താൾ:പ്രഹ്ലാദചരിതം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പലരുമഥ പലപൊഴുതുമടിമുടിപിടിച്ചുടൻ
പാറപ്പുറങ്ങളിലിട്ടുരുട്ടീടിനാർ.
അജിതപദഭജനപരഹൃദയനുടെ വിഗ്രഹേ
ആയുധശ്രേണികളേല്‌ക്കുന്നതില്ലഹോ.
പരുഷതരമുലയുമതിനിശിതകരവാളവും
പാറപ്പുറത്തെയ്ത മൊട്ടമ്പു പോലെയായ്.
"ചപലമതി കിതവനിവനതികഠിനനൎഭകൻ
ചാകുന്നതില്ല; ഞാനെന്തു ചെയ്യാവൊടോ?"
ഇതി ദിതിജഭടപടലമിടയിലുരചെയ്കയു-
മിദ്ധപ്രകോപേന താഡനം ചെയ്കയും.
മദമുടയ കരിവരരെ വിരവിനൊടു കൊണ്ടുടൻ
മാറത്തു കത്തിച്ചമൎത്തു തുടങ്ങിനാർ.
വിഷമുടയ ഫണികളുടെ കടികളുമഹോ മഹാ-
വിഷ്ണുഭക്തങ്കൽ ഫലിച്ചില്ല ചെററുമേ.
വിഷശബളമശനമപി വിവിധമവർ നല്കിനാർ;
വീതശങ്കം ഭുജിച്ചീടിനാൻ ബാലനും.
തദനു പുനരചലവരമുകളിലവർ കൊണ്ടുപോയ്-
ത്താഴത്തുഭാഗത്തുരുട്ടിവിട്ടീടിനാർ.
മലയുടയ ശിഖരമുടനിടിപൊടിതകൎത്താശു
മാധവാംഘ്രിപ്രിയൻ സ്വസ്ഥനായ മേവിനാർ.
 "ഒരുവിധവുമിവനുടയ നിധനമിഹ ചെയ്പതി-
ന്നോൎത്താൽ ഫലം വരാ നൂന"മെന്നിങ്ങനെ
അസുരഭടജനമഖിലമതിതരവിഷണ്ണരാ-
യാദിതേയാരിയെച്ചെന്നു വണങ്ങിനാർ.
"തനയനുടെ വധമിവിടെ വരുവതതിദുർഘടം;
തമ്പുരാനേ! ഞങ്ങൾ പോരാ; വലഞ്ഞിതു.
ഒരു വിധവുമധമനുടെ വധവിധി ഫലിച്ചീല;-
യൊട്ടല്ല ഞങ്ങടേ യത്നം മഹാമതേ!
ചപലമതി ദിതിജശിശു ശിവശിവ! മഹാവരാൽ
ചാകാത്തനാൾ പുറത്തീടിനാൻ നിൎണ്ണയം
ഇതി ദനുജഭടരുടയ വചനമതു കേട്ടുട-
നിച്‌ഛാവിഭംഗേന ഖിന്നനാം ദാനവൻ
"കരചരണതലമപി ച വരുണവരപാശേന

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/11&oldid=173818" എന്ന താളിൽനിന്ന് ശേഖരിച്ചത്