താൾ:പ്രപഞ്ചവും മനുഷ്യനും.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താപനില എഴുപതുലക്ഷം ഡിഗ്രിയിലെത്തുമ്പോൾ ഹൈഡ്രജന്റെ രാസപ്രക്രിയകൾ ആരംഭിക്കുന്നു. നക്ഷത്രാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ളത് ഹൈഡ്രജനായതിനാൽ ഈ പ്രവർത്തനകാലഘട്ടം നീണ്ടുനിൽക്കുന്നു. താപനില കൂടുന്നതോടെ വിക്ഷേപിക്കപ്പെടുന്ന ഊർജത്തിന്റെ അളവും കൂടുന്നു. സങ്കോചം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ആന്തരികോഷ്മാവും ബഹിർഗമിക്കുന്ന ഊർജവും കൂടിക്കൂടി വരുന്നു. താപനില കൂടുന്നതുമൂലമുണ്ടാകുന്ന വാതകമർദ്ദം ഗുരുത്വാകർഷണവുമായി സമാനതയിലെത്തുകയും സങ്കോചം നിലയ്ക്കുകയും ചെയ്യുന്നു. അങ്ങനെ നക്ഷത്രം ഏറെക്കുറെ സന്തുലിതാവസ്ഥയിലെത്തിച്ചേരുന്നു. ദ്രവ്യമാനം കൂടുതലുള്ള നക്ഷത്രങ്ങളിൽ ആന്തരികോഷ്മാവിന്റെ വർദ്ധനവ് പ്രകാശത്തെ വർദ്ധിപ്പിക്കാനുതകുന്നു. ഇന്നു നിലവിലുള്ള നക്ഷത്രങ്ങളിൽ വലിയൊരു വിഭാഗം ഈ ഘട്ടത്തിലെത്തിയവയാണ്. ഇവയെയാണ് പ്രധാനാനുക്രമനക്ഷത്രങ്ങൾ എന്നു മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്. നമ്മുടെ സൂര്യനും ഈ നിലയിലെത്തിയിട്ടുള്ള ഒരു നക്ഷത്രമാണ്. ഇതിനെ കൗമാരാവസ്ഥയെന്നു വേണമെങ്കിൽ വിളിക്കാം.

ഇനിയങ്ങോട്ട് സൂര്യനിലുണ്ടാകാനിടയുള്ള മാറ്റങ്ങളെന്തെല്ലാമാണെന്ന് പരിശോധിച്ചാൽ, ഒരു സാധാരണ നക്ഷത്രത്തിന്റെ ജീവചരിത്രമെന്താണെന്ന് വ്യക്തമാകും. ഏതാണ്ട് നൂറുകോടി വർഷങ്ങൾ കഴിയുമ്പോഴേക്കും സൂര്യൻ യുവത്വത്തിലെത്തും. അപ്പോൾ അതിന്റെ വലിപ്പം കുറയുമെങ്കിലും പ്രകാശത്തിന്റെയും ഊർജത്തിന്റെയും തോതു വർദ്ധിക്കും. അന്ന് ക്ഷീരപഥത്തിന്റെ ഏറ്റവും ഉജ്ജ്വലനക്ഷത്രങ്ങളിലൊന്നായിത്തീരും സൂര്യൻ.

ഒരു മുന്നൂറു കോടി വർഷങ്ങൾ കഴിയുമ്പോഴേക്കും സൂര്യനു മധ്യവയസ്സാകും. അപ്പോഴേയ്ക്കും സൂര്യന്റെ കേന്ദ്രത്തിലുള്ള ഹൈഡ്രജൻ മുഴുവൻ ഹീലിയമായി മാറിക്കഴിഞ്ഞിരിക്കും. ഇതിനുശേഷം അത് സങ്കോചിക്കുകയല്ല; മറിച്ചു വികസിക്കാൻ തുടങ്ങും. വികാസത്തിന്റെ ഫലമായി അത് ഒരു ഭീമാകാര നക്ഷത്രമായിത്തീരും. നിറം ചുവപ്പാകുകയും ചെയ്യും. ഈ ഘട്ടത്തിലെ തൃക്കേട്ട, തിരുവാതിര തുടങ്ങിയ നക്ഷത്രങ്ങളെപ്പോലെ സൂര്യനും ഒരു രക്തരാക്ഷസനായിത്തീർനും. ഇന്ന് ആകാശത്തു കാണുന്ന രക്തരാക്ഷസന്മാരെല്ലാം സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളുടെ വാർദ്ധക്യത്തിനു മുമ്പുള്ള ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. സൂര്യൻ ഇങ്ങനെ ഒരു രക്തരാക്ഷസനാവുന്ന ഘട്ടത്തിൽ അതിനു ചുറ്റുമുള്ള ഗ്രഹങ്ങളെല്ലാം തന്നെ നാമാവശേഷമാകാതെ തരമില്ല. അതു വികസിച്ച് സൗരയൂഥമേഖല മുഴുവനും നിറയുന്നതിനു മുമ്പുതന്നെ വർദ്ധിച്ച താപത്തിൽപെട്ട് ഗ്രഹങ്ങളെല്ലാം ചാമ്പലായിത്തീരും.

രക്തരാക്ഷസന്മാർ ഒരു പരിധിവരെയെത്തിയാൽ, അതായതു കത്തിജ്വലിക്കുന്ന ഇന്ധനം ഏറെക്കുറെ ഉപയോഗിച്ചുതീരുമ്പോൾ, അവ വീണ്ടും സങ്കോചിക്കാൻ നിർബ്ബന്ധിതരായിത്തീരും. സങ്കോചത്തിന്റെ ഫലമായി