Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരുന്നു. ഈ വസ്തുത മൗലികമായ ആ പ്രാപഞ്ചിക പ്രശ്നത്തിനുള്ള ഉത്തരത്തിലേയ്ക്കു വിരൽ ചൂണ്ടുന്നുണ്ട്.

സ്ഫോടന സിദ്ധാന്തം

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നതെന്നും, വികാസവേഗം ദൂരത്തിനനുസരിച്ച് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉള്ള നിഗമനം ഒരു യാഥാർത്ഥ്യമാണെന്ന് വന്നിരിക്കയാണിപ്പോൾ. ഈ വസ്തുത കുറേക്കൂടി ദൂരവ്യാപകമായ ചില നിഗമനങ്ങളിലേയ്ക്കു നമ്മെ നയിക്കുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തു സഞ്ചയങ്ങളും പരസ്പരം അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിൽ ഇവയെല്ലാം ഒരുകാലത്ത് ഒന്നിച്ചിരുന്നവയായിരിക്കേണ്ടതല്ലേ? അങ്ങനെയാണെങ്കിൽ ഇന്നത്തെ അവയുടെ ചലനദിശയ്ക്കു വിപരീതമായി അന്വേഷിച്ചു പോവുകയാണെങ്കിൽ ഇന്നത്തെ പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടായിരുന്നിരിക്കണം. ഒരന്ത്യമുണ്ടാവുകയും ചെയ്യും! ഈ വക ചോദ്യങ്ങളും നിഗമനങ്ങളുമാണ് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സ്ഫോടനസിദ്ധാന്തത്തിന് കളമൊരുക്കിയത്.

ഈ ചിന്താഗതിക്കു ഉപോൽബലകമായ ചില വസ്തുതകളുമുണ്ട്. പ്രപഞ്ചത്തിന്റെ ഇന്നത്തെ വികാസഗതി വെച്ച് കണക്കാക്കി നോക്കുമ്പോൾ എട്ടോ ഒമ്പതോ ബില്യൻ (ശതകോടി) വർഷങ്ങൾക്കു മുമ്പ് പ്രപഞ്ചം അത്യധികം ഇടതൂർന്നതായിരുന്നുവെന്നു കരുതാൻ ന്യായമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. വേറൊരുവിധത്തിലും ഈ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ കഴിയുന്നുണ്ട്. നമ്മോടടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങൾക്കുള്ളിൽ അണുപ്രവർത്തനങ്ങളുടെ സവിശേഷതകൾ പഠിച്ചുകൊണ്ട് അവയുടെ പ്രായം നിർണ്ണയിക്കാൻ കഴിയും. ഈ വിധത്തിലുള്ള ഗവേഷണങ്ങൾ വഴി തെളിഞ്ഞിട്ടുള്ളത് ഏറ്റവും പ്രായം കൂടിയ നക്ഷത്രത്തിന്റെ വയസ്സ് എട്ടോ ഒമ്പതോ ബില്യൻ വർഷങ്ങളാണെന്നാണ്. ഈ രണ്ടുരീതിയിലുള്ള പഠനങ്ങളുടെ ഫലമായി ലഭിച്ചിട്ടുള്ള നിഗമനങ്ങൾ പൊരുത്തപ്പെടുന്നവയായതുകൊണ്ട് ഈ നിഗമനത്തിനു സാധുതയുണ്ടെന്നു കരുതാവുന്നതാണ്. ഈ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചത് ഏതാണ്ട്, പത്തു ബില്യൻ അഥവാ ആയിരം കോടി വർഷങ്ങൾക്കുമുമ്പാണെന്നു കരുതാവുന്നതാണ്.

ആയിരംകോടി വർഷങ്ങൾക്കുമുമ്പ് പ്രപഞ്ചപദാർത്ഥം മുഴുവൻ ഒരു കേന്ദ്രത്തിൽ സമ്മേളിച്ചിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഈ സങ്കല്പം നമ്മുടെ ഭാവനയെ പിടിച്ചുകുലുക്കുന്നു. കാരണമുണ്ട്. പ്രപഞ്ചത്തിലിന്നു നിലനിൽക്കുന്ന പദാർത്ഥസഞ്ചയം മുഴുവൻ ഒരേ സ്ഥാനത്ത് കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ അവിടെ നിലനിന്നിരുന്ന സമ്മർദ്ദം എത്ര ഭീമമായിരുന്നിരിക്കണം! പക്ഷേ, ഇന്നും നമ്മുടെ ഭാവനയെ അതിശയിക്കുന്ന തരത്തിലുള്ള പദാർത്ഥരൂപങ്ങൾ നിലനിൽക്കുന്നുണ്ട്. ചില നക്ഷത്രങ്ങൾ അങ്ങേ അറ്റത്തെ