Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിബദ്ധസ്ഥലമാണ് പദാർത്ഥമെന്ന് നിർവചിക്കപ്പെട്ടതോടെ, സ്വതന്ത്രവും മാറ്റമില്ലാത്തതുമായ മാധ്യമവും, അതിൽ സ്ഥിതിചെയ്യുന്ന മാറിക്കൊണ്ടിരിക്കുന്ന ഭൗതിക ഉള്ളടക്കവും തമ്മിൽ വ്യക്തമായ വിവേചനം സാദ്ധ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചലമായ സ്ഥലത്തിൽ പദാർത്ഥം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതപ്പെട്ടു. ഇങ്ങനെ സ്ഥലത്തെയും പദാർത്ഥത്തെയും വേർതിരിച്ചുകണ്ടതുകൊണ്ടാണ് ഭൗതികവസ്തുക്കളുടെ സ്ഥാനാന്തരണത്തിന് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞത്. യഥാർത്ഥമായ സ്ഥിരത സ്ഥലത്തിന് മാത്രമാണുള്ളത് എന്നും സിദ്ധാന്തിക്കപ്പെടുകയുണ്ടായി.

പ്രപഞ്ചത്തിൽ സ്ഥലത്തിന് അചഞ്ചലവും സ്ഥായിയുമായ പദവി ലഭിച്ചതോടെ, പഴയ ഡിമോക്രിറ്റസിന്റെ പരമാണുക്കൾ രണ്ടാം സ്ഥാനത്തേക്ക് തള്ളിനീക്കപ്പെട്ടു. എന്തുകൊണ്ടെന്നാൽ പരമാണുക്കൾക്ക് അഥവാ പദാർത്ഥത്തിന് നിലനിൽക്കുന്നതിന് സ്ഥലം വേണം. എന്നാൽ സ്ഥലത്തിന് പദാർത്ഥത്തെ കൂടാതെ നിലനിൽക്കാൻ കഴിയും. തന്മൂലം, പഴയ പരമാണുവാദാധിഷ്ടിതശാസ്ത്രപ്രകാരം, യുക്തിപരമായി നോക്കുമ്പോൾ, സ്ഥലം ഭൗതികവസ്തുക്കളെക്കാൾ മുമ്പുള്ളതായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പഴയ ഭൗതികശാസ്ത്രവും അതേതുടർന്ന് വളർന്നുവന്ന യാന്ത്രിക തത്ത്വചിന്തയും, പദാർത്ഥമാണ് ഏകയാഥാർത്ഥ്യമെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചിരുന്നു. എന്നാൽ, ശൂന്യമായ സ്ഥലത്തിന്റെ അസ്ഥിത്വത്തെ അവർ നിശ്ശബ്ദമായി അംഗീകരിച്ചിരുന്നു. അവരുടെ ദൃഷ്ടിയിൽ പദാർത്ഥം സമൂർത്തവും സ്ഥലം അമൂർത്തവുമായിരുന്നു. അതുകൊണ്ടുതന്നെ, സ്വാഭാവികമായും, സമൂർത്തമായ പദാർത്ഥത്തെക്കാൾ ഉന്നതമായ ഒരു പദവി അമൂർത്തമായ സ്ഥലത്തിന് നൽകാൻ അവർക്കു കഴിയില്ല. പക്ഷേ, അവരതംഗീകരിച്ചിരുന്നില്ലെങ്കിലും, അവരുടെ പ്രാപഞ്ചിക വീക്ഷണത്തിൽ സ്ഥലമാണ് പ്രാമാണികസ്ഥാനം അലങ്കരിച്ചിരുന്നത്.

മറ്റെല്ലാ ഭൗതികവസ്തുക്കളിൽനിന്നും സ്വതന്ത്രമായിക്കൊണ്ടുള്ള സ്ഥലത്തിന്റെ അസ്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഏറെക്കുറെ ചോദ്യം ചെയ്യാതെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ബെർട്രന്റ് റസ്സൽ, തന്റെ സുപ്രസിദ്ധമായ 'ഗണിതശാസ്ത്രതത്ത്വ'ങ്ങളിൽ, 1903-ൽ ഇങ്ങനെ പറഞ്ഞു: 'സ്ഥലത്തിൽ മറ്റു സത്തകൾ നിലനിൽക്കുന്നുണ്ടെന്നതിന് യുക്തിപരമായ ഒരു സൂചനയുമില്ല. സ്ഥലം നിലനിൽക്കുന്നു എന്നതുകൊണ്ട് അതിൽ വസ്തുക്കൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് അർത്ഥമാകുന്നില്ല'.

സ്ഥലത്തിന്റെ സ്വതന്ത്രവും മാറ്റമില്ലാത്തതുമായ നിലനിൽപ്പുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് അതിന്റെ ഏകാത്മകത്വം. സ്ഥലം അതിന്റെ ഭൗതിക-ഉള്ളടക്കത്തിൽ നിന്നു വിഭിന്നമാക്കപ്പെട്ടപ്പോൾ തന്നെ അതിന്റെ ഏകാത്മകത്വം സ്ഥാപിക്കപ്പെട്ടിരുന്നു. ഗ്രീക്കുപരമാണുവാദികൾ തന്നെ ഇക്കാര്യം സിദ്ധാന്തിച്ചിരുന്നു. അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ