Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിസ്തൃതി അപാരമായതിനാൽ ഇവിടങ്ങളിൽ നന്നേ വിരളമായി കാണുന്ന പദാർത്ഥകണികകളെല്ലാം കൂട്ടിച്ചേർത്താൽ അത് പ്രപഞ്ചത്തിലിന്നുള്ള എല്ലാ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും മറ്റും ദ്രവ്യമാനത്തേക്കാൾ കൂടുതലായിരിക്കുമത്രേ.

ഇതു വിരൽ ചൂണ്ടുന്നത് സുപ്രധാനമായ ഒരു വസ്തുതയിലേക്കാണ്. അതായത് പ്രപഞ്ചത്തിലെങ്ങും പദാർത്ഥം വ്യാപരിച്ചുകിടക്കുന്നു; ഈ പദാർത്ഥം ചില ചില കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെട്ടതിന്റെ ഫലമാണ് നക്ഷത്രങ്ങളും ഗാലക്സികളും നെബുലകളും മറ്റും. പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ തടിച്ചുകൂടിയ വാതകപടലങ്ങളാണ് വാസ്തവത്തിൽ നക്ഷത്രങ്ങളുടെ ജന്മസ്ഥലം. ഈ നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിൽ ഇന്നു കാണുന്ന എല്ലാ മൂലകങ്ങളുടെയും ഉറവിടം. അവിടെവച്ചു ഹൈഡ്രജൻ ഹീലിയമാവുകയും അതു പിന്നീട് ഓക്സിജനും കാർബണും നിയോണുമായി മാറുകയും ചെയ്യുന്നു. നിയോൺ ക്രമേണ മഗ്നീഷ്യം, സിലിക്കോൺ, ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, നിക്കൽ തുടങ്ങിയ മൂലകങ്ങളായും മാറുന്നു.

ഭീമാകാരങ്ങളായ വാതകമേഘങ്ങൾ വിവിധ മേഖലകളിൽ കേന്ദ്രീകരിക്കുകയും, വർദ്ധിച്ച പ്രവേഗത്തോടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വമ്പിച്ച വാതകമേഘങ്ങളിൽതന്നെ, വിവിധ ഭാഗങ്ങളിൽ വസ്തുസഞ്ചയങ്ങൾ വീണ്ടും കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി അവ വ്യത്യസ്ത നക്ഷത്രങ്ങളായി തീരുന്നു. നക്ഷത്രങ്ങളാവാത്ത വസ്തുസഞ്ചയങ്ങൾ വാതകപാളികളായും നെബുലകളായും അവയ്ക്കിടയിൽ നിലകൊള്ളുന്നു.

ഇത്തരത്തിൽ രൂപംകൊള്ളുന്ന നക്ഷത്രങ്ങൾ ആദ്യകാലത്ത് താരതമ്യേന സാന്ദ്രത കൂടിയവയും അതാര്യമായവയുമാണ്. ഗുരുത്വാകർഷണം നിമിത്തം സങ്കോചിച്ചുകൊണ്ടിരിക്കുന്ന വാതകഗോളങ്ങളാണവ. സമ്മർദത്തിന്റെ വർദ്ധനവനുസരിച്ച് അവയുടെ ആന്തരികതലത്തിലെ താപനില വർദ്ധിച്ചുകൊണ്ടിരിക്കും. ആദ്യമാദ്യം പരമാണുകേന്ദ്രങ്ങളുടെ പ്രവേഗം മറ്റു കണികകളിലേയ്ക്കു തുളച്ചുകയറാൻ തക്ക ശക്തി നേടിയിട്ടുണ്ടാവില്ല. താപനില ഏതാണ്ട് പത്തുലക്ഷം ഡിഗ്രി സെന്റിഗ്രേഡായി ഉയരുന്നതോടെ ആദ്യത്തെ തെർമോ ന്യൂക്ലിയർ രാസപ്രക്രിയകൾ നടക്കുന്നു. ഈ പ്രക്രിയ മൂലമുണ്ടാകുന്ന ഊർജം സങ്കോചത്തെ മന്ദീഭവിപ്പിക്കുന്നു. പക്ഷേ ഡ്യുട്ടീരിയം താരതമ്യേന വളരെ ചെറിയ തോതിലേ നിലനിൽക്കുന്നുള്ളു എന്നതുകൊണ്ട് അവ വേഗത്തിൽ പ്രവർത്തിച്ചു തീരുന്നു. അപ്പോൾ നക്ഷത്രോപരിതലം വീണ്ടും പഴയപടി സങ്കോചിക്കാൻ തുടങ്ങും. താപം വീണ്ടും വർദ്ധിക്കുന്നതോടെ വീണ്ടും രാസപ്രക്രിയകൾ നടക്കുകയും മറ്റു പല മൂലകങ്ങളും ഹീലിയമായി മാറുകയും ചെയ്യുന്നു.