സ്ഫോടനനക്ഷത്രങ്ങളിൽ ഒരു പ്രത്യേക വർഗ്ഗത്തെ സൂപ്പർനോവകളെന്നു പറയുന്നു. ഇവയുടെ സ്ഫോടനവും അതോടൊപ്പമുണ്ടാകുന്ന പ്രകാശസ്ഫുരണവും അപാരമാണ്. സൂപ്പർനോവകൾ അവയുടെ പരമാവധി വികസിതാവസ്ഥയിൽ സൂര്യനെക്കാൾ ഒരു കോടി മുതൽ പത്തുകോടി മടങ്ങുവരെ പ്രകാശമുള്ളവയായിരിയ്ക്കും. നൂറു പ്രകാശവർഷങ്ങൾക്കകലെയാണ് ഒരു സൂപ്പർനോവ ഉണ്ടാകുന്നതെങ്കിൽ ഒരു പൂർണ്ണചന്ദ്രന്റെ പ്രകാശം നമുക്കപ്പോൾ ലഭ്യമാകും. സാധാരണ നോവകൾ നമ്മുടെ ക്ഷീരപഥത്തിൽ മാസത്തിലൊരിയ്ക്കലെന്ന ക്രമത്തിലെങ്കിലും കണ്ടുവരുമ്പോൾ സൂപ്പർനോവകൾ നാനൂറുവർഷം കൂടുമ്പോഴും മറ്റുമാണത്രെ പ്രത്യക്ഷപ്പെടുന്നത്.
സാധാരണ നോവകളിൽ സ്ഫോടനമുണ്ടാകുമ്പോൾ നക്ഷത്രങ്ങളുടെ ബാഹ്യതലങ്ങളിലുള്ള വസ്തുക്കൾ മാത്രമാണ് പുറത്തേയ്ക്കു വമിയ്ക്കുന്നത്. എന്നാൽ സൂപ്പർനോവകളിൽ പുറംപാളികളിൽ നിന്നു മാത്രമല്ല, ആന്തരിക തലങ്ങളിൽ നിന്നുകൂടി വസ്തുക്കൾ പുറത്തുചാടുന്നു. ഇത്തരം പൊട്ടിത്തെറികളുടെ പ്രാരംഭഘട്ടങ്ങളിൽ സെക്കന്റിൽ 5000 കി.മീറ്റർ വേഗത്തിലാണ് വസ്തുക്കൾ വമിയ്ക്കപ്പെടുന്നതെന്നു കണക്കാക്കിയിരിയ്ക്കുന്നു. കർക്കിടക നെബുല ഇപ്പോഴും സെക്കന്റിൽ 1000 കി. മീറ്റർ എന്ന കണക്കിനു വികസിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോൾ ഈ നെബുലയുടെ വ്യാസം ഏതാണ്ട് ആറു പ്രകാശവർഷത്തോളം വരും.
നക്ഷത്രങ്ങളുടെ ജീവചരിത്രം
മുകളിൽ വിവരിച്ച വിവിധ തരത്തിലുള്ള നക്ഷത്രങ്ങൾ ഇന്നു പ്രപഞ്ചത്തിലെങ്ങും നിലനിൽക്കുന്നുണ്ട്. ഈ വിവിധജാതി നക്ഷത്രങ്ങൾ എന്നെന്നും അതേപടി നിലനിൽക്കുന്നവയാണോ? ഒരിയ്ക്കലുമല്ല. അവ നിരന്തരം പരിവർത്തന വിധേയമായിക്കൊണ്ടിരിയ്ക്കുകയാണ്. വാസ്തവത്തിൽ ഈ വിവിധജാതി നക്ഷത്രങ്ങൾ ഓരോ നക്ഷത്രവും കടന്നു പോകുന്ന വിവിധ ഘട്ടങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ജീവതത്തിലെന്നപോലെ നക്ഷത്രങ്ങളുടെ ജീവിതത്തിലുമുണ്ട് ശൈശവവും കൗമാരവും യൗവനവും വാർദ്ധക്യവുമെല്ലാം.
എങ്ങനെയാണ് ഒരു നക്ഷത്രം ഉടലെടുക്കുന്നത്? പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങളാണ് നക്ഷത്രങ്ങളുടെയും അടിസ്ഥാനഘടകങ്ങളെന്നതിൽ സംശയമില്ല. പ്രപഞ്ചത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും ഹൈഡ്രജനും ഹീലിയവുമാണ്. ഇതിൽ തന്നെ ഹൈഡ്രജനാണ് അധികം. ഏറ്റവും പ്രാഥമിക മൂലകം ഹൈഡ്രജനാണെന്ന നിഗമനത്തിന് ഇന്ന് ഏറെക്കുറെ അംഗീകാരം ലഭിച്ചിട്ടുമുണ്ട്. ഹൈഡ്രജൻ നക്ഷത്രങ്ങളിലും മറ്റും മാത്രമല്ല നിലനിൽക്കുന്നത്. നാം ശൂന്യാകാശമെന്നു വിളിയ്ക്കുന്ന അതിവിപുലമായ നക്ഷത്രാന്തരമേഖലകളിലും പദാർത്ഥകണികകൾ - പ്രധാനമായും ഹൈഡ്രജൻ - നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ ഈ മേഖലയുടെ