താൾ:പ്രപഞ്ചവും മനുഷ്യനും.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാന്ദ്രത കുറഞ്ഞതുമായ ആച്ഛാദനവസ്തുക്കളുടെ രൂപത്തിലാണെന്നു കരുതപ്പെടുന്നു. ഇതിൽ ബഹുഭൂരിപക്ഷവും വാതകങ്ങളാണ്; പ്രധാനമായും ഹൈഡ്രജൻ കൂടാതെ ഒരു ശതമാനത്തോളം പൊടിപടലങ്ങളും. ഇങ്ങനെയുള്ള നക്ഷത്രാന്തരവസ്തുക്കൾ ഊഹാതീതമാം വണ്ണം നേർത്ത തോതിലാണുള്ളത്. നാം ശൂന്യാകാശമെന്നു വിളിക്കുന്ന മേഖലകളിലെല്ലാം ഈ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഒരു ഘനസെന്റിമീറ്ററിൽ ഒരു ആറ്റം എന്നുള്ള തോതിലാണ് ഈ പ്രാപഞ്ചികമേഖലകളിൽ പദാർത്ഥം നിലനിൽക്കുന്നത്! പക്ഷേ ഇത് എല്ലായിടത്തും ഈ രീതിയിലല്ല. പലയിടത്തും കനത്ത മേഘങ്ങളുടെ രൂപത്തിലാണ് ഈ നക്ഷത്രാന്തരവസ്തുക്കൾ സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് പ്രകാശവർഷങ്ങൾ വിസ്തൃതിയുള്ള പല മേഘപാളികളെയും നമ്മുടെ ഗാലക്സിക്കുള്ളിൽതന്നെ കണ്ടെത്താവുന്നതാണ്.

ക്ഷീരപഥത്തിനുള്ളിൽ തന്നെ ഒട്ടേറെ നെബുലകളുണ്ട്. പക്ഷേ, ഇവ നമ്മുടെ ഗാലക്സിക്കു പുറത്തുള്ള നെബുലകളിൽനിന്നു വ്യത്യസ്തമാണ്. ബാഹ്യനെബുലകൾ ക്ഷീരപഥത്തോട് ഏറെക്കുറെ സദൃശ്യമായതിനാൽ അവയെയും ഗാലക്സികളെന്നാണു വിളിക്കുന്നതെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. അതിൽനിന്നു വ്യത്യസ്തമായി നമ്മുടെ ഗാലക്സിക്കുള്ളിലുള്ള നെബുലകളെ ഗ്രഹനെബുലകളെന്നാണു വിളിക്കുന്നത്. അവ ഗ്രഹങ്ങളെപ്പോലെ ചലിക്കുന്നില്ലെങ്കിലും ഈ ഗ്രഹനെബുലകളുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടായിരിക്കും. ഈ നെബുലകളിൽ പലതും വലയാകൃതിയിലായിരിക്കും. കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഉത്തേജനം നിമിത്തം ഈ വലയാവരണവും ദീപ്തമാനമാകും. ഈ നെബുലകളുടെ വ്യാസം പലപ്പോഴും സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദൂരത്തിന്റെ പതിനായിരം മടങ്ങായിരിക്കും! എങ്കിലും അവയുടെ ദ്രവ്യമാനം സൂര്യന്റെ ദ്രവ്യമാനത്തിന്റെ അഞ്ചിലൊന്നിൽ താഴെയായിരിക്കും താനും. ഇതിനുകാരണമുണ്ട്. ഈ നെബുലകൾ പ്രകാശം വമിക്കുന്ന വെറും നിർവാതഘടനകളത്രെ. അവ അത്യന്തം വലുതായതുകൊണ്ടാണ് നാം അവയെ കാണാനിടയാവുന്നത്. വാസ്തവത്തിൽ നമ്മുടെ ദൃഷ്ടിയിൽ പെടാൻ വയ്യാത്തത്ര സാന്ദ്രത കുറഞ്ഞ സ്ഥിതിയിലാണ് അവയിലെ പദാർത്ഥസഞ്ചയങ്ങൾ.

ഗ്രഹനെബുലകൾക്കു നിയതമായ രൂപമുണ്ട്. അവ സ്വന്തം കേന്ദ്രത്തിൽനിന്നുകൊണ്ട് ഭ്രമണം നടത്തുന്നതിനാൽ ആ രൂപം എന്നും നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ നിയതരൂപമില്ലാത്തതും വ്യാപൃതവുമായ നെബുലകളാണ് നമ്മുടെ ഗാലക്സിയിൽ അവയെക്കാളധികമുള്ളത്. ഇവ രണ്ടുതരമുണ്ട് ദീപ്തങ്ങളും ഇരുണ്ടവയും. ദീപ്തപ്രസരിത നെബുലകളിൽ ജ്വലിക്കുന്ന മേഘങ്ങൾ തോന്നിയമാതിരി ചലിച്ചുകൊണ്ടിരിക്കുകയാണ്. ഇവ പ്രകാശം വമിക്കുന്നതായി തോന്നാൻ കാരണം അവയോടു ചേർന്നുള്ള ഒന്നോ അതിലധികമോ നക്ഷത്രങ്ങളാണെന്നു കരുതപ്പെടുന്നു. അതേസമയം നക്ഷത്രങ്ങളില്ലാത്ത വാതക-ധൂളിപടലങ്ങൾ ഇരുണ്ടതായി കാണപ്പെടുന്നു. സാധാരണയായി ഇരുണ്ട നെബുലകളാണ് ദീപ്തനെബുലകളെക്കാളധികമു