Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RR ലൈറേ അസ്ഥിരങ്ങളെന്നും വിളിക്കുന്നു. ഒരു ദിവസത്തിൽ കൂടുതലുള്ളവയെല്ലാം 'ക്ലാസിക്കൽ സെഫീഡുകൾ' എന്നു വിളിക്കുന്നു.

സ്ഫോടനാസ്ഥിരനക്ഷത്രങ്ങൾ അഥവാ നോവകൾ അതിവേഗത്തിലും വമ്പിച്ച തോതിലും ദീപ്തി വർദ്ധിപ്പിക്കുന്നു. ഇങ്ങനെ പ്രകാശസ്ഫുരണത്തിലുണ്ടാകുന്ന വർദ്ധനവ് പലപ്പോഴും പതിനായിരം മുതൽ പത്തുലക്ഷം മടങ്ങുവരെയായിരിക്കും. ഈ വമ്പിച്ച പ്രകാശവർദ്ധനവുണ്ടാകുന്നതാകട്ടെ ഒന്നൊ രണ്ടോ ദിവസം മുതൽ രണ്ടോ മൂന്നോ ആഴ്ചകൾവരെയുള്ള കാലഘട്ടത്തിനിടയ്ക്കാണ്. അതിനു ശേഷം ആദ്യം അതിവേഗത്തിലും പിന്നീട് പതുക്കെയും പ്രകാശം കുറഞ്ഞുവരുന്നു. സാധാരണയായി ഇത്തരം നോവാസ്ഫോടനം ഓരോ നക്ഷത്രങ്ങളുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാകുന്നുള്ളു എന്നു കരുതപ്പെടുന്നു. പക്ഷേ, ഈ നിഗമനം സ്ഥിരീകരിക്കപ്പെടാൻ തക്ക തെളിവുകൾ ലഭ്യമായിട്ടില്ല.

നോവാവിസ്ഫോടനസമയത്ത് നക്ഷത്രങ്ങൾ അത്യധികം വികസിക്കുന്നതായി കാണപ്പെടുന്നു. ഈ സ്ഫോടനത്തിനുശേഷം പല നോവകളുടെയും ചുറ്റും നെബുലപോലെയുള്ള ആവരണങ്ങൾ വമിക്കപ്പെട്ട നക്ഷത്രവസ്തുക്കളാൽ രൂപീകൃതമാകുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഫോടനമുണ്ടാകുന്നതിനു കാരണമെന്താണെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സ്ഥിരസ്ഥിതാവസ്ഥയിൽ ഒരു നക്ഷത്രം സ്ഥിതിചെയ്യുമ്പോൾ അതിനുള്ളിൽ പുറത്തുനിന്നും ചുമത്തപ്പെടുന്ന ഗുരുത്വാകർഷണമർദ്ദവും വാതകങ്ങളുടെയും റേഡിയോ പ്രസരങ്ങളുടെയും മർദ്ദവും തമ്മിൽ ഒരു സന്തുലനം നിലനിൽക്കേണ്ടതതാവശ്യമാണ്. ഏതെങ്കിലും ഭാഗത്ത് ഈ സന്തുലിതാവസ്ഥയ്ക്കു തകരാറു സംഭവിച്ചാൽ പെട്ടെന്ന് വമ്പിച്ച തോതിൽ നക്ഷത്രത്തിൽ നിന്ന് ഊർജവും വസ്തുക്കളും പുറത്തേക്കു വമിക്കുകയും സന്തുലിതാവസ്ഥയിൽ പ്രകടമായൊരു മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ മുക്തമാക്കപ്പെടുന്ന ഊർജം നക്ഷത്രത്തിനുള്ളിലെ വാതകത്തെ കൂടുതൽ തപിപ്പിക്കുകയും, അതു നക്ഷത്രത്തിന്റെ ഉപരിതലപാളികളെ വികസിപ്പിക്കുകയും ചെയ്യും. എല്ലാ നക്ഷത്രങ്ങളും ഇത്തരമൊരു നോവാഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ടോ എന്നുള്ള പ്രശ്നത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. ചിലരങ്ങിനെ കരുതുന്നുണ്ട്. മറ്റു ചിലരുടെ അഭിപ്രായത്തിൽ ചില പ്രത്യേക നക്ഷത്രങ്ങൾ മാത്രമേ ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുള്ളു. പക്ഷേ, വിവിധ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നോവകളുടെ എണ്ണം നോക്കുമ്പോൾ അതൊരു സാധാരണ പ്രതിഭാസമാണെന്നു കരുതേണ്ടിവരും. ഒരിക്കൽ നമ്മുടെ സൂര്യനും പെട്ടെന്നു നോവഘട്ടത്തിലേയ്ക്കു പ്രവേശിക്കുകയാണെങ്കിൽ അതോടുകൂടി ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും അന്ത്യം കുറിച്ചതുതന്നെ.