താൾ:പ്രപഞ്ചവും മനുഷ്യനും.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രപഞ്ചം വികസിക്കുകയാണ്

പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുതിർന്ന ശാസ്ത്രജ്ഞന്മാർക്ക് അത്യന്തം ശ്രദ്ധേയമായ ചില തെളിവുകൾ ലഭിക്കുകയുണ്ടായി. അതു മറ്റൊന്നുമല്ല, പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ കണ്ടെത്തി. ഓരോ നക്ഷത്രങ്ങളും ഓരോ നക്ഷത്രസമൂഹങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. ഈ വികാസപരമായ ചലനത്തിൽ പങ്കെടുക്കാത്ത ഒന്നും തന്നെ പ്രപഞ്ചത്തിലില്ല. നാം - സൗരയൂഥം - മറ്റു നക്ഷത്രങ്ങളിൽ നിന്നകന്നുകൊണ്ടിരിക്കുന്നതു പോലെ ആ നക്ഷത്രങ്ങളും നമ്മിൽ നിന്നകന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ അകലേയ്ക്കു പൊയ്ക്കൊണ്ടിരിക്കും തോറും അകന്നുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ പ്രവേഗവും വർദ്ധിക്കുന്നു.

നക്ഷത്രങ്ങളുടെ ഈ സവിശേഷസ്വഭാവത്തെക്കുറിച്ച് അറിവു ലഭിച്ചത് സാങ്കല്പികസിദ്ധാന്തങ്ങൾ വഴിയല്ല. സ്പെക്ട്രോഗ്രാഫിൽ പ്രകടമാവുന്ന ചില പ്രതിഭാസങ്ങളാണ് ഇതിനാധാരം. ഒരു തീവണ്ടി അടുത്തുവരും തോറും അതിന്റെ ചൂളംവിളിയുടെ താരത്വം ഉയർന്നുവരുന്നതായി നമുക്കനുഭവപ്പെടുന്നു. വണ്ടി അകന്നകന്നു പോകുംതോറും ഈ താരത്വം കുറഞ്ഞുവരികയും ചെയ്യുന്നു. സ്വരം പ്രദർശിപ്പിക്കുന്ന ഈ സവിശേഷ സ്വഭാവത്തെ 'ഡോപ്ലർ ഇഫക്റ്റ് എന്നു പറയുന്നു. പ്രകാശത്തിന്റെ കാര്യത്തിലും ഇത്തരമൊരു സവിശേഷതയുണ്ടെന്നു ഹബിൾ സിദ്ധാന്തിക്കുകയുണ്ടായി.

നക്ഷത്രങ്ങളിൽ നിന്നുവരുന്ന പ്രകാശരശ്മികളെ പ്രിസത്തിലൂടെ കടത്തിവിട്ടാലുണ്ടാകുന്ന സ്പെക്ട്രത്തെ കൂലങ്കഷമായി പരിശോധിച്ചിട്ടാണ് നക്ഷത്രങ്ങളുടെ വിവിധ സവിശേഷതകൾ നാം മനസ്സിലാക്കുന്നത്. നക്ഷത്രങ്ങളുടെ സഞ്ചാരഗതികൾക്കനുസരിച്ച് സ്പെക്ട്രത്തിലെ പ്രകാശക്രമം വ്യതിചലിക്കുന്നു. നക്ഷത്രം നമ്മോടടുത്തു വരികയാണെങ്കിൽ സ്പെക്ട്രം ഇടതുവശത്തോട്ട് അഥവാ വയലറ്റിലേയ്ക്കു നീങ്ങിയാണ് കാണുക. അതേസമയം നക്ഷത്രം അകന്നുപോവുകയാണെങ്കിൽ സ്പെക്ട്രം വലതുവശത്തേയ്ക്കു അഥവാ ചുകപ്പുവശത്തേയ്ക്കു നീങ്ങിയിരിക്കും. സ്പെക്ട്രത്തിലുണ്ടാകുന്ന ഈ വ്യതിയാനങ്ങൾ നോക്കി നക്ഷത്രങ്ങളുടെ ഗതി നിർണ്ണയിക്കാൻ കഴിയും. നമ്മുടെ സമീപപ്രദേശങ്ങളിലുള്ള അപൂർവ്വം ചില ഗാലക്സികളൊഴിച്ചാൽ ബാക്കിയെല്ലാം തന്നെ ചുകപ്പുവശത്തേയ്ക്കു നീങ്ങിയിരിക്കുന്നത് കാണാം. അതായത് അവ നമ്മിൽനിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നു സാരം. മാത്രമല്ല, ഏറ്റവും കൂടുതൽ 'ചുകപ്പുനീക്കം' പ്രദർശിക്കുന്നവ വളരെ അകലെയുള്ള ഗാലക്സികളാണ്. തന്മൂലം അവ അടുത്തുള്ളവയേക്കാൾ കൂടുതൽ വേഗത്തിൽ അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്നു അംഗീകരിക്കേണ്ടിയിരിക്കുന്നു. സെക്കൻഡിൽ 30,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ചില നക്ഷത്രസമൂഹങ്ങളുണ്ടെന്ന് 'ചുകപ്പുനീക്കങ്ങൾ' വ്യക്തമാക്കി