Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലത്തിന്റെ ഗതിക്രമത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമൂർത്തമായ പരിവർത്തനങ്ങളിൽനിന്നു കാലം സ്വതന്ത്രമാണെന്നു ന്യൂട്ടൻ സമർത്ഥിക്കുകയുണ്ടായി. 'നിരപേക്ഷമായ, യഥാർത്ഥവും ഗണിതശാസ്ത്രപരവുമായ, കാലം ബാഹ്യമായിട്ടുള്ള ഒന്നുമായും ബന്ധപ്പെടാതെ തനതായ രീതിയിൽ ഏകരൂപമായി ഒഴുകിക്കൊണ്ടിരിക്കുന്നു.' മറ്റെന്തെങ്കിലും മാറുന്നോ ഇല്ലയോ എന്നു നോക്കാതെ സമയം ഏകരൂപമായി ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാ പദാർത്ഥവും സ്ഥലത്തിൽ സ്ഥിതിചെയ്യുന്നപോലെ കാലം എല്ലാ മാറ്റങ്ങളെയും ഉൾക്കൊള്ളുന്നു.

ഉള്ളടക്കത്തിൽനിന്ന് സ്വതന്ത്രമായ കാലത്തിന്റെ നിലനിൽപ്പ് അതിന്റെ ഏകാത്മകതയുടെ ഫലമാണ്. സമൂർത്തമായ മാറ്റങ്ങൾ എല്ലായ്പ്പോഴും ഭിന്നാത്മകങ്ങളാണ്. അനുക്രമികമായുണ്ടാവുന്ന ഭൗതികമാറ്റങ്ങൾ വ്യത്യസ്തങ്ങളായിരിക്കുമ്പോൾ യഥാർത്ഥ സമയം അടിസ്ഥാനപരമായ ഒരു മാറ്റവും കൂടാതെ നിലനിൽക്കുന്നു. ഗുണത്തെ സംബന്ധിച്ചിടത്തോളം നിമിഷങ്ങളെല്ലാം തികച്ചും സമാനങ്ങളാണ്. കാലത്തിന്റെ ശ്രേണിയിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നതു മാത്രമാണ് അവയ്ക്കുള്ള വ്യത്യാസം.

സ്ഥലത്തിന്റെ അനന്തതയെപ്പോലെതന്നെ കാലവും അനന്തമാണെന്നു കരുതപ്പെട്ടു. പ്രപഞ്ചം (ദൈവത്താൽ) സൃഷ്ടിക്കപ്പെട്ടതാണെന്നു കരുതിയവർ പോലും കാലം ആ ദൈവസൃഷ്ടിക്കു മുൻപും നിലനിന്നിരുന്നുവെന്നു കരുതി. കാലത്തിൽ പ്രപഞ്ചത്തിന്റെ ആരംഭം സംഭവിച്ചു എന്നല്ലാതെ അതു കാലത്തിന്റെ ആരംഭമായിരുന്നുവെന്ന് അവർ കണക്കാക്കുന്നില്ല. ഇതുപോലെതന്നെ അവിച്ഛിന്നതയും അഥവാ അനന്തമായ വിഭാജ്യതയും കാലത്തിന്റെ സവിശേഷസ്വഭാവമായി കണക്കാക്കപ്പെട്ടു. കാലത്തിന്റെ വിഭാജ്യതയിൽ എന്തെങ്കിലും പരിമിതിയുണ്ടെന്നു കരുതുന്നത് യുക്തിഹീനമാണ്. കാലത്തെ അനന്തമായി വിഭജിക്കാൻ കഴിയും. ഉദാഹരണത്തിനു ഗാമാരശ്മികൾ ഒരു കമ്പനത്തിനെടുക്കുന്ന സമയം 10-20 സെക്കൻഡാണ്.

സമയത്തിന്റെ ഏകാത്മകത കാലത്തിനുള്ള പ്രകൃതിയുടെ ഏകത്വത്തിനു നിദാനമായി കണക്കാക്കപ്പെട്ടുവന്നു. പ്രകൃതിനിയമങ്ങൾ എക്കാലവും സാർവത്രികമാണെന്ന വിശ്വാസത്തിനു നിദാനവും ഇതുതന്നെയായിരുന്നു.

സ്ഥലവും കാലവും പരസ്പരം സ്വതന്ത്രങ്ങളാണെന്നു വന്നപ്പോൾ സ്ഥലത്തിന്റെ കാലരാഹിത്യവും കാലത്തിന്റെ സ്ഥലരാഹിത്യവും കർക്കശമായി വേർതിരിക്കപ്പെട്ടു. സാപേക്ഷതാസിദ്ധാന്തം രംഗപ്രവേശം ചെയ്യുന്നതിനുമുമ്പ് ഈ വിഭജനത്തെ ചോദ്യം ചെയ്യാൻ ഒരു ഭൗതികശാസ്ത്രജ്ഞനും ഒരുമ്പെട്ടിരുന്നില്ല. എങ്കിലും സ്ഥലത്തിന്റെയും കാലത്തിന്റെയും പരസ്പരബന്ധത്തെക്കുറിച്ച് അടിസ്ഥാനപരമായ പല പ്രശ്ന