താൾ:പ്രപഞ്ചവും മനുഷ്യനും.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലൻ-മേഘങ്ങളുമുൾപ്പെടുന്നു. ആൻഡ്രോമിഡ എം.31-ലെ വലിയ നെബുലയും മറ്റേ മൂന്നെണ്ണത്തിലൊന്നാണ്.

ക്ഷീരപഥം

നമ്മുടെ ഗാലക്സിയെ ആകാശഗംഗ എന്നും ക്ഷീരപഥം എന്നുമെല്ലാം വിളിച്ചുവരുന്നു. നമ്മുടെ ഗാലക്സിയെ ശരിയായവിധം നിരീക്ഷിക്കാൻ പറ്റാത്ത സ്ഥാനത്താണ് നമ്മുടെ നില. സൗരയൂഥം സ്ഥിതിചെയ്യുന്നത് നമ്മുടെ ഗാലക്സിയുടെ പുറംപാളികളിലാണ്. മാത്രമല്ല ധൂളിപടലങ്ങൾ നിറഞ്ഞ ഒരു പ്രദേശത്താണ് നാം സ്ഥിതിചെയ്യുന്നതെന്നതുകൊണ്ട് ഈ ഗാലക്സിയുടെ മറ്റു മേഖലകൾ ഒരു ദിശയിൽ കൂടിയും അധികദൂരം കാണാൻ നമുക്കു കഴിയില്ല. ഈ ധൂളിപടലം ഏറ്റവും കട്ടിയിൽ സ്ഥിതിചെയ്യുന്നത് ഗാലക്സിയുടെ കേന്ദ്രത്തിലേയ്ക്കുള്ള ദിശയിലാണ്. ബാഹ്യമേഖലകളിലെ മറ്റു പല ഗാലക്സികളിലുമുള്ളതുപോലെ നമ്മുടെ ഗാലക്സിക്കു ചുറ്റും ഒരു ആച്ഛാദനവലയം ഉണ്ടെന്നു കരുതപ്പെടുന്നു.

വളരെ ദൂരെ ചെന്നുനിന്ന് നമ്മുടെ ഗാലക്സിയിലേയ്ക്കു നാം നോക്കുകയാണെങ്കിൽ അതു വൃത്താകാരത്തിൽ പരന്ന ഒരു ബഹൃത്തായ നക്ഷത്രസഞ്ചയമാണെന്നേ തോന്നൂ. അതിന്റെ പരിധികളിൽനിന്ന് ഒട്ടേറെ സർപ്പിലഭുജങ്ങൾ പുറത്തോട്ടു തള്ളിനില്ക്കുന്നതും കാണാം. ഇങ്ങനെയൊരു ഭുജത്തിലാണ് നമ്മുടെ സൗരയൂഥം സ്ഥിതിചെയ്യുന്നത്. ഈ നക്ഷത്രസഞ്ചയത്തിന്റെ പ്രധാന തലത്തിലെ വ്യാസമേതാണ്ട് 100,000 പ്രകാശവർഷങ്ങളാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതും വിട്ട് ഏതാണ്ട് 15,000 പ്രകാശവർഷങ്ങൾ വരെയുള്ള മേഖലകളിൽ അസംഖ്യം നക്ഷത്രങ്ങൾ ചിന്നിച്ചിതറി കിടക്കുന്നു. സൂര്യൻ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് ഈ ഗാലക്സിയിൽ ഏതാണ്ട് 3000 പ്രകാശവർഷങ്ങൾ കനത്തിലാണ് നക്ഷത്രങ്ങൾ നിലകൊള്ളുന്നത്. കേന്ദ്രസ്ഥാനത്താകട്ടെ, 15,000 പ്രകാശവർഷം കനത്തിലാണ് നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞു നില്ക്കുന്നത്. ഈ കേന്ദ്രവൃത്തത്തിന്റെ പരിധിവിട്ട് ഏതാണ്ട് 10,000 പ്രകാശവർഷങ്ങൾക്കകലെയാണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്.

മറ്റെല്ലാ ഗാലക്സികളെയുംപോലെ നമ്മുടെ ഗാലക്സിയും നിരന്തരം അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ അഞ്ചുലക്ഷം മൈലാണ് നമ്മുടെ ഗാലക്സിയുടെ ചലനവേഗത. ഇതുകൂടാതെയാണ് നാം സൂര്യനു ചുറ്റും മണിക്കൂറിൽ അറുപത്തെണ്ണായിരം മൈൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ഭൂമധ്യരേഖയോടടുത്തു ജീവിക്കുന്ന നാം മണിക്കൂറിൽ ആയിരത്തിലേറെ നാഴിക വേഗത്തിലാണ് സദാ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഗാലക്സിയിൽ നക്ഷത്രങ്ങൾ മാത്രമല്ല ഉള്ളത്. ദീപ്തവും ഇരുണ്ടതുമായ മേഘങ്ങൾകൂടിയുണ്ട്. ഈ ഗാലക്സിയിൽ നാം സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള വസ്തുസഞ്ചയത്തിൽ പകുതിയും വ്യാപൃതവും