Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ളത്. നെബുലകളിൽ പരമാണുക്കളും തന്മാത്രകളും ധൂളികണികകളും വലിയ കണികകളുമെല്ലാം ഉൾപ്പെടുന്നു. നെബുലകളുടെ അവ്യക്തരൂപത്തിനു പ്രധാന കാരണം ധൂളിപടലങ്ങളാണ്. ഇവയുടെ തോത് പല നെബുലകളിലും വ്യത്യസ്തമായിരിക്കും.

നക്ഷത്രങ്ങൾ പലതരം

നക്ഷത്രങ്ങൾ പ്രധാനമായും മൂന്നു തരത്തിൽ കണ്ടുവരുന്നു: പ്രധാനാനുക്രമനക്ഷത്രങ്ങൾ, രക്തരാക്ഷസന്മാർ, വെള്ളക്കുള്ളന്മാർ. ആദ്യത്തെ വിഭാഗത്തിൽപ്പെട്ടവയാണ് ഏറ്റവും അധികമുള്ളത്. സൂര്യൻ അതിൽപ്പെട്ട ഒരു ഇടത്തരക്കാരനാണ്. അവയുടെ വലിപ്പം ഏറെക്കുറെ സമാനമാണ്; ചെറിയ തോതിലുള്ള വ്യത്യാസമുണ്ടാവാമെങ്കിലും. ഈ നക്ഷത്രങ്ങൾക്കു ദ്രവ്യമാനം കൂടുതലാണെങ്കിൽ അവയുടെ ദീപ്തിയും വർദ്ധിച്ചിരിക്കും. ദ്രവ്യമാനം കുറഞ്ഞവ താരതമ്യേന മങ്ങിയവയുമായിരിക്കും. ഏറ്റവും പ്രകാശമേറിയ പ്രധാനാനുക്രമനക്ഷത്രങ്ങളുടെ ഉപരിതല താപനില അത്യധികം ഉയർന്നതായിരിക്കും. നീലയോ നീലകലർന്ന വെളുപ്പോ ആയിരിക്കും ഇവയുടെ നിറം. രക്തരാക്ഷസന്മാരും വെള്ളക്കുള്ളന്മാരും തികച്ചും വ്യത്യസ്തങ്ങളാണ്. രക്തരാക്ഷസന്മാരുടെ പ്രകാശം ഉജ്ജ്വലമാണെങ്കിലും അവയുടെ ഉപരിതല താപനില താരതമ്യേന കുറവാണ്. തന്മൂലം, അവ അത്യധികം വലിയവയാണ്. ഈ വിഭാഗത്തിലെ ഏറ്റവും വലിയവയും ഏറ്റവും പ്രകാശമേറിയതുമായ അന്റാരിസും (തൃക്കേട്ട) ബൈറ്റൽഗ്യുസും (തിരുവാതിര) അതിരാക്ഷസന്മാരാണ്. വെള്ളക്കുള്ളന്മാരാകട്ടെ കുറഞ്ഞ പ്രകാശമുള്ളവയും ഉയർന്ന ഉപരിതല താപനിലയുള്ളവയുമാണ്. അവ വലിപ്പത്തിന്റെ കാര്യത്തിൽ ഗ്രഹങ്ങളോട് താരതമ്യപ്പെടുത്താവുന്നവയാണ്. വെള്ളക്കുള്ളന്മാരെക്കാൾ ചെറിയ കറുത്ത കുള്ളന്മാരെയും ആകാശത്തു കാണാവുന്നതാണ്. പക്ഷേ അവ പ്രകാശിക്കാത്തതുകൊണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല.

ഈ വിവിധതരം നക്ഷത്രങ്ങളിലെ വസ്തുസഞ്ചയത്തിന്റെ സാന്ദ്രതയിൽ വിപുലമായ വൈവിധ്യം കണ്ടുവരുന്നു. സൂര്യന്റെ ശരാശരി സാന്ദ്രത ജലത്തിന്റെ സാന്ദ്രതയേക്കാൾ അല്പം കൂടുതലാണ്; അതേസമയം ഭീമാകാരനായ ഉത്രട്ടാതിയുടേത് ജലത്തിന്റെ സാന്ദ്രതയുടെ പത്തുലക്ഷത്തിലൊരംശത്തേക്കാൾ കുറവാണ്! മറിച്ച് ഒരു വെള്ളക്കുള്ളന്റെ ശരാശരി സാന്ദ്രത ജലത്തിന്റേതിനേക്കാൾ ലക്ഷം മടങ്ങ് കൂടുതലാണ്.

ഇവയെ കൂടാതുള്ള ഒരു വിഭാഗം നക്ഷത്രങ്ങളാണ് അസ്ഥിരനക്ഷത്രങ്ങൾ. ഇവയുടെ ദീപ്തി ആവർത്തികമായി മാറിക്കൊണ്ടിരിക്കും. ഇവ പ്രധാനമായും രണ്ടുതരമുണ്ട്: പ്രകമ്പനാസ്ഥിരനക്ഷത്രങ്ങളും സ്ഫോടനാസ്ഥിരനക്ഷത്രങ്ങളും. പ്രകമ്പനാസ്ഥിരങ്ങളുടെ കാലയളവ് അരമണിക്കൂർ മുതൽ ആയിരം വർഷം വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ദിവസത്തിൽ കൂടുതലുള്ളവയെല്ലാം ഏകരൂപമായ ഒരു വിഭാഗത്തിലുൾപ്പെടുന്നു. അവയെ