Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ വലുപ്പത്തിൽ സങ്കോചിച്ചിരിക്കുകയായിരുന്നു. അത് ഛിന്നഭിന്നമായതോടെയാണ് പ്രപഞ്ചം ആരംഭിക്കുന്നത് അയ്യായിരം കോടി വർഷങ്ങൾക്കുശേഷം ഏകരൂപമായ വിധത്തിൽ ഹൈഡ്രജൻ വാതകത്താൽ നിറഞ്ഞ ഏറെക്കുറെ സ്ഥായിയായ ഒരവസ്ഥയിലേയ്ക്കു പ്രപഞ്ചം എത്തിച്ചേർന്നു. എന്നാൽ വാതകവിതരണത്തിലുണ്ടായ ക്രമക്കേടുകൾ നിമിത്തം ഗുരുത്വാകർഷണശക്തികൾക്കെതിരായി പ്രാപഞ്ചിക വികർഷണശക്തികൾ പ്രവർത്തിക്കാൻ തുടങ്ങി. ആദ്യം വലിയ വാതകസഞ്ചയങ്ങളിൽ വികർഷണശക്തികൾ പ്രവർത്തിച്ചതിന്റെ ഫലമായി കാലക്രമത്തിൽ ഗാലക്സി സമൂഹങ്ങൾ ജന്മമെടുത്തു. ഈ സിദ്ധാന്തപ്രകാരം ഇന്നു നാം കാണുന്ന പ്രപഞ്ചവികാസത്തിനു കാരണം പ്രാപഞ്ചികവികർഷണവും പ്രാപഞ്ചികസ്ഥിരാങ്കവും തമ്മിലുള്ള പ്രവർത്തനമാണ്. സ്ഫോടനസിദ്ധാന്തത്തിലെപ്പോലെ ആദിമസ്ഫോടനമല്ല ഇതിനു കാരണം. എങ്കിലും ഈ രണ്ടു സിദ്ധാന്തങ്ങളിലും പ്രപഞ്ചം ആരംഭിക്കുന്നത് ഒരു ഏകാവസ്ഥയിൽ നിന്നാണ്. എങ്കിലും പ്രപഞ്ചം സ്വയം നശിക്കുന്നില്ലെന്ന് ഈ സിദ്ധാന്തത്തെത്തുടർന്ന് വാദിക്കുന്നവരുണ്ട്. അതിൻപ്രകാരം ഈ വികാസം ഒരു പ്രത്യേക പരിധിയിലെത്തുമ്പോൾ പ്രാപഞ്ചികശക്തികളുടെ പ്രവർത്തനം എതിർദിശയിലാവുകയും പ്രപഞ്ചം സങ്കോചിക്കാൻ തുടങ്ങുകയും ചെയ്യും. സങ്കോചിച്ച് സങ്കോചിച്ച് പ്രപഞ്ചപദാർത്ഥം മുഴുവൻ ഒത്തുചേർന്ന് 'ആദിമാണ്ഡ'ത്തിന്റെ രൂപത്തിലാവുന്നു. ആ അവസ്ഥയിലെത്തിയാൽ വീണ്ടും വികാസമാരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ വികാസവും സങ്കോചവും മാറിമാറി നടന്നുകൊണ്ടിരിക്കുന്നു.

ഈ സിദ്ധാന്തങ്ങളെല്ലാമനുസരിച്ച്, പ്രപഞ്ചപദാർത്ഥം ക്ലിപ്തമാണ്. അതിന് പരിമിതിയുണ്ട്. സ്ഫോടനസിദ്ധാന്തപ്രകാരം സ്ഥലത്തിന് പരിമിതിയില്ല; കാരണം സ്ഫോടനത്തിന്റെ ഫലമായി പ്രപഞ്ചം എന്നും അനന്തമായി വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാൽ വികാസ സങ്കോച സിദ്ധാന്തപ്രകാരം സ്ഥലത്തിനും സീമയുണ്ട്. വികാസദിശയിൽ ആ സീമയിലെത്തുമ്പോഴാണല്ലോ അത് സങ്കോചിക്കാൻ തുടങ്ങുന്നത്.

സ്ഥിരസ്ഥിതിസിദ്ധാന്തം

ഇരുപതില്പരം വർഷങ്ങൾക്കുമുമ്പ്, അത്യന്തം പുതുമ കലർന്ന ഒരു സിദ്ധാന്തം ഉടലെടുത്തു. സ്ഥിരസ്ഥിതിസിദ്ധാന്തം. ഫ്രെഡ് ഹോയൽ, ഹെർമൻ ബോണ്ടി, തോമസ് ഗോൾഡ് എന്നിവരാണ് ഈ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താക്കൾ. ഈ സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചത്തിന് ആദിയോ അന്തമോ ഇല്ല. പ്രപഞ്ചത്തിന്റെ സമഗ്രമായ ഘടന എന്നെന്നും വ്യത്യാസമില്ലാതെ നിലനിൽക്കുന്നു. സ്ഥലകാലങ്ങളിൽ അതിവിപുലമായ ഒരു ഏകാത്മകത്വം അത് പുലർത്തുന്നു. അതേസമയം ഗാലക്സികളുടെ പലായനത്തെ ഈ സിദ്ധാന്തം അംഗീകരിക്കുന്നു. പക്ഷേ, ഇത് ഐൻസ്റ്റീന്റെ സിദ്ധാന്തവുമായി ഈ ഘട്ടത്തിൽ പൊരുത്തപ്പെടാതെവരും. കാരണം, സാപേക്ഷതാ സിദ്ധാന്തപ്രകാരം, പ്രപഞ്ചത്തിലെ പദാർത്ഥചലനത്തിന്റെ