വീണ്ടും ആഭ്യന്തരമർദ്ദം വർദ്ധിക്കുമ്പോൾ ഈ ഘട്ടത്തിലെത്തുന്ന നക്ഷത്രത്തിന്റെ ചൂടുവർദ്ധിച്ചുതുടങ്ങും. പണ്ടത്തെ മങ്ങിയ ചുവപ്പുനിറം ജ്വലിക്കുന്ന ചുവപ്പായും, അതു പിന്നെ വെള്ളയും വെള്ള നീലയുമായും തീരും. പിന്നെയും ഏതാനും കോടിവർഷങ്ങൾ കൂടി കഴിയുമ്പോഴേയ്ക്ക് ഈ അവസ്ഥയിലെത്തിയ സൂര്യൻ ഒരു വെള്ളക്കുള്ളനായി തീരും. ഈ ഘട്ടത്തിൽ വലിപ്പത്തിൽ അതു ഭൂമിയോടടുത്തു വരുമെങ്കിലും അതിന്റെ ഘനത്വം ഭൂമിയുടേതിനെക്കാൾ പത്തുലക്ഷം മടങ്ങ് വർദ്ധിച്ചിരിക്കും. ഇന്ന് പ്രപഞ്ചത്തിൽ കാണാവുന്ന വെള്ളക്കുള്ളന്മാരെല്ലാം ഈ വാർദ്ധക്യദശയുടെ പ്രതിനിധികളാണ്.
വെള്ളക്കുള്ളന്മാരുടെ പ്രകാശവും ചൂടും കാലക്രമത്തിൽ കുറഞ്ഞു കുറഞ്ഞുവരികയും അതു എന്നെന്നേയ്ക്കുമായി മൃതാവസ്ഥയിലെത്തുകയും ചെയ്യുന്നു. ഈ ഘട്ടത്തിലെത്തിയവരെയാണ് കറുത്ത കുള്ളന്മാരെന്നു വിളിക്കുന്നത്. നമ്മുടെ ഗാലക്സികളിൽ ഏറെക്കുറെ പന്ത്രണ്ടു സജീവ നക്ഷത്രങ്ങൾക്ക് ഒരു കറുത്ത കുള്ളൻ വീതമുണ്ട്. എല്ലാ നക്ഷത്രങ്ങളുടെയും ഗതി ഇതാണെങ്കിൽ, പ്രപഞ്ചം ഈ കറുത്ത കുള്ളന്മാരെക്കൊണ്ട് നിറയുകയില്ലേ?
പക്ഷേ എല്ലാ നക്ഷത്രങ്ങളും ഈ ഗതി പിന്തുടരുന്നില്ല. നേരത്തെ സൂചിപ്പിച്ച സൂപ്പർനോവകളും മറ്റും ഇതിനപവാദമാണ്. യൗവ്വനാവസ്ഥ കഴിഞ്ഞു സൂപ്പർനോവകളാകുന്ന നക്ഷത്രങ്ങൾ പൊട്ടിച്ചിതറി കർക്കിടകനെബുലയെപ്പോലുള്ള വമ്പിച്ച നെബുലകളായി മാറുന്നു. ഇത്തരം നെബുലകളും, കറുത്ത കുള്ളന്മാരാകുന്നതുവരെ മറ്റു നക്ഷത്രങ്ങൾ വമിച്ചു കൊണ്ടിരിക്കുന്ന പദാർത്ഥസഞ്ചയങ്ങളും പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ ഒത്തുകൂടി പുതിയ നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കും ജന്മമേകുന്നു.
ഗാലക്സികളുടെ പരിണാമം
നമ്മുടെ ക്ഷീരപഥത്തെപ്പോലുള്ള ഗാലക്സികൾ ഒറ്റയടിക്ക് രൂപം പ്രാപിച്ചതാണെന്നു മുമ്പു കരുതിയിരുന്നു. എന്നാലത് ശരിയല്ലെന്നതാണ് അടുത്തകാലത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നത്. ക്ഷീരപഥത്തിന്റെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന വസ്തു സഞ്ചയങ്ങൾ ഒരേ രൂപത്തിലുള്ളവയല്ല. ക്ഷീരപഥം പരന്നു വൃത്താകാരത്തിലുള്ള ഒരു സർപ്പിലമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതിന്റെ പരിധികളിലുള്ള സർപ്പിലഭുജങ്ങളിൽ ഹൈഡ്രജൻ വാതകത്തിന്റെ വമ്പിച്ച കേന്ദ്രഭാഗങ്ങളിൽ വാതകം തീരെ ഇല്ലെന്നുതന്നെ പറയാം. ഗാലക്സിയിലുള്ള രണ്ടുതരം നക്ഷത്രസമൂഹങ്ങളെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രഭാഗത്തുള്ള സമൂഹങ്ങളിൽ പെട്ട നക്ഷത്രങ്ങൾ കൂടുതൽ പ്രായം ചെന്നവയാണ്. അതേസമയം സർപ്പിലഭുജങ്ങളിലുള്ള സമൂഹം I-ൽ പെടുന്ന നക്ഷത്രങ്ങൾ ചെറുപ്പക്കാരും.