താൾ:പ്രപഞ്ചവും മനുഷ്യനും.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പക്ഷേ, ഈതറിന്റെ അസ്തിത്വം തെളിയിക്കാനായി 1887-ൽ മൈക്കൽസണും മോർലിയും നടത്തിയ പരീക്ഷണങ്ങൾ അനുകൂലഫലമുളവാക്കിയില്ല. ഭൂമി നീങ്ങിക്കൊണ്ടിരിക്കുന്നത് ഈതറിലൂടെയാണെങ്കിൽ ആ ദിശയിൽ സഞ്ചരിക്കുന്ന പ്രകാശരശ്മികൾക്ക് എതിർദിശയിലേക്ക് സഞ്ചരിക്കുന്ന പ്രകാശരശ്മികളേക്കാൾ വേഗം കൂടുതലുണ്ടാവണം. ആവർത്തിച്ച് നടത്തിയ പരീക്ഷണങ്ങളിൽ, പ്രകാശരശ്മികൾക്ക് ഇവ്വിധം വേഗവ്യത്യാസം സംഭവിക്കുന്നില്ലെന്നു തെളിയുകയുണ്ടായി. അങ്ങനെ വരുമ്പോൾ ഈതർ നിലനിൽക്കുന്നില്ലെന്ന് കരുതേണ്ടിവരും. ജി.എഫ്. ഫിറ്റ്സ് ജെറാൾഡ്, എച്ച്.ഏ ലോറൻസ് എന്നിവർ ഇതിന് വിശദീകരണം നൽകാനായി ചില സങ്കല്പങ്ങൾ പടുത്തുയർത്തുകയുണ്ടായി. എന്നാൽ അവ പരിഹാരമേകിയില്ല.

ഈ സന്ദർഭത്തിലാണ് ഐൻസ്റ്റീൻ തന്റെ സാപേക്ഷതാ സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്തുകൊണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമേകുന്നത്. പ്രകാശത്തിന്റെ പ്രവേഗം പ്രപഞ്ചത്തിലെ ഒരു സ്ഥിരാങ്കമാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അപ്പോൾ പിന്നെ ഈതറിന്റെ ആവശ്യമില്ല. അങ്ങനെ മൈക്കൽസൺ-മോർലി ഗവേഷണം സൃഷ്ടിച്ച പ്രഹേളിക അവസാനിച്ചു.

പക്ഷേ, ഇതോടെ വേറെ ചില പ്രശ്നങ്ങൾ ആവിർഭവിച്ചിരുന്നു. പ്രകാശവേഗം അളക്കണമെങ്കിൽ കാലദൈർഘ്യം അളക്കേണ്ടതുണ്ട്. കാലമാപനങ്ങളുടെ അടിസ്ഥാനം സംഭവങ്ങളുടെ ഏകകാലികത്വം യഥാർത്ഥ്യമാണെന്ന ആശയമാണ്. എന്നാൽ ഏകകാലികത്വത്തിന്റെ പ്രശ്നത്തിൽ പല സങ്കീർണ്ണതകളും അടങ്ങിയിട്ടുണ്ട്.

പ്രകാശത്തിന്റെ പ്രവേഗം സ്ഥിരമായി നിശ്ചയിക്കപ്പെട്ടതോടെ 'ഇപ്പോൾ കണ്ടതും' 'ഇപ്പോൾ ഉള്ളതും' തമ്മിൽ വിവേചിക്കേണ്ടി വന്നു. ഉദാഹരണത്തിന്, തെളിഞ്ഞ ഒരു രാത്രിയിൽ നാം ആകാശത്തേയ്ക്കു നോക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളെല്ലാം അപ്പോൾ നിലനിൽക്കുന്ന അവസ്ഥയിലല്ല; മുമ്പ് നിന്നിരുന്ന രൂപത്തിലാണ്. എന്തുകൊണ്ടെന്നാൽ, ആ നക്ഷത്രങ്ങളിൽനിന്ന് പ്രകാശരശ്മികൾ നമ്മുടെ നേത്രങ്ങളിൽ വന്നുപതിക്കുന്നതിന് നിയതമായ ഒരു കാലയളവ് ആവശ്യമാണ്. അപ്പോൾ അത്രയും കാലത്തിനുമുമ്പുള്ള നക്ഷത്രത്തെയാണ് നാം കാണുന്നത്. അതായത്, വ്യത്യസ്തകാലങ്ങളിൽ നടന്ന സംഭവങ്ങളാണ് ഒരേസമയത്ത് നമ്മുടെ അറിവിൽ പെടുന്നത്. നമ്മുടെ ഇന്ദ്രിയങ്ങളിൽ ഒരേ സമയം അവ ഒത്തുചേരുന്നു എന്ന ഏകകാലികത്വമല്ലാതെ വാസ്തവത്തിൽ, വിവിധ നക്ഷത്രങ്ങളിൽനിന്ന് പ്രകാശരശ്മികൾ പുറപ്പെടുന്നത് ഏകകാലികമായിട്ടല്ല. പക്ഷേ, ഒരേസമയം അവ നമ്മുടെ നേത്രങ്ങളിൽ വന്നു പതിക്കുന്നതുകൊണ്ട് അവ ഏകകാലികമാണെന്ന് നാം കരുതുന്നു എന്നുമാത്രം. ചുരുക്കത്തിൽ ഒരിടത്തുണ്ടാകുന്ന ഏകകാലബോധം പലേടത്തുമുണ്ടാകുന്ന ഏകകാലബോധത്തോട് തുല്യമാണോ എന്ന പ്രശ്നമുദിക്കുന്നു.