താൾ:പ്രപഞ്ചവും മനുഷ്യനും.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാന്ദ്രതയുള്ളവയാണ്. കഴിഞ്ഞ അദ്ധ്യായത്തിൽ പ്രതിപാദിച്ച വെള്ളക്കുള്ളന്മാർ ഇത്തരത്തിൽ പെട്ടവയാണ്. അവയിൽ ചിലത് പദാർത്ഥകണികകളുടെ അസാധാരണമായ സാന്ദ്രത നിമിത്തം ഒരു ഘനസെന്റിമീറ്റർ നക്ഷത്രവസ്തുവിന് ആയിരം ടൺ ഭാരമുണ്ടായിരിക്കുമത്രേ! എങ്കിലും ഇതിനേക്കാളും വളരെ വളരെ സാന്ദ്രതയുണ്ടായിരുന്ന ഒരവസ്ഥയെക്കുറിച്ചാണ് നമുക്കിവിടെ ചിന്തിക്കേണ്ടത്.

നമുക്കജ്ഞാതമായ ഏതോ ഒരു രൂപത്തിലായിരിക്കണം പദാർത്ഥം അന്നു നിലനിന്നിരുന്നത്. മാത്രമല്ല, ഇത്രയേറെ സാന്ദ്രതയോടുകൂടി നിലനിന്നിരുന്ന ആ പ്രാരംഭപദാർത്ഥം സ്ഫോടനോന്മുഖമായിരുന്നെന്നും കരുതാൻ ന്യായമുണ്ട്. ആരംഭത്തിലുള്ള ഈ അതിഭീമസാന്ദ്രത വളരെ കുറച്ചു സമയമേ നിലനിന്നിരിക്കൂ. അതിനുശേഷം ഒരു പൊട്ടിത്തെറി പോലെ അതിവേഗം അതു വികസിക്കാൻ തുടങ്ങി. വികാസത്തിന്റെ വർദ്ധനവനുസരിച്ച് സാന്ദ്രത കുറഞ്ഞുവരുമല്ലോ. അങ്ങനെ ആദ്യത്തെ നൂറുകോടി വർഷങ്ങളിൽ നടന്ന വികാസകാലഘട്ടത്തിൽ ഗാലക്സികളും മറ്റും രൂപംകൊണ്ടു. പിന്നെയും അവ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. അന്നു തുടങ്ങിയ ആ വികാസഗതിതന്നെയാണ് ആയിരം കോടി വർഷങ്ങൾക്കുശേഷവും നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ അതിവിദൂരമായ ഒരു ഭാവിയിൽ ഗാലക്സികളെല്ലാം അകന്നകന്നു പോയി, പ്രാപഞ്ചികമേഖല മുഴുവൻ നിതാന്തശൂന്യമായിത്തീരുകയില്ലേ? അന്നു ഗാലക്സികളിലെയെല്ലാം പ്രവർത്തനം നിലച്ച് അവ മൃതവസ്തു സഞ്ചയങ്ങളായി മാറുകയില്ലേ? അതായിരിക്കുമോ പ്രപഞ്ചത്തിന്റെ അവസാനം? സ്ഫോടനസിദ്ധാന്തത്തിൽ നിന്നുടലെടുക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ നമുക്കിന്നു കഴിയുകയില്ല.

സ്ഫോടനസിദ്ധാന്തത്തിന് അടിസ്ഥാനപരമായ മറ്റൊരു ന്യൂനതകൂടിയുണ്ട്. പ്രപഞ്ചം ഇന്നു വികസിച്ചുകൊണ്ടിരിക്കുന്ന അതേ വേഗത്തിൽ എന്നെന്നും വികസിച്ചുകൊണ്ടിരുന്നെങ്കിൽ മാത്രമേ അതിന്റെ ആരംഭം ആയിരം കോടി വർഷങ്ങൾ മുമ്പായിരുന്നുവെന്നു പറയാൻ കഴിയുകയുള്ളു. എന്നാൽ ഈ വികാസഗതിക്ക് എന്തെങ്കിലും മാറ്റമുണ്ടായില്ല എന്നുപറയാൻ നമുക്കു കഴിയില്ല. തന്മൂലം ഈ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ നമ്മുടെ പ്രശ്നത്തിന് തൃപ്തികരമായ പരിഹാരം നൽകുന്നുമില്ല.

വികാസസങ്കോചസിദ്ധാന്തം

സ്ഫോടനസിദ്ധാന്തത്തോട് ചില കാര്യങ്ങളിൽ സാമ്യമുള്ളതെങ്കിലും കുറേകൂടി വ്യത്യസ്തമായ ചില സിദ്ധാന്തങ്ങൾകൂടി ഉടലെടുക്കുകയുണ്ടായി. അതിൽ പ്രധാനമായതാണ് ലെ മെയ്ട്ടറുടെ സിദ്ധാന്തം. ആ സിദ്ധാന്തപ്രകാരം പ്രാരംഭപദാർത്ഥം സ്ഫോടനോന്മുഖമായ സാന്ദ്രതയോടുകൂടി നിലനിന്നത് ആയിരംകോടി വർഷങ്ങൾക്കുമുമ്പല്ല; പക്ഷേ, ആറായിരം കോടി വർഷങ്ങൾക്കുമുമ്പ് ആ 'ആദിമ അണ്ഡം' ഇന്നത്തെ നമ്മുടെ സൗരയൂഥ