7
പ്രപഞ്ചത്തിന്റെ ആരംഭത്തിൽ
പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചും അതിന്റെ മൗലിക ഘടകങ്ങളെക്കുറിച്ചുമാണ് ഇതുവരെ പ്രതിപാദിച്ചത്. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള ഒരേകദേശരൂപം അതിൽനിന്ന് ലഭിച്ചിട്ടുണ്ടായിരിക്കുമല്ലോ. ഇനി നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതിനെക്കാളെല്ലാം കുഴഞ്ഞുമറിഞ്ഞതാണ്. മനുഷ്യനിൽ ചിന്താപാടവം നാമ്പെടുത്ത അന്നുമുതൽ ആരംഭിച്ച അന്വേഷണങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവും അതുതന്നെയായിരുന്നു. തത്ത്വചിന്തകന്മാരും മതസ്ഥാപകന്മാരും ഈ മൗലികപ്രശ്നത്തിന് വിവിധ തരത്തിലുള്ള ഉത്തരങ്ങളേകി. അത്തരം സിദ്ധാന്തങ്ങൾ, ഭൂരിപക്ഷവും ആദിമമനുഷ്യ മസ്തിഷ്കത്തിന്റെ ഭാവനാവിലാസങ്ങളുടെ പ്രതിഫലങ്ങളായിരുന്നു. എങ്കിലും മനുഷ്യസമൂഹത്തിന്റെ പരിവർത്തനങ്ങൾക്കിടയ്ക്ക് അത്തരം സിദ്ധാന്തങ്ങളിൽ പലതും ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെട്ടുവന്നു. പല ജനസമൂഹങ്ങളും അവയെ തങ്ങളുടെ അചഞ്ചല വിശ്വാസപ്രമാണങ്ങളായി സ്വീകരിച്ചു. പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള അത്തരം സാങ്കല്പികകഥകൾ പലതും ഇന്നും പല മതങ്ങളുടെയും തത്ത്വചിന്തകളുടെയും അനുയായികൾ അതേപടി നിലനിർത്തിപ്പോരുന്നു.
ശാസ്ത്രത്തിന് ഇത്തരം മുൻ വിധികളോടുകൂടിയ വിശ്വാസപ്രമാണങ്ങളെയൊന്നും സ്വീകരിക്കുക വയ്യ. വസ്തുനിഷ്ഠമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളെ മാത്രമേ ശാസ്ത്രമംഗീകരിക്കുകയുള്ളു. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള പ്രശ്നം, മതസ്ഥാപകരും മറ്റും കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പത്തിൽ വിശദീകരിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. അന്ധമായ വിശ്വാസപ്രമാണങ്ങൾ വെച്ചു പുലർത്തുന്നവരെപ്പോലെ ഏതെങ്കിലും സിദ്ധാന്തങ്ങൾ ശരിയാണെന്ന് ഉറപ്പിച്ചു പറയാനും ശാസ്ത്രത്തിന് കഴിയുകയില്ല. കിട്ടാവുന്നിടത്തോളം തെളിവുകളെയെല്ലാം സമാഹരിച്ച് അവയുടെ അടിസ്ഥാനത്തിൽ, ആ വസ്തുതകളുമായി പൊരുത്തപ്പെടുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ മാത്രമേ ശാസ്ത്രത്തിന് കഴിയൂ. പ്രപഞ്ചത്തിന്റെ ആരംഭം എപ്പോൾ എങ്ങനെ നടന്നു, അല്ലെങ്കിൽ പ്രപഞ്ചത്തിന് ആരംഭവും അവസാനവും തന്നെയുണ്ടോ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കുത്തരം കണ്ടെത്താൻ, ശാസ്ത്രം സ്വീകരിക്കുന്ന സമ്പ്രദായമിതാണ്.