപാദാംബുജം.
 ഒരുദിവസമസുരപതി തനയനൊടു ചോദിച്ചാൻ
"ഓമൽക്കുമാരക! ചൊല്ലെടോ നന്ദന!
സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ
സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?"
സപദി പുനരവനുമഥ ജനകനൊടു ചൊല്ലിനാൻ:
'സാരം ഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം"
ശ്രവണകടു വചനമതു ദനുജപതി കേട്ടുടൻ
ശ്രോത്രങ്ങൾ രണ്ടും കരംകൊണ്ടു പൊത്തിനാൻ.
തദനു നിജതനയനുടെ തലമുടി പിടിച്ചവൻ
താഡിച്ചു താഡിച്ചു താഴത്തിറക്കിനാൻ.
പ്രഹരമതു നിജവപുഷി ബഹുതരമിതേല്ക്കയാൽ
പ്രഹ്ലാദനുള്ളിൽ കുലുക്കമില്ലേതുമേ.
തദനു ഹരിചരണയുഗമകതളിരിലോൎക്കയാൽ
തല്ലുകൊള്ളുന്നേരമല്ലലില്ലാശയേ.
"നരകമുരമധുമഥന! വരദ! കരുണാനിധേ!
നാരായണാനന്ത! ഗോവിന്ദ! മാധവ!
അജിത! ഭവ ശരണ"മിതി സരസതിരുനാമങ്ങ-
ളാസ്ഥയാ ഘോഷിച്ചു ഘോഷിച്ചു മേവിനാൻ.
 കിതവകുലതിലകനഥ ദനുജവരനഞ്ജസാ
കിങ്കരന്മാരേ വിളിച്ചു ചൊല്ലീടിനാൻ
"നിരതിശയകുടിലനിവ,നിവനെ മടികൂടാതെ
നിഗ്രഹിച്ചീടുവിൻ നിങ്ങൾ ദൈതേയരേ!
വധമുചിതമിഹ സപദി; കിമപി നഹി സംശയം;
വല്ലാത്ത മക്കളെക്കൊല്ലാതവൻ ജളൻ.
പുനരറിക പലരുമിഹ പുലിയുടെ കിടാവിനെ-
പ്പോഷണം ചെയ്യുന്ന ഭോഷൻ നശിച്ചുപോം."
ദനുജകുലവരനുടയ വചനമതു കേട്ടുടൻ
ദാനവന്മാർ ചെന്നു താഡനം കൂട്ടിനാർ.
തടിവടികളൊടിയുമളവടിയുമിടിയും തദാ
തങ്ങൾതങ്ങൾക്കൊത്തപോലേ തുടങ്ങിനാർ
പരശു ഗദ പരിഘമിവ പലവകയിലായുധം
പാണൌ ധരിച്ചു ഹനിച്ചു തുടങ്ങിനാർ.

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/10&oldid=173817" എന്ന താളിൽനിന്ന് ശേഖരിച്ചത്